ഉത്തര്‍പ്രദേശിലേക്ക് 10 ലക്ഷം മരുന്ന് കിറ്റുകള്‍ നല്‍കി പ്രിയങ്ക ഗാന്ധി; ‘സേവ സത്യാഗ്രഹ’യുമായി കോണ്‍ഗ്രസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ‘സേവ സത്യാഗ്രഹ’ പരിപാടി ആരംഭിച്ച് കോണ്‍ഗ്രസ്. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സംസ്ഥാനത്തേക്ക് നല്‍കിയ 10 ലക്ഷം മരുന്ന് കിറ്റുകള്‍ വിതരണം ചെയ്യുന്ന പരിപാടിയാണ് ‘സേവ സത്യാഗ്രഹ’.

ഉത്തര്‍പ്രദേശിന്റെ സംഘടന ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി. സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിച്ചിരിക്കുന്ന മരുന്നുകള്‍ വിവിധ ജില്ലകളിലായി വിതരണം ചെയ്യും. ഓരോ കിറ്റിലും പ്രിയങ്ക ഗാന്ധിയുടെ ഒരു കത്തുണ്ടാവും.

സംസ്ഥാനത്തൊട്ടാകെ ആരോഗ്യ മേഖല തകര്‍ന്നുകിടക്കുന്നതിനാല്‍ കൊവിഡ് ചികിത്സക്കായിട്ടുള്ള അടിസ്ഥാന മരുന്നുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി കോണ്‍ഗ്രസ് പറഞ്ഞു.

കൊവിഡ് ചികിത്സക്ക് വേണ്ടിയുള്ള ആറ് മരുന്നുകളാണ് കിറ്റിലുണ്ടാവുക. മരുന്നു കുറിപ്പും ഉണ്ടാവും. സാനിറ്റെസറും കോണ്‍ഗ്രസ് വിതരണം ചെയ്യുമെന്ന് ഒരു കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. 18000 ലിറ്റര്‍ സാനറ്റൈസര്‍ ലഖ്‌നൗ ആസ്ഥാനത്തെത്തിയെന്നും അദ്ദേഹം പറഞ്ഞു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപന അധ്യക്ഷമാരെ പ്രിയങ്കയുടെ കത്തില്‍ പ്രശംസിക്കുന്നുണ്ട്. കൊവിഡ് രോഗത്താല്‍ വലഞ്ഞവര്‍ക്ക് സഹായമത്തിക്കണമെന്നും അവരോട് പ്രിയങ്ക ആവശ്യപ്പെട്ടു.