തിരുവനന്തപുരം: കിറ്റെക്സ് കമ്പനിക്കെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണെന്നും കിറ്റെക്സ് ഉടമ സാബു ജേക്കബ് പറഞ്ഞ പന്തയത്തുക തനിക്ക് വേണ്ടെന്നും എംഎല്‍എയും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമായ പിടി തോമസ്. ജീവന്റെയും കുടിവെള്ളത്തിന്റെയും പ്രശ്നമാണിത്. അതിനെ 50 കോടിയുടെ വലിപ്പം കാണിച്ച് ലളിതമാക്കേണ്ടെന്നും പിടി തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പിടി തോമസ് നിയമസഭയില്‍ കിറ്റെക്സ് കമ്പനി കടമ്പ്രയാറില്‍ മാലിന്യമൊഴുക്കുന്നു എന്നതടക്കമുള്ള ആരോപണങ്ങളുന്നയിച്ചത്. ഇതിനെ എതിര്‍ത്ത് രംഗത്തെത്തിയ സാബു ജേക്കബ് തെളിവുമായി എത്തിയാല്‍ 50 കോടി നല്‍കാമെന്നും മറിച്ചാണെങ്കില്‍ പിടി തോമസ് തലമുണ്ഡനം ചെയ്ത് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നുമുള്ള വാദമുയര്‍ത്തിയത്. ഇതിന് മറുപടി നല്‍കുകയായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ എംഎല്‍എ.
50 കോടി നല്‍കാമെന്ന് പറഞ്ഞത് തെറ്റായ മാര്‍ഗ്ഗങ്ങളിലൂടെയാണ്. അതുകൊണ്ട് തനിക്കാ തുക ആവശ്യമില്ല. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ്. 13 വര്‍ഷം കഴിഞ്ഞിട്ടും കിറ്റെക്സ് കമ്പനി സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുള്ള സീറോ ലിക്വിഡ് ഡിസ്ചാര്‍ജ് സംവിധാനം സ്ഥാപിച്ചിട്ടില്ല. കടമ്പ്രയാര്‍ നദി വലിയതോതില്‍ മലിനമായിക്കൊണ്ടിരിക്കുകയാണ്. പത്ത് ലക്ഷത്തിലധികം ജനങ്ങളുടെ കുടിവെള്ള ശ്രോതസ്സാണിത്. കമ്പനി എല്ലാ നിയമങ്ങളും പാലിക്കുന്നുണ്ടെന്ന വാദം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
കമ്പനിക്കെതിരെ താന്‍ പ്രവര്‍ത്തിച്ചതുകൊണ്ടാണ് തനിക്കെതിരെ ട്വന്റി ട്വന്റി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതെന്നും പിടി തോമസ് ചൂണ്ടിക്കാട്ടി. യുഡിഎഫിന് ഏറ്റവുമധികം സീറ്റ് ലഭിക്കാറുള്ളത് എറണാകുളം ജില്ലയിലാണ്. ആ സീറ്റുകളിലേക്കാണ് ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. ട്വന്റിട്വന്റി പിണറായി വിജയന്റെ ബി ടീമാണെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നല്ലോയെന്നും പിടി തോമസ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഈ പണം പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി ഉപയോഗിക്കുമെന്ന് പിടി തോമസ് പറഞ്ഞിരുന്നു.