സാബു ജേക്കബുമായുള്ള പന്തയത്തില്‍ 50 കോടി കിട്ടുമെന്നുറപ്പിച്ച് പി ടി തോമസ്; ‘തുക കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിന്’

എറണാകുളം കടമ്പ്രയാര്‍ മലിനീകരണവുമായി ബന്ധപ്പെട്ട് കിറ്റക്‌സ് കമ്പനിക്കെതിരെ നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കുമെന്നാവര്‍ത്തിച്ച് തൃക്കാക്കര എംഎല്‍എ പിടി തോമസ്. ആരോപണങ്ങള്‍ക്ക് ഏഴ് ദിവസത്തിനകം തെളിവു തന്നാല്‍ 50 കോടി രൂപ കൈമാറുമെന്ന കിറ്റക്‌സ് എംഡി സാബു ജേക്കബിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് കോണ്‍ഗ്രസ് എംഎല്‍എ വ്യക്തമാക്കിയിരുന്നു. വരുന്ന ചൊവ്വാഴ്ച്ച ട്വന്റി ട്വന്റി കോഡിനേറ്റര്‍ കൂടിയായ സാബു ജേക്കബിന് മറുപടി നല്‍കുമെന്ന് പിടി തോമസ് പ്രഖ്യാപിച്ചു.

50 കോടി പോലെ വന്‍ തുക ഇനാം പ്രഖ്യാപിക്കുമ്പോള്‍, അതേക്കുറിച്ച് പൊതുസമൂഹത്തിന് വിശ്വാസ്യതയുണ്ടാക്കുന്നതിനായി എസ്‌ക്രോ അക്കൗണ്ടില്‍ നിക്ഷേപിക്കാനുള്ള മാന്യത കാണിക്കണം.

പി ടി തോമസ്

താന്‍ ആരോപണങ്ങള്‍ വസ്തുതാപരമായി തെളിയിക്കുമെന്നും 50 കോടി രൂപ തനിക്ക് കിട്ടുമെന്നും പിടി തോമസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വസ്തുതാപരമായ മറുപടിക്ക് ശേഷം ഈ തുക ലഭിക്കുമ്പോള്‍ അത് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത പാവപ്പെട്ട കുട്ടികള്‍ക്ക് മൊബൈല്‍ വാങ്ങുന്നതിനായി ഉപയോഗിക്കുന്നതാണ് എന്നും അറിയിച്ചുകൊള്ളുന്നു.

പി ടി തോമസ്

പി ടി തോമസ് നിയമസഭയില്‍ ആരോപിച്ചത്

“തൃക്കാക്കരയുള്‍പ്പെടെ അഞ്ച് നിയോജക മണ്ഡലങ്ങളിലെ ജലാശയങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന വന്‍ തോതില്‍ മലിനീകരിക്കപ്പെടുകയാണ്. ഇതിന് പിന്നില്‍ കിറ്റക്‌സ് ഗാര്‍മെന്റ്‌സ് കമ്പനിയാണ്. കടമ്പ്രയാറിലും പെരിയാറിലും സമീപ പ്രദേശങ്ങളിലെ കിണറുകളിലും കുളങ്ങളിലും മാലിന്യമൊഴുകുന്നത് ജീവന് ഭീഷണിയാണ്. ലോകത്ത് പരിസ്ഥിതിക്ക് ഏറ്റവും ഭീഷണിയായുണ്ടാക്കുന്ന രാസമാലിന്യങ്ങള്‍ പുറത്തുവിടുന്നത് ടെക്‌സ്റ്റൈല്‍ നിര്‍മ്മാണ യൂണിറ്റുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തിരുപ്പൂരില്‍ മദ്രാസ് ഹൈക്കോടതിയുടേയും സുപ്രീം കോടതിയുടേയും ഉത്തരവിനെ തുടര്‍ന്ന് 150ല്‍ പരം യൂണിറ്റുകള്‍ അടച്ചുപൂട്ടിയിരുന്നു. ഇതില്‍ കിറ്റക്‌സിന്റെ ഡൈയിങ്ങ്, ബ്ലീച്ചിങ്ങ് യൂണിറ്റും ഉള്‍പ്പെട്ടിരുന്നു. കേരള സര്‍ക്കാരിന്റെ അനുമതിയുണ്ടോ എന്ന് സംശയിക്കാവുന്ന തരത്തിലാണ് കിറ്റക്‌സിന്റെ യൂണിറ്റുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്.

തിരൂപ്പൂരിലെ യൂണിറ്റുകളെ ആശ്രയിച്ചിരുന്ന ദക്ഷിണേന്ത്യയിലെ ഡസന്‍ കണക്കിന് മില്ലുകള്‍ ഇപ്പോള്‍ തുണികള്‍ ലോറികളില്‍ കിറ്റക്‌സിലെത്തിച്ചാണ് ഡൈയിങ്ങും ബ്ലീച്ചിങ്ങും നടത്തുന്നത്. ഇത് ചെയ്യുന്നത് ആധുനിക മാലിന്യാ സംസ്‌കരണ പ്ലാന്റില്ലാതെയാണ്. ഒരു ദിവസം 10 ലക്ഷം ലിറ്റര്‍ ഭൂഗര്‍ഭ ജലമാണ് കിറ്റക്‌സിന്റെ യൂണിറ്റ് ഉപയോഗിക്കുന്നത്. (പിന്നീട് 19 ലക്ഷം എന്ന് തിരുത്തി). എല്ലാ നിയമങ്ങളും ലംഘിച്ചാണ് ഭൂഗര്‍ഭജലം ഊറ്റുന്നത്. ജനങ്ങള്‍ സമരം ആരംഭിച്ചപ്പോള്‍ ട്വന്റി ട്വന്റി എന്ന സംഘടന രൂപീകരിച്ചു. മലിനീകരണത്തിന് നോട്ടീസ് നല്‍കിയ പഞ്ചായത്തിന്റെ ഭരണം പിടിച്ചെടുത്താണ് സമരത്തെ നേരിട്ടത്.

വസ്ത്രങ്ങള്‍ക്ക് നിറം കൊടുക്കുന്ന രാസമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള സംവിധാനം കിറ്റക്‌സ് കമ്പനിക്കില്ല. ഇത്തരം കമ്പനികള്‍ ആദ്യം ഈ മാലിന്യങ്ങള്‍ സുരക്ഷിതമായ ടാങ്കുകളില്‍ ശേഖരിച്ച് അതിന്റെ ദോഷകരമായ ഘടകങ്ങള്‍ വേര്‍തിരിക്കുന്നതിനുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് അരിച്ചുമാറ്റി ഉപയോഗപ്രദമാക്കുകയും ശേഷിക്കുന്ന മാലിന്യം സുരക്ഷിതമായി സംസ്‌കരിക്കുകയുമാണ് ചെയ്യുന്നത്. ഇവയെ അസംസ്‌കൃത വസ്തുവാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യ കിറ്റക്‌സില്‍ ഉപയോഗിക്കുന്നില്ല. ഇവിടെ നിബന്ധനകള്‍ പാലിക്കാതെ അപകടകരമായ മാലിന്യങ്ങള്‍ കൃഷിയിടങ്ങളിലും പുഴയിലും ഇടുകയാണ്. റിവേഴ്‌സ് ഓസ്‌മോസിസ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നില്ല അതിനാല്‍ എറണാകുളം ജില്ലയിലെ ഏറ്റവും സുപ്രധാന മേഖലയിലെ ജലസ്രോതസ്സുകള്‍ മലിനമാക്കപ്പെടുകയാണ്. പുഴയിലേക്ക് ഒഴുക്കുന്നത് നൂറ് കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞാലും നശിക്കാത്ത മാലിന്യമാണ്. ഇതിനെതിരെ നടപടി സ്വീകരിക്കണം.”

സാബു ജേക്കബിന്റെ വെല്ലുവിളി

കിറ്റക്‌സിന് തിരുപ്പൂരില്‍ ബ്ലീച്ചിങ്ങ്, ഡൈയിങ് യൂണിറ്റ് ഉണ്ടായിട്ടില്ല, ഇപ്പോഴുമില്ല. മറിച്ചുതെളിയിച്ചാല്‍ പിടി തോമസിന് 10 കോടി

തിരുപ്പൂരില്‍ കിറ്റക്‌സിന്റെ നാലെണ്ണം ഉള്‍പ്പെടെ 150 യൂണിറ്റുകള്‍ പൂട്ടിച്ച് മദ്രാസ് ഹൈക്കോടതിയും സുപ്രീം കോടതിയും പുറപ്പെടുവിച്ച ഉത്തരവ് കാണിച്ചാല്‍ 10 കോടി

തിരുപ്പൂരില്‍ കിറ്റക്‌സിനുണ്ടായിരുന്നെന്ന് പറയുന്ന യൂണിറ്റുകള്‍ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്നതിന്റെ ഏതെങ്കിലും രേഖകള്‍ ഹാജരാക്കിയാലും 10 കോടി

വടക്കേ ഇന്ത്യയിലെ കമ്പനികളുടെ ലോബികള്‍ വന്ന് തിരിച്ചു പോകുന്നതിന്റെ എന്തെങ്കിലും രേഖകള്‍ കാണിച്ചുതരിക. നികുതി രേഖകളായാലും മതി, 10 കോടി.

കിറ്റക്‌സില്‍ നിന്നുള്ള ഏതെങ്കിലും രാസവസ്തു കടമ്പ്രയാറിനെ മലിനമാക്കുന്നെന്ന് ജലം പരിശോധിച്ച് തെളിയിക്കാനായാല്‍ 10 കോടി.

പിടി തോമസ് തെളിവുകള്‍ കൊണ്ടുവന്നില്ലെങ്കില്‍ മാപ്പ് പറഞ്ഞ് തല മൊട്ടയടിച്ച് എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്നാണ് കിറ്റക്‌സ് എംഡിയുടെ ഡിമാന്‍ഡ്.

സര്‍ക്കാരിന്റെ പ്രതികരണം

പി ടി തോമസ് എംഎല്‍എയുടെ സബ്മിഷന്‍ അത്ര ഗൗരവമുള്ളതല്ലെന്ന തരത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. സീവേജ് മാലിന്യവും ഖരമാലിന്യവും ബ്രഹ്മപുരം പ്ലാന്റില്‍ നിന്നുള്ള മാലിന്യവുമാണ് പുഴയെ മലിനപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മാസവും കടമ്പ്രയാറില്‍ നിന്ന് സാംപിള്‍ ശേഖരിച്ച് പരിശോധിക്കുന്നുണ്ട്. വെള്ളത്തില്‍ ഓക്‌സിജന്റെ അളവ് കൂടുതലാണ്. അപകടകാരിയായ കോളിഫോം ബാക്ടീരിയയുടെ അളവും കൂടുതലായി കാണുന്നു. സമീപത്തെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങിയ സ്ഥലത്ത് പരിശോധന നടത്തി നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ട്. പുഴയുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങളില്‍ ഇടവിട്ട് പരിശോധന നടത്തി വരുന്നു. ഈ വിഷയം ഉയര്‍ത്തിയ അംഗം ഒരു പ്രത്യേക കമ്പനിക്കെതിരെ ആരോപണമുയര്‍ത്തുന്നതിന് പ്രത്യേക കാരണമുണ്ടാകാം. നിയമലംഘനമുണ്ടോയെന്ന് പരിശോധിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.