‘പ്രാദേശിക മാധ്യമങ്ങളെ കൂടുതല്‍ ഉപയോഗിക്കൂ’; വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കളോട് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളോട് ജില്ലകളിലെ പ്രാദേശിക മാധ്യമങ്ങളെ കൂടുതല്‍ ഉപയോഗപ്പെടുക്കണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇവയിലൂടെ ബിജെപി നയിക്കുന്ന സര്‍ക്കാരിന്റെ പരാജയങ്ങളെ തുറന്നുകാണിക്കുകയും കോണ്‍ഗ്രസിന്റെ നയങ്ങളെ കുറിച്ചും പരിപാടികളെ കുറിച്ചും അറിവുണ്ടാക്കുകയുമാണ് വേണ്ടതെന്നും പ്രിയങ്ക യോഗത്തില്‍ പറഞ്ഞു.

സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍മാര്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാര്‍, സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമുള്ള നേതാക്കള്‍, സെക്രട്ടറിമാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. ഉത്തര്‍പ്രദേശില്‍ 40 ശതമാനം സീറ്റ് സ്ത്രീകള്‍ക്ക് നല്‍കാന്‍ തീരുമാനമെടുത്തതില്‍ പ്രിയങ്ക ഗാന്ധിയെ യോഗത്തില്‍ പങ്കെടുത്തവര്‍ അഭിനന്ദിച്ചു.

വിവിധ സംസ്ഥാനങ്ങളിലെ ഉള്‍പ്പാര്‍ട്ടി പോരും യോഗത്തില്‍ ചര്‍ച്ചയായി. പാര്‍ട്ടി തീരുമാനങ്ങളും നയങ്ങളും നിര്‍ബന്ധമായും അനുസരിച്ചാല്‍ മാത്രമേ സംഘടനയില്‍ അച്ചടക്കം ഉണ്ടാവൂയെന്ന് നാഗാലാന്‍ഡ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കെവേഖാപെ തേരെ പറഞ്ഞു.

പഞ്ചാബിലെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കേണ്ട മാറ്റങ്ങളെ കുറിച്ച് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ധു പറഞ്ഞു. ഈ യോഗത്തിലും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷനാവണമെന്ന ആവശ്യം വിവിധ നേതാക്കള്‍ ഉയര്‍ത്തിയെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം.