‘ശക്തമായി ഗ്രൂപ്പിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ഞാന്‍, 2009 മുതല്‍ അതില്ല’; ഗ്രൂപ്പിന് അതീതനെന്ന് സതീശന്‍ തെളിയിക്കട്ടെ എന്ന് പിടി തോമസ്

തിരുവനന്തപുരം: വിഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ്. കോണ്‍ഗ്രസിലും യുഡിഎഫിലും ഇനിയൊരു പൊളിച്ചെഴുത്തിന് സാധ്യതയുണ്ട്. ഗ്രൂപ്പുകള്‍ക്ക് അതീതനായി പ്രവര്‍ത്തിക്കുന്നുവെന്ന് തെളിയിക്കേണ്ടത് സതീശനാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ തന്റെ ഓരോ പ്രവര്‍ത്തനമേഖലയിലും കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് സതീശന്‍. നിയമസഭയ്ക്കകത്തും പുറത്തും അദ്ദേഹത്തിന് മികച്ച പ്രവര്‍ത്തന പരിചയമുണ്ട്. അഭിപ്രായരൂപീകരണത്തിന് ശേഷമുള്ള തീരുമാനമാണ് സതീശന്റെ നിയമനം. അതിന് തലമുറ മാറ്റമെന്ന് വേണമെങ്കില്‍ പറയാം. ഹൈക്കമാന്‍ഡാണ് അക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതെന്നും പിടി തോമസ് വ്യക്തമാക്കി.

‘കേരളത്തില്‍ ഏറ്റവും ശക്തമായി ഗ്രൂപ്പിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ഞാന്‍. എന്നാല്‍ 2009 മുതല്‍ എനിക്ക് അത്തരമൊരു പ്രവര്‍ത്തനമില്ല. പാര്‍ട്ടിയെ വലിയ കുഴപ്പത്തിലേക്ക് ഗ്രൂപ്പിസം നയിക്കുമെന്ന വിശ്വാസത്തിലാണ് പിന്‍മാറിയത്. ഗ്രൂപ്പുകള്‍ക്കതീതമായിട്ടാണ് നില്‍ക്കുന്നതെന്ന് സതീശന്‍ പ്രവര്‍ത്തനങ്ങളിലൂടെ തെളിയിക്കേണ്ട കാര്യമാണ്. അപ്പോള്‍ മാത്രമേ നമുക്കതിനെ വിലയിരുത്തനാകൂ’ പിടി തോമസ് പറഞ്ഞു.

Also Read: ‘കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ദളിതര്‍ക്ക് അയിത്തമുണ്ട്, എന്നെ പരിഗണിക്കാത്തത് യോഗ്യതയില്ലാത്തതുകൊണ്ടല്ല’; കൊടിക്കുന്നില്‍ സുരേഷ്

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരണമെന്ന് ചിലര്‍ക്ക് അഭിപ്രായമുണ്ടായിരുന്നു. താനടക്കമുള്ള മറ്റുചിലരുടെ പേരുകളും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരുന്നു. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ അതിനൊപ്പം ഉറച്ച് നില്‍ക്കുക എന്നതാണ് നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: ‘ഗ്രൂപ്പുകളെ ഫിനിഷ് ചെയ്യണമെന്നല്ല, പക്ഷെ, കാലത്തിന്റെ വിളി കേള്‍ക്കണം’; കെ സി വേണുഗോപാല്‍

കാലത്തിന്റെ വിളി അനുസരിച്ച് മാത്രമേ കോണ്‍ഗ്രസിന് ഇനി മുന്നോട്ടുപോകാന്‍ കഴിയൂ എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും തുറന്നുപറഞ്ഞിട്ടുണ്ട്. ഗ്രൂപ്പുകളെല്ലാം മഹാപാപമാണെന്ന് പറഞ്ഞ് മുന്നോട്ടു പോകേണ്ട കാലമല്ല ഇത്. പാര്‍ട്ടി ശക്തിപ്പെടുത്തുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. ഗ്രൂപ്പുകളെ എല്ലാം ഫിനിഷ് ചെയ്ത് പോകണമെന്നല്ല ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം. അങ്ങനെ താല്‍പര്യപ്പെടുന്നവരും താല്‍പര്യപ്പെടാത്തവരുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: ‘ബൈഗോണ്‍ ഈസ് ബൈഗോണ്‍’; ഞാന്‍ സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതായിരുന്നെന്ന് ചെന്നിത്തല

പക്ഷെ, എപ്പോഴാണ് അപകടം വരുന്നത്? ഗ്രൂപ്പിന്റെ താല്‍പര്യങ്ങള്‍ പാര്‍ട്ടിയുടെ പൊതുതാല്‍പര്യങ്ങളേപ്പോലും അവഗണിച്ച് മുന്നോട്ടുപോകുമ്പോഴാണ് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടായത്. അത് മനസിലാക്കി പാര്‍ട്ടി താല്‍പര്യത്തിന് മുന്‍തൂക്കം കൊടുക്കുക എന്നതാണ് അന്തിമമായുള്ള നടപടി. അത് എല്ലാവരും സമ്മതിക്കും. കാരണം കാലത്തിന്റെ വിളി അതാണ്. കാലത്തിന്റെ വിളിക്ക് അനുസരിച്ച് പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകും. അതിന് ഉത്തരവാദിത്തപ്പെട്ട നേതാക്കന്‍മാര്‍ അതിനനുസരിച്ച് പെരുമാറും എന്ന് തന്നെയാണ് ഞാന്‍ മനസിലാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.