അലക് ബാള്‍ഡ്‌വിന്നിന്റെ കൈയിലെ തോക്കില്‍ നിന്ന് വെടിയുതിര്‍ന്നു; ഛായാഗ്രാഹക കൊല്ലപ്പെട്ടു, സംവിധായകന് ഗുരുതര പരുക്ക്

ഹോളിവുഡ് നടന്‍ അലക് ബാള്‍ഡ്‌വിന്നിന്റെ കൈയ്യിലെ തോക്കില്‍ നിന്ന് വെടിയുതിര്‍ന്ന് ഛായാഗ്രാഹക കൊല്ലപ്പെട്ടു. 42കാരിയായ ഹാലിന ഹച്ചിന്‍സാണ് സിനിമാ ചിത്രീകരണത്തിനിടെ വെടിയേറ്റ് മരിച്ചത്. ന്യൂ മെക്‌സിക്കോയില്‍ ‘റസ്റ്റ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്റെ കൈയ്യിലെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയുതിര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ സംവിധായകന്‍ ജോയല്‍ സോസ (48) സാരമായ പരുക്കേറ്റ് ചികിത്സയിലാണ്.

സിനിമാ ചിത്രീകരണത്തിന് പ്രശസ്തിയാര്‍ജിച്ച ബൊനാന്‍സ ക്രീക്ക് റാഞ്ചില്‍ വെച്ചാണ് സംഭവം. തോക്കിനുള്ളില്‍ എന്തായിരുന്നെന്നും എങ്ങനെയാണ് വെടിയുതിര്‍ന്നതെന്നും അന്വേഷിക്കുകയാണെന്ന് ന്യൂ മെക്‌സിക്കോയിലെ സാന്റ ഫെ കൗണ്ടി പൊലീസ് ഓഫീസ് ന്യൂയോര്‍ക്ക് ടൈംസിനോട് പ്രതികരിച്ചു. പൊലീസ് സ്റ്റേഷനുപുറത്ത് പൊട്ടിക്കരയുന്ന നിലയില്‍ ബാള്‍ഡ്‌വിന്നിനെ കണ്ടെന്ന് പ്രാദേശിക പത്രമായ ദ സാന്റ ഫെ ന്യൂ മെക്‌സിക്കന്‍ റിപ്പോര്‍ട്ട് ചെയ്തു. ഉച്ച തിരിഞ്ഞ് 1:50ന് ഷൂട്ടിങ്ങ് സെറ്റില്‍ വെടിവെയ്പുണ്ടായെന്ന് കോള്‍ എത്തിയെന്നും ഉടന്‍ തന്നെ സംഭവ സ്ഥലത്തേക്ക് പോയെന്നും പൊലീസ് പറഞ്ഞു.

ആല്‍ബുക്യുര്‍ക്വിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ മെക്‌സിക്കോ ഹോസ്പിറ്റലിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്‌തെങ്കിലും ഹാലിനയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഉക്രൈന്‍ സ്വദേശിനിയായ ഹാലിന ആര്‍ക്ടിക്കിലെ ഒരു സോവിയറ്റ് സൈനിക കേന്ദ്രത്തിലാണ് വളര്‍ന്നത്. കീവില്‍ നിന്നും ജേണലിസവും ലൊസ് ആഞ്ചലസില്‍ നിന്ന് സിനിമാ പഠനവും പൂര്‍ത്തിയാക്കി. 2019ല്‍ അമേരിക്കന്‍ സിനിമാറ്റോഗ്രഫര്‍ മാഗസിന്‍ ഹാലിനയെ ഉയര്‍ന്നുവരുന്ന താരമായി വിശേഷിപ്പിച്ചിരുന്നു. 2020ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ചിത്രം ‘ആര്‍ക് എനിമി’യുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത് ഹാലിനയാണ്.

അപകടത്തേത്തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു. നവംബര്‍ ആദ്യം വരെ ഷൂട്ട് നടത്താനുള്ള പദ്ധതിക്കിടെയാണ് അപ്രതീക്ഷിത സംഭവങ്ങള്‍. 68കാരനായ ബാള്‍ഡ്‌വിന്‍ പ്രധാന വേഷം ചെയ്യുന്നതിനൊപ്പം ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് കൂടിയാണ്. 1880കളിലെ കാന്‍സസ് ആണ് വെസ്റ്റേണ്‍ ഷോണ്‍റയിലുള്ള ചിത്രത്തിന്റെ പശ്ചാത്തലം. മാതാപിതാക്കളുടെ മരണത്തിന് ശേഷം 13കാരനും ഇളയ സഹോദരനും തനിയെ ജീവിക്കാന്‍ ശ്രമിക്കുന്നതും യാദൃശ്ചികമായി ഒരാളെ കൊല്ലുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. കൊലക്കുറ്റത്തിന് തൂക്കുശിക്ഷ വിധിക്കപ്പെട്ട 13കാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന മുത്തശ്ശന്റെ റോളിലാണ് ബാള്‍ഡ്‌വിന്‍.