പാലാ ബിഷപ്പിന്റെ വിദ്വേഷ പരാമര്‍ശത്തെ വിമര്‍ശിച്ചുകൊണ്ട് നിലപാട് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് വി ഡി സതീശനേയും കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്റ് പി. ടി തോമസിനേയും പ്രശംസിച്ച് യാക്കോബായ ബിഷപ്പ് ഗീവര്‍ഗീസ് കൂറിലോസ്. നാലു വോട്ടിനു വേണ്ടി ആദര്‍ശങ്ങള്‍ പണയപ്പെടുത്താത്തവരാണ് രണ്ട് പേരുമെന്ന് നിരണം ഭദ്രാസനാധിപന്‍ പറഞ്ഞു. മത സാമുദായിക നേതാക്കളുടെ മുന്പില് നട്ടെല്ല് വളക്കാത്തവരാണ് വി ഡി സതീശനും പി ടി തോമസുമെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.
ശരി എന്ന് ബോധ്യം ഉള്ള കാര്യങ്ങള്‍ ആരുടെ മുന്‍പിലും വിളിച്ചു പറയാന്‍ ആര്‍ജവം ഉള്ളവര്‍, അഴിമതിയുടെ കറ പുരളാത്തവര്‍, സാമൂഹ്യ/ പാരിസ്ഥിതിക പ്രശ്നങ്ങളില്‍ ധാര്‍മിക നിലപാട് ഉള്ളവര്‍, മതേതരത്വം മുറുകെ പിടിക്കുന്നവര്‍.
ബിഷപ്പ് ഗീവര്‍ഗീസ് കൂറിലോസ്
ഇവര്‍ രണ്ടു പേരും ഇന്ന് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഉണ്ട് എന്നുള്ളത് ആശാവഹമാണ്. രാജ്യത്തെ ഏറ്റവും വലിയ മതേതര രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ കോണ്‍ഗ്രസ് കേരളത്തിലും രാജ്യത്തും ശക്തമാക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് താന്‍. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ ബലക്ഷയം മുതലാക്കുന്നത് മത-വര്‍ഗീയ ശക്തികളാണ്. കേരളത്തിലും അത് പ്രകടമായി കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തോടൊപ്പം കോണ്‍ഗ്രസ്സും ശക്തമായി നിലകൊള്ളേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനായി കേരളത്തിലെ കോണ്‍ഗ്രസിന് ഒരു പുതുജീവന്‍ നല്കുവാന് ഈ നേതാക്കള്‍ക്ക് ആകട്ടെയെന്ന് ആശംസിക്കുകയാണെന്നും ബിഷപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തില്‍ ലവ് ജിഹാദും നാര്‍ക്കോട്ടിക്സ് ജിഹാദുമുണ്ടെന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് നിലപാട് ആവര്‍ത്തിച്ചു. മുസ്ലിം ക്രിസ്ത്യന്‍ സമുദായങ്ങളെ തമിലടിപ്പിക്കാനുള്ള സംഘ പരിവാര്‍ അജണ്ടയില്‍ കേരളം വീണു പോവരുത്. പരസ്പരം പാലൂട്ടി വളര്‍ത്തുന്ന ശത്രുക്കളാണ് തീവ്രവാദവും ഭീകരവാദവും പ്രോത്സാഹിപ്പിക്കുന്നത്. രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ വ്യാജ ഐഡികളിലൂടെ ആസൂത്രിത ശ്രമം നടക്കുകയാണ്. ഇതില്‍ പലതും കൈകാര്യം ചെയ്യുന്നത് സംഘ്പരിവാറുകാരാണ്. കേരളത്തില്‍ സാമുദായിക സംഘര്‍ഷം ഉണ്ടാകുന്ന ഘട്ടമുണ്ടായാല്‍ അതില്‍ കക്ഷിചേരാതെ ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്നും സതീശന് പ്രതികരിച്ചു.