‘സാമ്പത്തിക ലാഭവും വ്യക്തികളുടെ സ്വാര്‍ത്ഥതയുമാണ് കുറ്റകൃത്യങ്ങളുടെ കാതല്‍’; പാലാ ബിഷപ്പിന്റെ പ്രതികരണം സമുദായ സൗഹാര്‍ദം വളര്‍ത്തുന്നതല്ലെന്ന് പി.ടി തോമസ്

കൊച്ചി: പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാടിന്റെതായി പുറത്ത് വന്ന വാര്‍ത്ത സമുദായ സൗഹാര്‍ദ്ധം വളര്‍ത്താന്‍ ഉപകരിക്കുന്നതല്ലെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ട് പി.ടി തോമസ് എം.എല്‍.എ. സാമ്പത്തിക ലാഭവും വ്യക്തികളുടെ സ്വര്‍ത്ഥതയുമാണ് കുറ്റകൃത്യങ്ങളുടെ കാതലെന്നും അദ്ദേഹം പറഞ്ഞു.

ജാതി-മതാടിസ്ഥാനത്തില്‍ കുറ്റവാളികള്‍ പ്രവര്‍ത്തിക്കുന്നതു ആധുനിക കാലഘട്ടത്തില്‍ വിരളമാണ്. ഇത്തരം നിരീക്ഷണങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന വിള്ളല്‍ അപകടകരമാണ്. എന്നും മത സൗഹാര്‍ദം പുലര്‍ത്തിപ്പോരുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാന്‍ ആരും ഇന്ധനം നല്‍കരുതെന്നും പി.ടി തോമസ് പറഞ്ഞു.

കേരളത്തില്‍ ലൗജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്കാട്ട് വചന സന്ദേശം നല്‍കുന്നതിനിടെ പറഞ്ഞിരുന്നു. നാര്‍ക്കോട്ടിക്, ലൗ ജിഹാദുകള്‍ക്ക് കത്തോലിക്ക പെണ്‍കുട്ടികളെ ഇരയാക്കുന്നുവെന്നും അതിനെതിരെ കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുറവിലങ്ങാട് പള്ളിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ബിഷപ്പിന്റെ പ്രസംഗം പുറത്തുവന്നത്.

ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്. ഇത്തരക്കാര്‍ക്ക് നിഷിപ്ത താല്‍പര്യം ഉണ്ട്. ഇതര മതസ്ഥരായ യുവതികള്‍ ഐ.എസ് ക്യാമ്പില്‍ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസ്സിലാകുമെന്ന് ബിഷപ്പ് പറഞ്ഞു.

വര്‍ഗീയതയും വിദ്വേഷവും വെറുപ്പും മതസ്പര്‍ധയും അസഹിഷ്ണുതയും വളര്‍ത്താന്‍ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികള്‍ ലോകമെമ്പാടും ഉണ്ട്. ഇതിനെതിരെ കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നും ബിഷപ്പ് പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.

ജിഹാദിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നതും ബിഷപ്പ് ആരോപിച്ചിരുന്നു.