പിണറായി വിജയന് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച നല്കിയ നിര്‍ണായകമായ ജനവിധിയുടെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പിടി തോമസ് ന്യൂസ്റപ്റ്റിനോട് സംസാരിച്ചു. പിണറായി വിജയനും അദ്ദേഹത്തിന്റെ സര്‍ക്കാരിനുമെതിരായ പ്രതിപക്ഷ ആക്രമണത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന പിടി തോമസുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്
ചോദ്യം: വ്യക്തിപരമായി തൃക്കാക്കരയില്‍ വിജയം നേടിയപ്പോഴും കോണ്‍ഗ്രസും യുഡിഎഫും ഗൗരവ സ്വഭാവമുള്ള പരാജയം ഏറ്റുവാങ്ങി. ഈ പരാജയത്തിന്റെ രാഷ്ട്രീയകാരണങ്ങള്‍ എന്തെല്ലാമാണ്?
ഈ പ്രതിസന്ധിക്കിടയിലും തൃക്കാക്കര മണ്ഡലത്തില്‍ വിജയം നേടാന്‍ കഴിഞ്ഞത് അഭിമാനമായി കാണുന്നതിനോടൊപ്പം, എന്റെ പാര്‍ട്ടിയും മുന്നണിയും സംസ്ഥാനത്ത് വലിയൊരു കുത്തൊഴുക്കില്‍പെട്ട് പരാജയം ഏറ്റുവാങ്ങിയത് വളരെ ശ്രദ്ധ പതിപ്പിക്കേണ്ടതും പരാജയത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ കൃത്യമായി വിലയിരുത്തപ്പെടേണ്ടതുമാണ്. ഈ പരാജയത്തിന് പല ഘടകങ്ങളുണ്ട്. ആരെയെങ്കിലും കുറ്റം പറയുന്നതിന് മുമ്പ്, നമ്മുടെ തന്നെ ചില പോരായ്മകള്‍ ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം. എനിക്കുതോന്നിയിട്ടുള്ള ഒരു കാര്യം, സംഘടനാപരവും ഘടനാപരവുമായ ചില പോരായ്മകള്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ഉണ്ടായിരുന്നു എന്നതാണ്.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം, ആ പോരായ്മയുടെ ഒരു പങ്ക് ഞാനടക്കമുള്ള നേതാക്കള്‍ക്കുണ്ട്. ഏതെങ്കിലുമൊരു നേതാവിനെ ഒറ്റതിരിഞ്ഞ് അക്രമിക്കുന്നത് ശരിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം, 19 സീറ്റുമായി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉജ്ജ്വലമായ വിജയം നേടിയപ്പോള്‍, അത് അന്നത്തെ നേതാക്കളുടെ മേന്മകൊണ്ടുണ്ടായതാണെന്ന് ആളുകള്‍ നൂറുശതമാനവും അംഗീകരിച്ച് കൊടുത്തിരുന്നില്ല. എന്നതുപോലെത്തന്നെ, ഇപ്പോഴത്തെ കോട്ടങ്ങളെല്ലാം ഈ നേതൃത്വത്തിന്റെ മാത്രം കുഴപ്പങ്ങളാണ് എന്ന് പറയുന്നതിനോടും യോജിക്കാന്‍ കഴിയില്ല. അതൊരു കൂട്ടുത്തരവാദിത്വത്തിന്റെ പ്രശ്നമാണ്. 19 സീറ്റില്‍ വിജയിച്ച ആഹ്ലാദ തിമിര്‍പ്പില്‍ പിന്നീടൊരു ആലസ്യമായി മാറിയത് വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ ആലസ്യം ഈ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു.
അതോടൊപ്പം, കോണ്‍ഗ്രസ് സംഘടന കേരളത്തിന്റെ എല്ലാ മേഖലകളിലും സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു ജനാധിപത്യ പ്രസ്ഥാനമാണെങ്കിലും ചില കാര്യങ്ങളിലെങ്കിലും അതിന്റെ താഴേത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പല മന്ദീഭാവവും ഉണ്ടായിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ വിശദമായി വിശകലനം ചെയ്ത് പോരായ്മകള്‍ക്ക് പരിഹാരം കണ്ട് മുന്നോട്ടുപോയാല്‍, ഈ പ്രതിസന്ധിയെ മറികടക്കാന്‍ കഴിയും. ഇതാണ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സംഭവിച്ച വീഴ്ചയിലെ ഒരു കാര്യം.
രണ്ടാമത്തേത്, പിണറായിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് വലിയ വിജയം നേടിയിരിക്കുകയാണ്. ആ വിജയം, രണ്ടുമൂന്ന് കാരണങ്ങളില്‍ അടിവരയിടേണ്ടതാണ്. ഒന്ന്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേതായ എല്ലാ മൂല്യങ്ങളെയും ബലികഴിച്ചുകൊണ്ടാണ് ഈ വിജയമുണ്ടായിരിക്കുന്നത്. രണ്ട്, അതിശക്തമായ വര്‍ഗീയ പ്രീണനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. മൂന്ന്, സ്റ്റാലിന്റെയും ഹിറ്റ്ലറുടേയുമൊക്കെ കാലഘട്ടത്തില്‍, ലോകത്ത് പ്രത്യേകിച്ച് യൂറോപ്പില്‍, ഗീബല്‍സ്യന്‍ തന്ത്രം ഫലപ്രദമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ആ ഗീബല്‍സ്യന്‍ തന്ത്രത്തെ കേരളത്തിലെ മാധ്യമങ്ങളെയും ചാനലുകളെയുമടക്കം ഏകശേം 100 കോടി രൂപയുടെ പിആര്‍ വര്‍ക്കുകൊണ്ട് മറച്ചുവെച്ചു.
ചോദ്യം: ഒരു തെരഞ്ഞെടുപ്പ് തപരാജയം വിലയിരുത്തുമ്പോള്‍ അതില്‍ ഉന്നയിക്കപ്പെട്ട മുദ്രാവാക്യങ്ങളും വിലയിരുത്തപ്പെടണം. പിണറായി സര്‍ക്കാരിന് എതിരായ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ പിഴച്ചുപോയി എന്ന് കരുതുന്നുണ്ടോ?
ഒരിക്കലും ഇല്ലെന്ന് മാത്രമല്ല, ആ വിമര്‍ശനങ്ങള്‍ ശരിയായിരുന്നെന്ന് കാലം തെളിയിക്കുമെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. ക്രിസ്ത്യാനികള്‍ക്കിടയില്‍ ‘വചനം മാംസമായി’ എന്നൊരു വിശ്വാസമുണ്ട്്. ആദ്യം ഒരു വചനമുണ്ടാവും. സാവധാനം അതൊരു മനുഷ്യരൂപമായി മാറും. അത് ഈ കാര്യത്തെ സംബന്ധിച്ച് പ്രസക്തമാണ്. കാരണം, ഐക്യകേരളം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണ് പിണറായി വിജയന്റേത്. അക്കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാവില്ല. പ്രതിപക്ഷ നേതവും ഞങ്ങളില്‍ പലരും ഉയര്‍ത്തിക്കൊണ്ടുവന്ന അഴിമതികളില്‍ പലതും ഒരു വചനമായി സജീവമായി നില്‍ക്കുന്നുണ്ട്. അത് മാംസരൂപം പ്രാപിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. അതില്‍നിന്ന് അവര്‍ക്ക് ഒഴിഞ്ഞുമാറാന്‍ പറ്റില്ല. കാരണം, ജനസമൂഹത്തിന് മുമ്പില്‍ താല്ക്കാലികയമായി പടുത്തുയര്‍ത്തിയ പുകമറയുടെ പിന്‍ബലത്തിലാണ് പിണറായി വിജയന് ഇന്ന് നില്‍ക്കുന്നത്.
രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഒന്ന്, ഇപ്പോള്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നൊരു പാര്‍ട്ടിയുടെ പിന്ബലമിന്നില്ല. രണ്ട്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചൈതന്യവും അതിന്റെ കൂടിയാലോചനകളും വിമര്‍ശനാത്മകമായ സമീപനങ്ങളും ഇല്ലാതായിരിക്കുന്നു. ആകെ അവശേഷിക്കുന്നത് ഒരു പിണറായിസമാണ്. സ്റ്റാലിനിസം എന്നൊക്കെ പറയുന്നതുപോലെയൊരു പിണറായിസത്തിന്റെ ആളിക്കത്തലാണ്. അത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേരിട്ട ഏറ്റവും വലിയ അപചയങ്ങളില്‍ ഒന്നാണ്.
ചോദ്യം: ക്യാമ്പയിന്റെ ഒരുഘട്ടത്തില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ വ്യത്യാസമില്ലെന്ന തോന്നലുണ്ടായി, പ്രത്യേകിച്ചും ശബരിമല, അഴിമതി എന്നീ വിഷയങ്ങളില്‍. അത് എന്തുകൊണ്ടാണ് കോണ്‍ഗ്രസും ബിജെപിയും ഒരേ പക്ഷത്തായത്?
കോണ്‍ഗ്രസും ബിജെപിയും എല്‍ഡിഎഫിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളാണ്. ഒരേ വിഷയത്തില്‍ ഭരണപക്ഷത്ത് വീഴ്ചയുണ്ടാകുമ്പോള്‍ ഇരുകൂട്ടരും അത് ഉന്നയിക്കും എന്നത് സ്വാഭാവികമാണ്. ഞങ്ങള്‍ ആലോചിച്ചുറപ്പിച്ച് നടപ്പാക്കിയതല്ല അവ. ആ വിഷയങ്ങളൊക്കെ അന്നും ഇന്നും പ്രസക്തമാണ്. ശബരിമല വിഷയം വിശ്വാസികളുമായി ബന്ധപ്പെട്ട കാര്യമാണ്. അതില്‍ ഒരു അഭിപ്രായപ്രകടനം ഞാന്‍ നടത്തുന്നില്ല. അതേസമയം, സ്പ്രിംഗ്ളര്‍ മുതല്‍ ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വരെ, സ്വര്ണക്കള്ളക്കടത്തുമുതല് സ്പീക്കര്‍ക്ക് എതിരെയുള്ള അന്വേഷണം വരെ ഏതുകാര്യമെടുത്തുനോക്കിയാലും ഈ സര്‍ക്കാരിന് ഒരു നല്ല പ്രതിച്ഛായയുണ്ടെന്ന് പറയാന്‍ കഴിയുമോ? പിണറായി വിജയന് ഇന്ന് നടത്തിക്കൊണ്ടിരിക്കുന്ന പിണറായിസം തെറ്റാണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അവശേഷിക്കുന്നവര്‍ തുറന്നുപറയുന്ന കാലം വിദൂരമല്ല.
ലാവ്ലിന് അടക്കമുള്ള ആരോപണങ്ങളില്ത്തട്ടി പിണറായി ഉലയും. ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളുടെ ഒരു വളര്‍ച്ചയില്‍, വചനം മാംസമാവുന്ന ഒരു ഘട്ടമുണ്ടാവും. എനിക്ക് ആ കാര്യത്തില്‍ സംശയമില്ല.
ചോദ്യം: അതേസമയം, കൊവിഡ് കാലത്തെ കിറ്റ് വിതരണമുള്‍പ്പെടെ ജനങ്ങള്‍ക്ക് നേരിട്ട് അനുഭവിക്കാവുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കി. കോണ്‍ഗ്രസും പ്രകടന പത്രികയില്‍ സമാന വാഗ്ദാനങ്ങളാണ് നല്‍കിയത്. പക്ഷേ, അത് വിശ്വസിക്കപ്പെട്ടില്ല. ജനങ്ങളെ വിശ്വസിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിയാതെ വരുന്നത് എന്തുകൊണ്ടാണ്?
കിറ്റ് മാത്രമാണ് പിണറായി വിജയന്റെ വിജയത്തിന്റെ അടിസ്ഥാനമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കിറ്റ് ഒരു ഘടകമായിട്ടുണ്ടാവാം. ആറുമാസം മുമ്പ് മരണപ്പെട്ട എസ് വി പ്രദീപ് ഒരു ലൈവ് വീഡിയോ ചെയ്തിരുന്നു. കേരളത്തില്‍ പിണറായി വിജയന് വീണ്ടും അധികാരത്തില്‍ വരുമെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. ആര്‍എസ്എസ്-ബിജെപി നേതൃത്വവുമായി പിണറായി വിജയന് ഒരു നീക്കുപോക്കുണ്ടാക്കിയിട്ടുണ്ടെന്നാണ് അതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അത് കൃത്യമായി നടപ്പിലാക്കപ്പെടും എന്ന് അദ്ദേഹം ഒരു പ്രവചനം പോലെ പറഞ്ഞു. അദ്ദേഹം ദുരൂഹചസാഹചര്യത്തില് മരണപ്പെടുകയും ചെയ്തു.
പ്രദീപ് പറഞ്ഞത് ഞാന്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. അക്കാര്യം കൃത്യമായി സംഭവിച്ചു. കഴിഞ്ഞ ദിവസം പിണറായി വിജയന് യുഡിഎഫും ബിജെപിയും സഖ്യം ചേര്‍ന്നുണ്ടാക്കിയ 90 സീറ്റുകളെക്കുറിച്ച് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയോടോ എകെ ആന്റണിയോടോ കരുണാകരനോടോ ചോദിക്കാവുന്നതുപോലെ ചോദ്യങ്ങള്‍ ചോദിക്കാന്‍ പറ്റുന്ന നേതാവല്ല പിണറായി എന്നതിലേക്ക് മാധ്യമങ്ങള്‍ പോലും എത്തിക്കഴിഞ്ഞു. പിണറായിക്ക് ഇഷ്ടമുള്ള ചോദ്യങ്ങളേ ചോദിക്കാന്‍ പറ്റുള്ളൂ. അല്ലാത്തവരെ ചോദ്യം കഴിയുമ്പോഴേക്ക് സൈബര്‍ ഗുണ്ടകള്‍ അക്രമിക്കും എന്നുള്ളതുകൊണ്ട് അവരാരും ധൈര്യപ്പെടുന്നില്ല.
ചോദ്യം: ആര്‍എസ്എസും പിണറായി വിജയനും തമ്മില്‍ രാഷ്ട്രീയപരമായ ധാരണയുണ്ടെങ്കില്‍ അതിന്റെ നേട്ടം ആര്‍എസ്എസിനും കിട്ടേണ്ടതല്ലേ?
കിട്ടേണ്ടതായിരുന്നു. എന്നാല്‍, ഈ ഗുണം ലഭിക്കാന്‍ അവര്‍ കണ്ടുവെച്ചിരുന്ന കരാര്‍ എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നത്, മഞ്ചേശ്വരം, പാലക്കാട്, തൃശൂര്‍, നേമം, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളായിരുന്നു. ഈ അഞ്ച് സ്ഥലത്തും കിട്ടാവുന്നതില്‍ നല്ല സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് നിര്ത്തിതാണ് അവര്‍ക്ക് തിരിച്ചടിയായത്. മുന്‍ കെപിസിസി പ്രസിഡന്‍ും എംപിയുമായ മുരളീധരനെ നേമത്ത് ഇറക്കി. യൂത്ത് കോണ്‍ഗ്രസിന്റെ ഏറ്റവും മിടുമിടുക്കന്‍ നേതാവ് ഷാഫി പറമ്പിലാണ് മെട്രോമാനെ നേരിട്ടത്. കെ കരുണാകരന്റെ മകളാണ് തൃശൂരില്‍ മത്സരിച്ചത്. മഞ്ചേശ്വരത്തെ ലീഗ് സ്ഥാനാര്‍ത്ഥി മറ്റ് മൂന്ന് എതിരാളികളേക്കാളും മനോഹരമായി കന്നഡ ഭാഷ കൈകാര്യം ചെയ്യുന്ന ചെറുപ്പക്കാരനായിരുന്നു. ഈ കാരണങ്ങളാല്‍ ഇവരുണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടില്‍ ആര്‍എസ്എസിനും ബിജെപിക്കും വേണ്ടി കണക്കാക്കി വെച്ചിരുന്ന സീറ്റ് സീറ്റ് കിട്ടാതെ പോയി എന്നേയുള്ളു. അത് കാലം തെളിയിക്കും.
കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത്തില് ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും മാത്രമല്ല, മുഴുവന്‍ ക്രഡിറ്റും യുഡിഎഫിന് മാത്രമാണ്.
ചോദ്യം: പിണറായി മകളുടെ പേരും വ്യക്തിപരമായി ഉന്നയിച്ചത് താങ്കളാണ്. അത്തരം കാര്യങ്ങളില്‍ ഇപ്പോഴും ഉറച്ച് നില്ക്കുന്നുണ്ടോ?
ഞാന്‍ പറഞ്ഞത് പകലുപോലെ സത്യമായ കാര്യമാണ്. പലവട്ടം ആലോചിച്ചിട്ടാണ് അക്കാര്യങ്ങള്‍ നിയമസഭയില്‍ പറഞ്ഞത്. സഭയില്‍ എംഎല്‍എ എന്നുള്ള പരിരക്ഷ ഉള്ളതുകൊണ്ട് മാത്രം പറഞ്ഞതല്ല. പുറത്ത് പത്രസമ്മേളനം നടത്തിയും പറഞ്ഞിരുന്നു. പിണറായി വിജയന്റെ മകള്‍ക്കെതിരെ ഞാന്‍ ആരോപണമുന്നയിച്ച അന്ന് രാത്രി അവരുടെ കമ്പനിയുടെ അക്കൗണ്ട് അപ്രത്യക്ഷമായി. ഈ നിമിഷം വരെ ആ അക്കൗണ്ട് തിരിച്ചുവന്നിട്ടില്ല. അതിന് മുമ്പുണ്ടായിരുന്ന അക്കൗണ്ട് ഞാനെടുത്ത് സൂക്ഷിച്ചുവെച്ചിട്ടുണ്ട്. കരിങ്കുരങ്ങ് രസായനം സേവിക്കുന്നതിന് മുമ്പും പിമ്പും എന്ന പരസ്യം വരുന്നത് പോലെയാണ് അത്. എന്റെ ആരോപണത്തിന് മുമ്പുള്ള കമ്പനിയുടെ അക്കൗണ്ടുമുണ്ട്, പിന്നീടുള്ളതുമുണ്ട്. എന്തിനാണ് ഒരു രാത്രികൊണ്ട് ഇതില്‍ മാറ്റം വരുത്തുന്നത്?
ആലുവയില്‍ പ്രവര്‍ത്തിക്കുന്ന കരിമണല്‍ കര്‍ത്തയുടെ കമ്പനിയില്‍നിന്നും മുഖ്യമന്ത്രിയുടെ കമ്പനിയിലേക്ക് ഒരു തുക എത്തിയിട്ടുണ്ട്. ഞാന്‍ പറഞ്ഞ ആ കാര്യം ഇന്നുവരെയും ആരും നിഷേധിച്ചിട്ടില്ല. കരിമണല്‍ കര്‍ത്തയും മുഖ്യമന്ത്രിയുടെ മകളും നിഷേധിച്ചിട്ടില്ല. ആ തുക അക്കൗണ്ടില്‍ ഉണ്ട്. ഓഡിറ്റിലുമുണ്ട്. ലോകം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന കൂപ്പേഴ്സ് കമ്പനിയുടെ എക്സിക്യുട്ടീവ് ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍, വീണ വിജയന് ഏകാംഗമായിട്ടുള്ള കമ്പനിയുടെ മെന്ററാണ്. അദാനി വന്ന് ഇവിടുത്തെ ഒരു റേഷന്‍ കടയുടെ മാനേജര്‍ ആവുന്നതിന് തുല്യമായ പരിപാടിയാണിത്. ആ ബന്ധത്തിന്റെ ആഴം എന്താണ്?
ചോദ്യം: കോണ്‍ഗ്രസിനകത്ത് ഇനി എന്തുമാറ്റമാണ് പ്രതീക്ഷിക്കുന്നത്?
എ മാറി ബി വന്നു എന്നതുപോലുള്ള മാറ്റമല്ല വേണ്ടത്. മുല്ലപ്പള്ളിയും ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും മാറി വേറൊരു ടീം വന്ന് ചപരിഹരിക്കപ്പെടുന്ന വിഷയമല്ലിത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനം മികച്ചതായിരുന്നു. ചില പോരായ്മകള്‍ എല്ലാവര്ക്കും ഉണ്ടാവാം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 19 സീറ്റ് കിട്ടുന്നത് കേരളത്തിന്റെ പൊതു അന്തരീക്ഷമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ 40ല്‍ പരം സീറ്റുകളിലേക്കൊതുങ്ങന്നത് നേതൃത്വത്തിന്റെ പ്രശ്നം മാത്രമാണെന്നും പറയന്നതില്‍ ഒരു യുക്തിഭദ്രതയില്ല. അതേസമയം, കോണ്‍ഗ്രസ് നേതൃത്വം അപക്വമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതിന് പകരം മൂല്യവത്തായ വിലയിരുത്തല്‍ നടത്തുകയാണ് വേണ്ടത്. താഴേത്തട്ടിലുള്ള കമ്മറ്റികള്‍ക്ക് കുഴപ്പമുണ്ടോ എന്നൊക്കെ പരിശോധിക്കണം. പരാജയത്തില്‍ ആരെയും വ്യക്തിപരമായി കുറ്റപ്പെടുത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അങ്ങനെ കുറ്റം പാര്‍ട്ടി നേതൃത്വത്തിനുണ്ടെങ്കില്‍ അതിലൊരു അംശത്തന്റെ ഉത്തരവാദി ഞാന്‍ കൂടെയാണ്.