ന്യൂഡല്‍ഹി: യു.പിയിലെ ആഗ്രയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചയാളുടെ കുടുംബത്തെ കാണാന്‍ പുറപ്പെട്ട കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ തടഞ്ഞ് പൊലീസ്. ലഖ്നൗവില്‍ നിന്ന് ആഗ്രയിലേക്ക് യാത്ര ആരംഭിച്ച പ്രിയങ്ക ഗാന്ധിയെ ലഖ്നൗ-ആഗ്ര എക്സ്പ്രസ്വേയില് വെച്ചാണ് പൊലീസ് തടഞ്ഞത്.
സന്ദര്‍ശത്തിനുള്ള അനുവാദം മുന്‍കൂട്ടി വാങ്ങാത്തതിനാലാണ് പ്രിയങ്ക ഗാന്ധിയെ തടഞ്ഞതെന്നാണ് പൊലീസ് ഭാഷ്യം. 25 ലക്ഷം രൂപ മോഷ്ടിച്ചെന്ന കേസില്‍ കുറ്റാരോപിതനായ അരുണ്‍ എന്ന യുവാവാണ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. ഈ യുവാവിന്റെ കുടുംബത്തിലുള്ളവരെ കാണാനാണ് പ്രിയങ്കയെത്തിയത്.
വകഞ്ഞ് മുന്നോട്ട് നീങ്ങാന്‍ പ്രിയങ്ക ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. കൂടുതല്‍ പൊലീസുകാരും സംഭവ സ്ഥലത്തേക്കെത്തി.
എനിക്കെവിടെയെങ്കിലും പോകണമെങ്കില്‍ അനുവാദം വാങ്ങണോ? എന്ന് പൊലീസിനോട് പ്രിയങ്ക ചോദിക്കുന്നത് വീഡിയോകളില്‍ കാണാം. ക്രമസമാധാന പ്രശ്നമാണെന്ന് മറ്റൊരു ഉദ്യോഗസ്ഥന് മറുപടിയും നല്‍കുന്നുണ്ട്.
അപ്പോള്‍ ‘എന്ത് പ്രശ്നം?, ഒരാള്‍ മരിച്ചു, അതിലെന്താണ് ക്രമസമാധാനപാലന പ്രശ്നം പറയൂ’ എന്ന് പ്രിയങ്ക പറയുന്നത് കേള്‍ക്കാം. നേരത്തെ ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും പ്രിയങ്കയെ യു.പി പൊലീസ് തടഞ്ഞിരുന്നു.