പി.ടി കുഞ്ഞിമുഹമ്മദ് അഭിമുഖം: മുസ്ലിംകളോട് രാഷ്ട്രീയം സംസാരിച്ചത് ഇടതുപക്ഷം മാത്രം

സമാന്തര സിനിമാ രംഗത്തുനിന്ന് മുഖ്യധാരാ സിനിമയിലേക്ക് ചുവടുമാറിയപ്പോഴും സാമൂഹിക പ്രതിബദ്ധത കാത്തുസൂക്ഷിച്ച ചലച്ചിത്ര പ്രവര്‍ത്തകന്‍. ഇടതുപക്ഷ സഹയാത്രികനായി അറിയപ്പെടുമ്പോള്‍ത്തന്നെ വ്യക്തിഗതമായ വിലങ്ങുകള്‍ക്ക് കൈവച്ചുകൊടുക്കാത്ത രാഷ്ട്രീയപ്രവര്‍ത്തകന്‍. വര്‍ഷങ്ങള്‍ നീണ്ട പുറംനാട്ടിലെ ജീവിതത്തിനു ശേഷവും ജന്മനാടിന്റെ സംസ്‌കാരത്തിലേക്ക് വേരുകള്‍ നീട്ടിയ പ്രവാസി. പി.ടി കുഞ്ഞിമുഹമ്മദിന്റെ ‘എന്റെ കലാപ സ്വപ്നങ്ങള്‍’ എന്ന ആത്മകഥ വായിക്കുമ്പോള്‍ വെളിവാകുന്ന വ്യക്തിത്വത്തിന്റെ നിറങ്ങള്‍ ഇവയാണ്. പുസ്‌കതത്തെക്കുറിച്ചും സമകാലിക രാഷ്ട്രീയ അവസ്ഥയെക്കുറിച്ചും പി.ടി കുഞ്ഞിമുഹമ്മദുമായി എം.പി ബഷീര്‍ നടത്തിയ സംഭാഷണം.

കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തെ മുസ്ലിം സാംസ്‌കാരിക പരിസരവുമായി വിളക്കിയ പല കണ്ണികളില്‍ ഒരാളാണ് പി.ടി. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ എങ്ങനെ കാണുന്നു?

ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ മുസ്ലിംകളോട് അവരുടെ രാഷ്ട്രീയം പറഞ്ഞത് ആദ്യം മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും, പിന്നെ ഇടതുപക്ഷവുമാണ്. 1921-ന്റെ കാലം മുതല്‍ ഇങ്ങോട്ട് നമുക്കിത് കാണാം. അബ്ദുറഹിമാന്‍ സാഹിബ് കലാപത്തിനെതിരായിരുന്നു. ആ കലാപം കേരളത്തിലെ മുസ്ലിംകളുടെ സാമൂഹിക വികസനത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന ആഘാതങ്ങളെക്കുറിച്ച് അദ്ദേഹം അങ്ങേയറ്റം വ്യാകുലനുമായിരുന്നു. കലാപം അക്രമത്തിലേക്ക് തെന്നിപ്പോകാതിരിക്കാന്‍ ഓടി നടക്കുന്ന മുഹമ്മദ് അബ്ദുറഹിമാനെ നമുക്ക് അവിടെ കാണാം. എന്നാല്‍, കലാപത്തിന്റെ കര്‍ഷക ഉള്ളടക്കത്തെയും വിപ്ലവ സത്തയെയും ആദ്യം ഏറ്റെടുത്തതും അബ്ദുറഹിമാന്‍ സാഹിബാണ്. മലബാറിലെ മുസ്ലിം കര്‍ഷകരോടുള്ള കോണ്‍ഗ്രസിന്റെ വഞ്ചനയെ അദ്ദേഹം ദേശീയതലത്തില്‍ തന്നെ ചോദ്യം ചെയ്തു. മുസ്ലിം രാഷ്ട്രീയത്തെക്കുറിച്ച് അബ്ദുറഹിമാന്‍ സാഹിബിന്റെ കാഴ്ചപ്പാടുകളുടെ തുടര്‍ച്ചയും വിപുലീകരണവുമായിരുന്നു, ഇടതുപക്ഷത്തിന്റേത്. പില്‍ക്കാലത്ത് പ്രധാനമായും അത് നിര്‍വഹിച്ചത് ഇ.എം.എസാണ്. ചരിത്രത്തില്‍ ഉടനീളം പരിശോധിച്ചോളൂ, കേരളത്തിലെ ഇടതുപക്ഷമാണ് മുസ്ലിംകളുടെ/ മുസ്ലിംകളോട് രാഷ്ട്രീയം സംസാരിച്ചത്.

എന്നിട്ടും എന്തുകൊണ്ടാണ് കേരളത്തിലെ, പ്രത്യേകിച്ചും മലബാറിലെ, മുസ്ലിം ജനസാമാന്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്നും പതിറ്റാണ്ടുകളോളം അകന്നുനിന്നത്?

അടിമുടി മതബദ്ധമായ, യാഥാസ്ഥിതികരായ പുരോഹിതന്മാരാല്‍ നയിക്കപ്പെടുന്ന ഒരു ജനവിഭാഗത്തോട് സംസാരിക്കാവുന്ന പ്രായോഗിക രാഷ്ട്രീയഭാഷ ഇടതുപക്ഷത്തിന്റെ കയ്യിലുണ്ടായിരുന്നോ എന്നത് വേറെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. ഞന്‍ അതിനെ കാണുന്നത് അധികാരവുമായി ബന്ധപ്പെടുത്തിയാണ്. മലബാറിലെ നായന്മാരുടെയും മുസ്ലിംകളുടെയും പ്രമാണി നേതൃത്വം എല്ലാക്കാലത്തും രാഷ്ട്രീയ അധികാരത്തിന്റെ പിന്നാലെയായിരുന്നു. ബഹുജന സാമാന്യമല്ല, പ്രമാണിമാരാണ് രാഷ്ട്രീയം നിര്‍ണയിച്ചത്. മതനേതൃത്വവും ഏറക്കുറെ പ്രമാണിത്വത്തോടൊപ്പമായിരുന്നു. പില്‍ക്കാലത്ത് മുസ്ലിം ലീഗായി പരിണമിച്ച മുസ്ലിം രാഷ്ട്രീയ നേതൃത്വം വലിയതോതില്‍ ബ്രിട്ടീഷ് വിരുദ്ധ നിലപാടെടുത്തിരുന്നില്ല. ഉമര്‍ ഖാസിയെപ്പോലെ, മമ്പുറം തങ്ങന്മാരെപ്പോലെ ഉള്ളവരുടെ സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയം ഏറ്റെടുക്കാന്‍ പില്‍ക്കാലത്ത് അധികം ആളുണ്ടായില്ല. രാഷ്ട്രീയമായി അന്തസ്സാര ശൂന്യരായ മത-പുരോഹിത-പ്രമാണി നേതൃത്വത്താല്‍ നയിക്കപ്പെട്ടതാണ് മലബാറിലെ മുസ്ലിംകളുടെ അധഃസ്ഥിതാവസ്ഥയുടെ ഒന്നാമത്തെ കാരണം.

പതിറ്റാണ്ടുകളുടെ കര്‍ഷക കലാപങ്ങള്‍ക്ക് ശേഷവും മലബാറിലെ മുസ്ലിംകള്‍ പിന്നീട് വരിച്ചത് മുസ്ലിംലീഗിനെയാണ്. മുസ്ലിം രാഷ്ട്രീയത്തോട് സംവദിക്കാനുള്ള ഭാഷ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇല്ലാതെപോയത് എന്തുകൊണ്ടാണ്?

അത് മറ്റൊരു വിഷയമാണ്. രാഷ്ട്രീയ ഇച്ഛാശക്തിയോടെ ജനസമൂഹങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുക എന്നത് ഏതുതരം രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെയും ആണിക്കല്ലാണ്. മുസ്ലിംകളുടെ കാര്യത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അത്തരം വിഷയങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ എനിക്ക് ലഭ്യമായ വേദികളില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. ഒരു ഘട്ടത്തില്‍ രേഖാമൂലം തന്നെ പറഞ്ഞിട്ടുണ്ട്.

മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ പോലെ ഒരു അതികായന്‍ ജീവിച്ചുപോയ മണ്ണില്‍, ഐക്യ കേരളത്തിലേക്ക് വരുമ്പോള്‍, സമാനമായ സ്വാധീനമുള്ള ഒരു നേതാവ് മുസ്ലിം സമൂഹത്തില്‍നിന്നും രൂപപ്പെടാതിരുന്നത് എന്തുകൊണ്ടാവാം? സി.എച്ച് മുഹമ്മദ് കോയയുടെ 56 ദിവസം മാറ്റിവെച്ചാല്‍ ഒരു മുസ്ലിം മുഖ്യമന്ത്രി ഉണ്ടായില്ല.

മുഖ്യമന്ത്രി ഉണ്ടായില്ല എന്നതിനേക്കാള്‍ പ്രധാനപ്പെട്ടതാണ് ഒരു ചീഫ് മിനിസ്റ്റര്‍ മെറ്റീരിയല്‍ ഈ ജനവിഭാഗത്തില്‍നിന്നും ഉണ്ടായില്ല എന്നത്. സി.എച്ച് മുഹമ്മദ് കോയയുടേത് അനിതര സാധാരണമായ ഒരു വ്യക്തിത്വമായിരുന്നു. പക്ഷേ, അദ്ദേഹം മുസ്ലിംലീഗുകാരനായിപ്പോയി. 1960-ല്‍ സി.എച്ച് ആദ്യം സ്പീക്കറാകുമ്പോള്‍ ലീഗ് അംഗത്വം രാജിവെപ്പിച്ച ശേഷം മാത്രമാണ് കോണ്‍ഗ്രസ് അതിന് അനുവദിച്ചത്. ഫലത്തില്‍ തൊപ്പിയൂരി. ഇടതുപക്ഷമാണ് മുസ്ലിം ഐഡന്റിറ്റി പണയം വെക്കാതെ ലീഗിന് അധികാരത്തില്‍ ആദ്യം ഇടം നല്‍കിയത്. സമുദായ രാഷ്ട്രീയത്തിനും ഐഡന്റിറ്റി പൊളിറ്റിക്‌സിനും അതിന്റേതായ പരിമിതികളുണ്ട്. ആ പരിമിതികളില്‍ പെട്ടുപോയതാണ് കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ ചരിത്രപരമായ തിരിച്ചടിയെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. സമുദായ രാഷ്ട്രീയം മുസ്ലിം ബഹുജനങ്ങള്‍ക്കും അവരുടെ സാമൂഹിക വളര്‍ച്ചയ്ക്കും ഉണ്ടാക്കിയ ക്ഷതം ചെറുതല്ല.

പി.ടിയുടെ വീരപുത്രന്‍ എന്ന സിനിമയില്‍നിന്ന്‌

അതേ തിരിച്ചടി ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലേ? അവര്‍ക്ക് അധികാര പ്രാതിനിധ്യം ഉറപ്പാക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിഞ്ഞോ? എന്തുകൊണ്ടാണ് സി.എച്ചിനും അബ്ദുറഹിമാന്‍ സാഹിബിനും സമശീര്‍ഷരായ ഇടതുപക്ഷ മുസ്ലിം നേതാക്കള്‍ ഉണ്ടാവാതിരുന്നത്?

അതൊരു സങ്കീര്‍ണമായ പ്രശ്‌നമാണ്. ഇടതുപക്ഷത്തുനിന്ന് മുസ്ലിം ഭൂമികയില്‍ നേതാക്കള്‍ വരാതിരുന്നില്ല. പാലൊളി മുഹമ്മദ് കുട്ടിയെപ്പോലെ, ഇ.കെ ഇമ്പിച്ചിബാവയെപ്പോലെയുള്ള നേതാക്കള്‍ വന്നു. പക്ഷേ, രാഷ്ട്രീയത്തില്‍ അതുമാത്രം പോര. നമ്മുടെ മുന്നണി / കക്ഷി രാഷ്ട്രീയം പോലുള്ള സങ്കീര്‍ണ പ്രതലത്തില്‍ തലയെടുപ്പുള്ള നേതാക്കള്‍ മാത്രം പോര. ഏറ്റവും ഉയര്‍ന്ന രാഷ്ട്രീയാധികാര സ്ഥാനങ്ങളിലേക്ക് അവര്‍ ലജിറ്റിമൈസ് ചെയ്യപ്പെടണമെങ്കില്‍ അവരുടെ പ്രതിനിധാനത്തിന് ബഹുജന അടിത്തറ വേണം. കേരളത്തിലെ മുസ്ലിം ബഹുജനങ്ങളെ സങ്കുചിത-സാമുദായിക താല്‍പര്യങ്ങള്‍വെച്ച് ശിഥിലീകരിച്ച ശേഷം, അവരില്‍നിന്ന് മുഖ്യമന്ത്രിമാരുണ്ടാകാത്തതിനെ കുറിച്ച് പരിതപിക്കുന്നതില്‍ കാര്യമില്ല. അതാണ് അബ്ദുറഹിമാന്‍ സാഹിബ് ഒരു നൂറ്റാണ്ട് മുമ്പ് പറയാന്‍ ശ്രമിച്ചത്. അതാണ് ഇ.എം.എസ് പറഞ്ഞത്. സങ്കുചിതമായ സ്വത്വ-സമുദായ രാഷ്ട്രീയം സാധാരണ മുസ്ലിമിന് ഉണ്ടാക്കിയ നഷ്ടത്തിന്റെ കണക്കുകള്‍ ചരിത്രം രേഖപ്പെടുത്താന്‍ പോകുന്നതേയുള്ളൂ. ഇതു പറയുമ്പോള്‍ത്തന്നെ, ഞാന്‍ പറഞ്ഞല്ലോ, മുസ്ലിം ബഹുജനങ്ങളെ അഭിമുഖീകരിക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൈക്കൊണ്ട നയ സമീപനങ്ങള്‍ ശരിയായിരുന്നോ എന്ന് ചരിത്രപരമായി പരിശോധിക്കപ്പെടണം. എം.എന്‍ റോയിയുടെ ഇസ്ലാമിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍പ്പോലും പല കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കും പരിചിതമല്ല. ഏതായാലും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ ഞാന്‍ ആ മാറ്റങ്ങള്‍ കാണുന്നുണ്ട്.

എന്താണ് മുസ്ലിം രാഷ്ട്രീയത്തില്‍ പിണറായി വിജയന്‍ സൃഷ്ടിക്കുന്ന ഇംപാക്ട്?

നോക്കൂ, ദേശീയ രാഷ്ട്രീത്തിന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് മാത്രമേ ഇതിനെ വിലയിരുത്താന്‍ കഴിയൂ. ഒരു സാധാരണ മുസ്ലിമിന്റെ ജീവിതം ഇന്ത്യയില്‍ മറ്റെല്ലായിടത്തും വലിയതോതില്‍ ദുഷ്‌കരമായി കഴിഞ്ഞിരിക്കുന്നു. വിശ്വാസിയോ അവിശ്വാസിയോ എന്ന വ്യത്യാസം അതിനില്ല. മുസ്ലിം പേരാണ് പ്രശ്‌നം. ആ സ്വത്വമാണ് പ്രശ്‌നം. അങ്ങനെയുള്ള ഒരു രാഷ്ട്രീയാന്തരീക്ഷത്തില്‍ ഒരു ഭരണാധികാരി മനുഷ്യര്‍ക്ക് സുരക്ഷിതത്വ ബോധം നല്‍കുന്നു എന്നത് ചെറിയ കാര്യമല്ല. മുസ്ലിം സമൂഹവുമായി ഇത്ര സൂക്ഷ്മമായ അടുപ്പം പുലര്‍ത്തിയ മറ്റൊരു മുഖ്യമന്ത്രി കേരളത്തിന് ഉണ്ടായിട്ടില്ല. സ്വന്തം മകളെ മുസ്ലിം പേരുള്ള ഒരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുന്നതു പോലും ഇന്നത്തെ രാഷ്ട്രീയാവസ്ഥയില്‍ ഒരു സന്ദേശം നല്‍കുന്നുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് അത് സ്വാഭാവിക കാര്യമാണെങ്കിലും. സ്വന്തം രാഷ്ട്രീയ ബോധ്യങ്ങള്‍ക്കുമേല്‍ മറ്റൊന്നിനേയും ഭയക്കാത്ത നേതാവാണ് പിണറായി വിജയന്‍.

താങ്കള്‍ പിണറായി വിജയന്റെ ആരാധകനാണോ?

അല്ല. അദ്ദേഹത്തോടുള്ള എന്റെ വിയോജിപ്പുകള്‍ അദ്ദേഹത്തോടുതന്നെ പറഞ്ഞിട്ടുണ്ട്. ഞാന്‍ പറഞ്ഞത് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള പിണറായിയുടെ നിലപാടുകളെക്കുറിച്ചാണ്. വ്യക്തി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ചില സവിശേഷതകളെയും ഞാന്‍ ആദരവോടെ കാണുന്നുണ്ട്. ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു പഞ്ചായത്തിന്റെ ചുമതലയില്‍ വന്ന പിണറായിയെ ആദ്യം കണ്ടത് എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. വടക്കേക്കാട്-പൂക്കോട് പഞ്ചായത്തിന്റെ ചുമതലയായിരുന്നു പിണറായിക്ക്. വടക്കേക്കാട് മണികണ്ഠേശ്വരത്ത് ഞാന്‍ സ്ഥാനാര്‍ത്ഥി പര്യടനത്തിന് എത്തിയപ്പോള്‍ സൗദി അറേബ്യയിലെ ഒരു പത്രത്തിന്റെ പ്രതിനിധി എന്നെ ഇന്റര്‍വ്യൂ ചെയ്യാനായി വന്നു. ഇന്റര്‍വ്യൂ നടക്കുന്ന സമയത്ത് ഒരാള്‍ എന്റെയടുത്ത് വന്ന് സ്വയം പരിചയപ്പെടുത്തി. ‘ഞാന്‍ പിണറായി വിജയന്‍, നിങ്ങള്‍ നിങ്ങളുടെ ജോലി തുടര്‍ന്നോളൂ’, എന്നുപറഞ്ഞ് അദ്ദേഹം തിരിഞ്ഞു നടന്നു. ചെയ്യുന്ന ജോലിയിലുള്ള കണിശതയാണ് അദ്ദേഹത്തിന്റെ ഹോള്‍മാര്‍ക്ക്.

പി.ടി കുഞ്ഞിമുഹമ്മദ്

എങ്ങനെയാണ് ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പിലേക്ക് താങ്കളെത്തിയത്?

ഞാന്‍ കോളെജ് കാലം തൊട്ടേ ഇടതുപക്ഷത്തോടൊപ്പമാണ്. എസ്.എഫ്.ഐ ആയിരുന്നു. എന്നാല്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പെടുത്തിട്ടില്ല, ഒരിക്കലും മെമ്പറായിരുന്നില്ല. വിദ്യാഭ്യാസം കഴിഞ്ഞ് ഏറെക്കാലം പ്രവാസിയായിരുന്നു. അതിനിടയിലും സമാന്തര സിനിമാ മേഖലയുമായി സഹകരിച്ചുപോന്നു. പ്രവാസത്തിന്റെ ആകുലതകളും ശൂന്യതയും മറികടക്കാനുള്ള ശ്രമങ്ങളായിരുന്നു ആ സിനിമകള്‍. നാട്ടിലേക്കുള്ള ഓരോ മടക്കവും സിനിമകളിലേക്കായിരുന്നു. ‘അശ്വത്ഥാമാവി’ന്റെ നിര്‍മ്മാണവും പവിത്രന്റെ ‘ഉപ്പി’ലെ നായക വേഷവുമെല്ലാം അങ്ങനെ സംഭവിച്ചതാണ്. ‘മഗ്‌രിബി’ന്റെ സംവിധാന ജോലികള്‍ കഴിഞ്ഞിരിക്കുമ്പോഴാണ് ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പ് വന്നത്. 1994-ലായിരുന്നു അത്. 92-ല്‍ ബാബ്‌റി മസ്ജിദിന്റെ ധ്വംസനം കഴിഞ്ഞുള്ള രാഷ്ട്രീയാന്തരീക്ഷം. ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തില്‍ മുസ്ലിംലീഗിലെ ഒരു വിഭാഗം പിളര്‍ന്ന് ഐ.എന്‍.എല്‍ ഉണ്ടാവുകയും പി.എം അബൂബക്കര്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുകയും ചെയ്തതോടെ തെരഞ്ഞെടുപ്പിന് കളമൊരുങ്ങി. അബ്ദുള്‍ നാസര്‍ മദനിയും പി.ഡി.പിയും തീരപ്രദേശങ്ങളില്‍ വലിയ ഓളം സൃഷ്ടിച്ചുകൊണ്ടിരുന്ന കാലം.

എന്റെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് സി.പി.ഐ.എം വന്നതെങ്ങനെയെന്ന് അറിയില്ല. ഞാന്‍ രാഷ്ട്രീയത്തില്‍ പ്രസക്തനായ ആളേ ആയിരുന്നില്ല. അക്കാലത്ത് ഞങ്ങളുടെ ഏരിയാ സെക്രട്ടറിയായിരുന്ന സഖാവ് ബേബി ജോണിന്റെയും സാംസ്‌കാരിക പ്രവത്തകരായ എന്റെ സുഹൃത്തുക്കളുടെയും വലിയ സമ്മര്‍ദ്ദത്തിലാണ് ഞാന്‍ സ്ഥാനാര്‍ത്ഥിത്വം സമ്മതിച്ചത്. പിന്നെ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് യന്ത്രം തെരഞ്ഞെടുപ്പ് നടത്തി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ഉപതെരഞ്ഞെടുപ്പായിരുന്നു അത്. രാഷ്ട്രീയകേരളം ഒന്നാകെ ഗുരുവായൂരിലേക്ക് ഒഴുകിവന്നു. ഇ.എം.എസും നായനാരും വി.എസും ശിവദാസ മേനോനും മുന്നില്‍നിന്ന് പടനയിച്ചു. മുസ്ലിംലീഗിന്റെ കുത്തക മണ്ഡലമായിരുന്നു ഗുരുവായൂര്‍. അവര്‍ക്ക് നിര്‍ത്താവുന്ന ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥിയായിരുന്നു സമദാനി. എന്നിട്ടും ഞാന്‍ ജയിച്ചു. ലീഗിന്റെ കോട്ടകള്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് മുമ്പില്‍ ആദ്യം അടിയറവ് പറഞ്ഞത് ഗുരുവായൂരിലാണ്.

തെരഞ്ഞെടുപ്പ് ജയം കഴിഞ്ഞ് സത്യപ്രതിജ്ഞയ്ക്കായി തിരുവനന്തപുരത്ത് ചെന്നപ്പോള്‍ ഞാന്‍ സഖാവ് ബേബി ജോണിനോടൊപ്പം ഇ.എം.എസിനെ പോയിക്കണ്ടു. അദ്ദേഹത്തിന്റെ ആദ്യത്തെ ചോദ്യം ലീഗിന് എത്ര വോട്ട് കിട്ടി എന്നായിരുന്നു. ഞാന്‍ 30,000 എന്ന് മറുപടി പറഞ്ഞു. 10,000 എന്ന് സഖാവ് ബേബി ജോണ്‍ തിരുത്തി. യു.ഡി.എഫിന്റെ വോട്ട് മനസില്‍ വെച്ചാണ് ഞാന്‍ പറഞ്ഞത്. ഇ.എം.എസ് ചോദിച്ചത് ലീഗിന് എന്ത് നഷ്ടം വന്നു എന്നാണെന്ന് ബേബി ജോണിന് മനസിലായി. ഈ കണക്കുകള്‍ അപഗ്രഥിച്ചാണ് ഇ.എം.എസിന്റെ ന്യൂനപക്ഷ രാഷ്ട്രീയത്തെക്കുറിച്ചുള്ള വിവാദമായ ലേഖനം വന്നത്. ‘വാട്ട് ഈസ് ഹാപ്പനിങ് ഇന്‍ മുസ്ലിം കമ്മ്യൂണിറ്റി?’, എന്നദ്ദേഹം അന്ന് ചോദിച്ചത് ഓര്‍മ്മയുണ്ട്. ആ ചോദ്യം പിന്നീട് പലവട്ടം എന്നോട് ആവര്‍ത്തിക്കുമായിരുന്നു. മുസ്ലിം സമൂഹത്തിന്റെ രാഷ്ട്രീയ പരിണാമങ്ങള്‍ എന്നും ഇ.എം.എസിനെ മഥിച്ചിരുന്നു.

ഇഎംഎസിനോടൊപ്പം

മുസ്ലിം സമുദായ സ്വത്വ രാഷ്ട്രീയവും ഇസ്ലാമിസ്റ്റുകളും ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ എങ്ങനെയാണ് കാണുന്നത്?

സങ്കുചിത സമുദായ രാഷ്ട്രീയവും വൈകാരികമായ സ്വത്വ രാഷ്ട്രീയവും പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകളും ചേര്‍ന്നാണ് കേരളത്തിലെ മുസ്ലിങ്ങളുടെ സാമൂഹിക ജീവിതം പ്രതിസന്ധിയിലാക്കുന്നത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അടിയുറച്ച, കറ കളഞ്ഞ മതേതര രാഷ്ട്രീയം മാത്രമാണ് മുസ്ലിമിന്റെ രക്ഷ. കേരളീയ സമൂഹത്തിന്റെ മതേതര സ്വഭാവം ഇഴപിന്നാതെ നിലനിര്‍ത്തേണ്ടത് മുസ്ലിം സമൂഹത്തിന്റെ ആവശ്യമാണിപ്പോള്‍. നൂറ്റാണ്ടുകളുടെ ദാരിദ്ര്യവും പട്ടിണിയും അനുഭവിച്ചവരാണ് മലബാറിലെ ഭൂരിപക്ഷം മുസ്ലിങ്ങളും. വിവരിക്കാനാവാത്ത പട്ടിണിയുടെ ഭൂതകാലമുണ്ട് അവര്‍ക്ക്. അവരുടെ തന്നെ കഠിന പ്രയത്‌നത്തിലൂടെ നേടിയതാണ് ഇപ്പോഴത്തെ ഭേദപ്പെട്ട സാമ്പത്തികാവസ്ഥ. പ്രവാസം അതിന് വലിയൊരു കാരണമായി. ദരിദ്ര നാരായണന്മാരുടെ പഴയ സമൂഹമല്ല മുസ്ലിങ്ങള്‍ ഇന്ന്. സാമൂഹിക-സാമ്പത്തിക മേഖലയില്‍ വലിയ സ്റ്റേയ്ക്കുള്ള ജനവിഭാഗമാണ്. പരസ്പര സഹകരണത്തിലൂടെ മാത്രം മുന്നോട്ടുപോകാവുന്ന സാമൂഹിക ജീവിതം അവര്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. കേരളത്തെ ഒരു മതേതര സമൂഹമായി നിലനിര്‍ത്താന്‍ ഏറ്റവും വലിയ പ്രയത്‌നങ്ങള്‍ നടത്തേണ്ടത് മുസ്ലിങ്ങളാണ്. അവരാണ് മതേതരത്വത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍.

മുസ്ലിങ്ങളെ പ്രതി സാമൂഹിക വിഭജനത്തിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുമ്പോള്‍ ആ സമൂഹം മൗനം പാലിക്കുക എന്നാണോ?

മൗനമല്ല. മൗനം പരിഹാരവുമല്ല. വിവേകപൂര്‍വം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുക എന്നതാണ് പ്രധാനം. അവരുടെ നേതൃത്വം വിവേകശാലികളാവുക എന്നതാണ് പ്രധാനം. അങ്ങേയറ്റം മുസ്ലിം വിരുദ്ധമായ ഒരു ദേശീയ രാഷ്ട്രീയാന്തരീക്ഷം നിലനില്‍ക്കുന്നതിനെ മനസിലാക്കുകയും നമ്മുടെ ചെറിയ തുരുത്തിലെങ്കിലും മതേതര സംവിധാനങ്ങള്‍ തകര്‍ന്നുപോകാതെ സൂക്ഷിക്കുകയും ചെയ്യേണ്ടത് മുസ്ലിം സമൂഹത്തിന്റെ ആവശ്യമാണ്. യാഥാസ്ഥിതിക പുരോഹിതര്‍ക്കും സങ്കുചിത രാഷ്ട്രീയത്തിനും ചെവി കൊടുത്തപ്പോഴെല്ലാം ആ സമൂഹം വഞ്ചിക്കപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് വിരുദ്ധതയുടെ പേരില്‍ മുഖ്യധാരയില്‍നിന്നും മലയാള ഭാഷയില്‍നിന്നും അകന്നത് അത്തരമൊരു മണ്ടത്തരമായിരുന്നു. മലയാളം നമ്മുടെ ഭാഷയല്ലെന്നായിരുന്നു പറഞ്ഞുപരത്തിയത്. സാംസ്‌കാരിക-സാഹിത്യ മുഖ്യധാരയില്‍നിന്ന് നൂറ്റാണ്ടുകളോളം പുറത്തുനിര്‍ത്തപ്പെടുകയാണ് ഇതിന്റെ ഫലമായി സംഭവിച്ചത്. അബ്ദുറഹിമാന്‍ സാഹിബിനുപോലും ശക്തമായ മലയാള ഭാഷ എഴുതാന്‍ അറിയില്ലായിരുന്നു. അല്‍ അമീന്‍ തുടങ്ങിയപ്പോള്‍ രാമന്‍ നായര്‍ എന്ന് പേരുള്ള ഒരു ട്യൂട്ടറെ വെച്ച് മലയാളം പഠിച്ചെടുത്താണ് അദ്ദേഹം പത്രാധിപ ജോലി നിര്‍വഹിച്ചത്.

മതത്തിന്റെ വേദികള്‍ മതേതര വിരുദ്ധമായ സന്ദേശങ്ങള്‍ നല്‍കാന്‍ ഉപയോഗപ്പെടുത്തുന്നത് തടയപ്പെടണം. സാമൂഹിക മാധ്യമങ്ങളില്‍ മുസ്ലിം വിരുദ്ധത ആളിക്കത്തിക്കുന്നതില്‍ ചില മത പ്രഭാഷകര്‍ക്കുള്ള പങ്ക് കാണാതിരുന്നുകൂടാ. എം.എം അക്ബര്‍മാരാണ് സെബാസ്റ്റ്യന്‍ പുന്നക്കലുമാരെ വളര്‍ത്തുന്നത്. വെള്ളിയാഴ്ചയിലെ ഖുത്ബകള്‍ മതനിരപേക്ഷതയുടെ സന്ദേശം പകരുന്നവയാകണം. ഒരു മതേതര ജനാധിപത്യ ലോകമല്ലാതെ മറ്റൊന്നും പരിഹാരമല്ല.

സാംസ്‌കാരിക രംഗത്ത് ഒരു മുസ്ലിം എന്ന നിലയിലുള്ള അനുഭവം എന്താണ്?

മുസ്ലിം എന്ന നിലയില്‍ ഞാന്‍ വിവേചനം അനുഭവിച്ചിട്ടില്ല. മനസിലാക്കപ്പെടാതെ പോയിട്ടുണ്ട്. ടൈപ്പ് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും, എന്റെ മുഖ്യധാരാ സിനിമകളിലെ മുസ്ലിം പ്ലോട്ടുകളെക്കുറിച്ചായിരുന്നു വിമര്‍ശനം. മഗ്‌രിബ്‌, ഗര്‍ഷോം, പരദേശി, വീരപുത്രന്‍- ഇവയെല്ലാം മുസ്ലിം പ്ലോട്ടുകളാണ്. ഞാന്‍ ജീവിച്ച, ഞാന്‍ അനുഭവിച്ച ജീവിത സന്ദര്‍ഭങ്ങളല്ലേ എന്റെ സര്‍ഗസൃഷ്ടികളാവുക? അത് മനസിലാക്കുന്നതില്‍ ചിലര്‍ പരാജയപ്പെട്ടു. അപൂര്‍വം ചില ബുദ്ധിജീവികള്‍ എന്നെ മുസ്ലിം ചലച്ചിത്രകാരന്‍ എന്ന് ടൈപ്പ് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. അതില്‍ എനിക്ക് പരാതിയില്ല. കാലം അവരെ തിരുത്തും.

‘എന്റെ കലാപ സ്വപ്നങ്ങള്‍’ എങ്ങനെ വായിക്കപ്പെടണമെന്നാണ് ആഗ്രഹിക്കുന്നത്?

എന്റെ സുഹൃത്തുക്കളില്‍ പലരും എന്നെ മനസിലാക്കാതെ പോയി എന്ന് ഞാന്‍ പറഞ്ഞല്ലോ. ഞങ്ങള്‍ പി.ടിയെ പരിചയപ്പെടുത്തിയതില്‍ തെറ്റുപറ്റിയെന്ന് ഒരിക്കല്‍ ടി.എന്‍ ഗോപകുമാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. കെല്‍ട്രോണ്‍ തോമസ് എന്നറിയപ്പെടുന്ന എന്റെ ഒരു ഉറ്റസുഹൃത്ത് പുസ്തകം വായിച്ചിട്ട് വിളിച്ചു. ഞങ്ങള്‍ മനസിലാക്കിയ ആളല്ല ഈ പുസ്തകത്തിലുള്ളത് എന്ന് പറഞ്ഞു.

എന്റെ സുഹൃത്തുക്കള്‍ക്ക് മുമ്പില്‍ എന്നെക്കുറിച്ച് എനിക്ക് പറയാന്‍ കഴിയാതിരുന്നത്, എന്റെ സുഹൃത്തുക്കളില്‍ ചിലര്‍ക്ക് എന്നെ മനസിലാകാതെ പോയത് ഒക്കെ പറയുകയായിരുന്നു എന്റെ ലക്ഷ്യം. എന്നെക്കുറിച്ച് എന്റെ സുഹൃത്തുക്കളോട് പറയാനുള്ളത് മറയൊന്നുമില്ലാതെ പറയാനാണ് ഞാന്‍ ഇതെഴുതിയത്. അങ്ങനെയത് വായിക്കപ്പെടണം എന്നാണ് ആഗ്രഹം.

കടപ്പാട്: മലയാളം വാരിക