‘തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ച പാലോട് രവി ഡി.സി.സി അധ്യക്ഷന്‍’; കോണ്‍ഗ്രസ് വിട്ടേക്കുമെന്ന സൂചനയുമായി പി.എസ് പ്രശാന്ത്; രാഹുല്‍ ഗാന്ധിക്ക് കത്ത്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് പാലോട് രവിക്കെതിരെ ആരോപണം കടുപ്പിച്ച് നെടുമങ്ങാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പി.എസ് പ്രശാന്ത്. തെരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ച പാലോട് രവിയെ ഡി.സി.സി അധ്യക്ഷനാക്കിയതിലാണ് പ്രശാന്ത് പ്രതിഷേധം കടുപ്പിച്ചിരിക്കുന്നത്. ഡി.സി.സി അധ്യക്ഷനായി പാലോട് രവിയെ നിയമിച്ച തീരുമാനം പുനപരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് പ്രശാന്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കത്ത് നല്‍കി.

പാലോട് രവിയെ തിരുവനന്തപുരം ഡി.സി.സി അധ്യക്ഷനാക്കിയതിന് പിന്നാലെയാണ് പ്രശാന്ത് രംഗത്തെത്തിയിരിക്കുന്നത്. പാലോട് രവിയുടെ പേര് ഡി.സി.സി സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെത്തന്നെ പ്രശാന്ത് പ്രതിഷേധം കടുപ്പിക്കുകയും പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ രവിയെത്തന്നെ ഡി.സി.സി അധ്യക്ഷനാക്കിയുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നതിന് ശേഷമാണ് പ്രശാന്ത് തന്റെ ആരോപണങ്ങളെല്ലാം വിശദീകരിച്ച് രാഹുല്‍ ഗാന്ധിക്ക് കത്ത് നല്‍കിയിരിക്കുന്നത്. ഈ രീതി തുടരുകയാണെങ്കില്‍ തനിക്ക് പാര്‍ട്ടിയുമായി സഹകരിക്കാന്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം കത്തില്‍ വിവിധയിടങ്ങളിലായി ആവര്‍ത്തിച്ചിട്ടുമുണ്ട്.

ക്വാറി മാഫിയയുടെയും മറ്റ് ഗൂഢതാല്‍പര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ചില ആളുകളുടെയും കൂട്ടുപിടിച്ച് തന്നെ തെരഞ്ഞെടുപ്പില്‍ തോല്‍പിക്കാന്‍ ശ്രമിച്ചെന്നാണ് പ്രശാന്തിന്റെ ആരോപണങ്ങളില്‍ പ്രധാനപ്പെട്ടത്. പല സ്ഥലങ്ങളിലും തനിക്ക് ലഭിക്കേണ്ടിയിരുന്ന വോട്ട് കുറയ്ക്കുന്നതിനുവേണ്ടി പാലോട് രവി ബോധപൂര്‍വം ഇടപെട്ടു. അതിന്റെ വ്യക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലിനെതിരെയും പ്രശാന്ത് ആരോപണങ്ങളുന്നയിക്കുന്നുണ്ട്. കെ.സി വേണുഗോപാല്‍ ബിജെപിയുടെ ഏജന്റാണെന്നും ഗോവയിലും മധ്യപ്രദേശിലും തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം ബിജെപി നേതാക്കളുമായി അടുപ്പം പുലര്‍ത്തിയിരുന്നെന്നുമാണ് പ്രശാന്തിന്റെ ആക്ഷേപം. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബിജെപിയിലേക്ക് ഒഴുക്കിവിടാന്‍ കെ.സി വേണുഗോപാല്‍ ശ്രമിക്കുന്നെന്നും പ്രശാന്ത് പറഞ്ഞു.

താന്‍ 30 വര്‍ഷമായി പാര്‍ട്ടിക്കൊപ്പമാണ് യാത്ര ചെയ്തത്. വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ യുവജന സംഘടനാ പ്രവര്‍ത്തനം വരെയുള്ള കാലത്തെല്ലാം പാര്‍ട്ടിയോടൊപ്പം നിന്നു. എന്നാല്‍ പാര്‍ട്ടിക്ക് തന്നോടുള്ള സമീപനം ഇതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രണ്ടാഴ്ചമുമ്പ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലും പ്രശാന്ത് സമാന ആരോപണങ്ങളുന്നയിച്ചിരുന്നു. തന്നെ തോല്‍പിക്കാനായി പാലോട് രവി രഹസ്യയോഗങ്ങള്‍ ചേര്‍ന്നിരുന്നെന്നും ഇക്കാര്യം അന്വേഷണ സമിതിയെ അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. പാര്‍ട്ടി നേതാക്കള്‍ക്കെതിരെ പരസ്യ വിമര്‍ശനം നടത്തിയ പ്രശാന്തിനെ പാര്‍ട്ടി ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

തിരുവനന്തപുരത്ത് പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കെതിരെയും പലോട് രവിയെ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരുവാനുള്ള ശ്രമങ്ങള്‍ക്കെതിരെയും പ്രശാന്ത് നേരത്തെയും പ്രതിഷേധിച്ചിരുന്നു. എന്നാല്‍, പ്രശാന്തിന്റെ ആരോപണങ്ങള്‍ നിഷേധിച്ച പാലോട് രവി, താന്‍ മനസുകൊണ്ടും ശരീരം കൊണ്ടും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നെന്നും പറഞ്ഞു. ഡി.സി.സി അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെയുണ്ടായ അസ്വാരസ്യങ്ങള്‍ രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി പ്രശാന്തിന്റെ ആരോപണങ്ങളും ഉയരുന്നത്.