‘മാംഗോ മൊബൈലിന്റെ സൈറ്റ് ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ചു, മുകേഷ് മുഖാന്തിരം ക്ഷണം, ഐബി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പിന്മാറി, പിന്നീട് കണ്ടു’; വീണ്ടും ആരോപണത്തില്‍ ഉറച്ച് പിടി തോമസ്

തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസുമായി ബന്ധപ്പെട്ട് പ്രതിചേര്‍ക്കപ്പെട്ടവരുടെ ഉടമസ്ഥതയിലുള്ള മാംഗോ മൊബൈല്‍ സൈറ്റിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ട് പിടി തോമസ് എംഎല്‍എ. മുകേഷ് എംഎല്‍എ വഴിയാണ് മുഖ്യമന്ത്രിയെ ഉദ്ഘാടനത്തിന് ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉദ്ഘാടനത്തില്‍ നിന്ന് പിന്മാറി. പിന്നീട് കോഴിക്കോട് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പ്രതികളെ കണ്ടു. ഇത് ഗൗരവതരമെന്നും പിടി തോമസ് പറഞ്ഞു.

നേരത്തെയും മാംഗോ ഉടമകളുമായി ബന്ധപ്പെട്ട് പിടി തോമസ് മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം തെറ്റാണെന്നും മാംഗോ ഫോണ്‍ ഉദ്ഘാടനം ചെയ്യുന്ന സമയത്ത് താനല്ല മുഖ്യമന്ത്രിയായിരുന്നത് എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. എന്നാല്‍ മാംഗോ ഫോണിന്റേതല്ല അവരുടെ ഉടമസ്ഥതയിലുള്ള വെബ് സൈറ്റിന്റെ ഉദ്ഘാടനത്തിന് വേണ്ടിയാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചതെന്ന് പിടി തോമസ് വീണ്ടും ആരോപിച്ചത്. ഒരു ചടങ്ങില്‍ മുഖ്യമന്ത്രി പ്രതികളിലൊരാള്‍ക്ക് കൈനല്‍കുന്ന ചിത്രവും പിടി തോമസ് പുറത്ത് വിട്ടു.

പ്രതികള്‍ക്കെതിരെ ഇന്ത്യയിലും വിദേശത്തും കേസുണ്ട്. കേരളത്തില്‍ 11 കേസുകളുണ്ടെന്നും പിടി തോമസ് പറഞ്ഞു.