പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത അതേസമയം സുകുമാരന്‍ നായരുടെ കോലംകത്തിച്ച് എന്‍എസ്എസ് കരയോഗം; ‘വര്‍ഗ്ഗീയത സമുദായ നേതാവിന്റെ പണിയല്ല’

ആലപ്പുഴ: മാവേലിക്കരയില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ കോലം കത്തിച്ച് കരയോഗം അംഗങ്ങള്‍. തെരഞ്ഞെടുപ്പില്‍ സുകുമാരന്‍ നായര്‍ സ്വീകരിച്ച ഏകപക്ഷീയ നിലപാടുകളോട് പ്രതിഷേധിച്ചാണ് കോലംകത്തിച്ചത്. മാവേലിക്കര ചെട്ടിക്കുളങ്ങര കോയിക്കല്‍ത്തറയിലാണ് ജനറല്‍ സെക്രട്ടറിയുടെ കോലംകത്തിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. രണ്ടാം പിണറായി മന്ത്രിസഭയിലെ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്ന സമയത്തായിരുന്നു സംഭവം.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് സുകുമാരന്‍ നായരുടെ പല പരാമര്‍ശങ്ങളും വലിയ ചര്‍ച്ചയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ അദ്ദേഹം പല നിലപാടുകളും പരസ്യമാക്കിയിരുന്നു. വോട്ടെടുപ്പ് ദിവസം എല്‍ഡിഎഫിന് വോട്ട് ചെയ്യരുതെന്ന തരത്തിലും സുകുമാരന്‍ നായര്‍ പ്രതികരിച്ചിരുന്നു. ഇത് വലിചയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

തങ്ങള്‍ കരയോഗം ഭാരവാഹികളാണെന്നും തങ്ങളുടെ പ്രതിഷേധമാണ് രേഖപ്പെടുത്തിയതെന്നും കോലം കത്തിച്ചവര്‍ പറഞ്ഞു. ഒരു സമുദായ സംഘടനയുടെ തലപ്പത്തിരിക്കുന്ന നേതാവ് രാഷ്ട്രീയ അഭിപ്രായം പറയാന്‍ പാടില്ല. രാഷ്ട്രീയാഭിപ്രായം പറയുകമാത്രമല്ല സുകുമാരന്‍ നായര്‍ ചെയ്തത്. പക്ഷപാതപരമായി വിശ്വാസികളെ ഇളക്കിവിടാനും വര്‍ഗ്ഗീയപരമായ പരാമര്‍ശങ്ങള്‍ നടത്തി ചേരിതിരിവുണ്ടാക്കാനും അദ്ദേഹം ശ്രമിച്ചു. ഇതൊന്നും സമുദായ സംഘടനയുടെ തലപ്പത്തിരിക്കുന്ന ആളുടെ ജോലിയല്ല. സമുദായത്തിന്റെ ഉന്നമനത്തിനായാണ് അദ്ദേഹം പ്രവര്‍ത്തിക്കേണ്ടതെന്നും ഭാരവാഹികള്‍ കോലം കത്തിക്കുന്നതിന് മുന്നോടിയായി പറഞ്ഞു. കോലം കത്തിക്കുകയും സുകുമാരന്‍ നായര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തതിന് ശേഷമാണ് ഇവര്‍ പിരിഞ്ഞുപോയത്.

എന്നാല്‍, കോലംകത്തിച്ചവരെ അറിയില്ലെന്നും നേതൃത്വം സുകുമാരന്‍ നായരെ കുറ്റപ്പെടുത്തിയിട്ടില്ലെന്നുമാണ് പ്രാദേശിക നേതൃത്വം നല്‍കുന്ന വിശദീകരണം. ഇടതുപക്ഷത്തിന് വലിയ ശക്തിയുള്ള പ്രദേശത്താണ് കോലംകത്തിക്കല്‍ പ്രതിഷേധം നടന്നത്.