ലഖ്നൗ: പത്ത് മാസം കഴിഞ്ഞ് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ ഇപ്പോഴെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് ഭാരവാഹികളോട് ആവശ്യപ്പെട്ട് എഐസിസി സെക്രട്ടറി പ്രിയങ്ക ഗാന്ധി. പാര്‍ട്ടി ജില്ലാ അധ്യക്ഷന്മാരോടാണ് മണ്ഡലങ്ങളില്‍ മത്സരിപ്പിക്കാന്‍ കഴിയാവുന്ന മികച്ച നേതാക്കളുടെ പട്ടിക പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടതെന്നാണ് മുതിര്‍ന്ന നേതാക്കളില്‍ നിന്നുള്ള വിവരം.
സംസ്ഥാന ഭാരവാഹികളോടും വിവരങ്ങള്‍ തേടിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയവര്‍ക്കും പ്രകടനം നടത്തിയവര്ക്കുമായിരിക്കും മുന്‍ഗണന ലഭിക്കാന്‍ സാധ്യതയെന്നും മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു.
5000 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ 270 സീറ്റുകളില്‍ വിജയം നേടാനായെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു. ഒരു കോടി പത്ത് ലക്ഷം വോട്ടുകള്‍ നേടിയെന്നും അത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും നേടിയ വോട്ടുകളുടെ ഇരട്ടിയാണെന്നും നേതാക്കള്‍ പറയുന്നു.
ഗ്രാമ പ്രദേശങ്ങളിലെ വോട്ടര്‍മാരിലേക്ക് കടന്നുചെല്ലാന്‍ സേവ സത്യാഗ്രഹ എന്ന പരിപാടി കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്.
പ്രിയങ്ക ഗാന്ധി സംസ്ഥാനത്തേക്ക് നല്കിയ 10 ലക്ഷം മരുന്ന് കിറ്റുകള്‍ വിതരണം ചെയ്യുന്ന പരിപാടിയാണ് ‘സേവ സത്യാഗ്രഹ’. സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിച്ചിരിക്കുന്ന മരുന്നുകള്‍ വിവിധ ജില്ലകളിലായി വിതരണം ചെയ്യും. ഓരോ കിറ്റിലും പ്രിയങ്ക ഗാന്ധിയുടെ ഒരു കത്തുണ്ടാവും.
സംസ്ഥാനത്തൊട്ടാകെ ആരോഗ്യ മേഖല തകര്‍ന്നുകിടക്കുന്നതിനാല്‍ കൊവിഡ് ചികിത്സക്കായിട്ടുള്ള അടിസ്ഥാന മരുന്നുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി കോണ്‍ഗ്രസ് പറഞ്ഞു.
കൊവിഡ് ചികിത്സക്ക് വേണ്ടിയുള്ള ആറ് മരുന്നുകളാണ് കിറ്റിലുണ്ടാവുക. മരുന്നു കുറിപ്പും ഉണ്ടാവും. സാനിറ്റെസറും കോണ്‍ഗ്രസ് വിതരണം ചെയ്യുമെന്ന് ഒരു കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. 18000 ലിറ്റര്‍ സാനറ്റൈസര്‍ ലഖ്നൗ ആസ്ഥാനത്തെത്തിയെന്നും അദ്ദേഹം പറഞ്ഞു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപന അധ്യക്ഷമാരെ പ്രിയങ്കയുടെ കത്തില്‍ പ്രശംസിക്കുന്നുണ്ട്. കൊവിഡ് രോഗത്താല്‍ വലഞ്ഞവര്‍ക്ക് സഹായമത്തിക്കണമെന്നും അവരോട് പ്രിയങ്ക ആവശ്യപ്പെട്ടു.
അത് കൂടാതെ സംസ്ഥാനത്തെ 823 ബ്ലോക്കുകളിലേക്ക് വേണ്ടി ഹെല്‍പ്പ് ലൈന്‍ നമ്പറുകളും ഈ നമ്പറുകളിലൂടെ സംസാരിക്കുന്നതിന് വേണ്ടി 86 ഡോക്ടര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.