പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക്സ് ജിഹാദ് പരാമര്‍ശം വിവാദമായിരിക്കെ രൂക്ഷ വിമര്‍ശനവുമായി യാക്കോബായ ബിഷപ്പ് ഗീവര്‍ഗീസ് കൂറിലോസ്. സുവിശേഷം സ്നേഹത്തിന്റേതാണ്, വിദ്വേഷത്തിന്റേതല്ലെന്ന് നിരണം ഭദ്രാസനാധിപന്‍ ചൂണ്ടിക്കാട്ടി. അള്‍ത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുത്. മതേതരത്വം അതിവേഗം തകര്‍ക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഒഴിവാക്കണമെന്നും ബിഷപ്പ് പറഞ്ഞു.
ദേവാലയത്തിലെ പ്രസംഗപീഠം വാദപ്രതിവാദത്തിന് വേണ്ടി ദുരുപയോഗം ചെയ്യരുത്.
ബിഷപ്പ് ഗീവര്‍ഗീസ് കൂറിലോസ്
രാഷ്ട്രീയ സംസ്കാരിക രംഗത്തുനിന്നും സമൂഹമാധ്യമങ്ങളില്‍ നിന്നും രൂക്ഷ വിമര്‍ശനമുയരുമ്പോഴും റോമന്‍ കത്തോലിക്കാ സഭാ പ്രതിനിധികള്‍ ഒരു മതവിഭാഗത്തില്‍ പെട്ടവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് തുടരുകയാണ്. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക്സ് ജിഹാദ് പരാമര്‍ശം ആവര്‍ത്തിച്ചും ബിഷപ്പിന് പിന്തുണ നല്‍കിയും ഇരിങ്ങാലക്കുട രൂപത രംഗത്തെത്തി. ലൗ ജിഹാദിനും ലഹരി ജിഹാദിനുമെതിരെ കരുതല്‍ വേണമെന്ന് ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടന്‍ പ്രസ്താവന നടത്തി. മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കണം. ക്രൈസ്തവ കുടുംബങ്ങളില്‍ നാല് കുട്ടികളെങ്കിലും വേണമെന്നും ബിഷപ്പ് പോളി കണ്ണൂക്കാടന്‍ പറഞ്ഞു.
പാലാ ബിഷപ്പിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണം എന്നാവശ്യപ്പെട്ട് മുസ്ലീം കോഡിനേഷന്‍ കമ്മിറ്റി കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നീ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുണ്ടെങ്കില്‍ പാലാ ബിഷപ്പ് അത് വെളിപ്പെടുത്തണമെന്ന് എസ്കെഎസ്എസ്എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. രണ്ടും നടക്കില്ലെങ്കില്‍ ഈ വിഷ സര്‍പ്പത്തെ പിടിച്ച് കൂട്ടിലടയ്ക്കണമെന്നും സമസ്ത നേതാവായ സത്താര്‍ പന്തല്ലൂര്‍ പ്രതികരിച്ചു.
പാലാ ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരണം നടത്തി. സമൂഹത്തില്‍ നല്ല സ്വാധീന ശക്തിയുള്ള ബിഷപ്പാണ് അദ്ദേഹം. ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവുണ്ടാക്കാതിരിക്കുക എന്നത് പ്രധാനമാണ്. നാര്‍ക്കോട്ടിക്സ് ജിഹാദ് എന്ന് ആദ്യമായി കേള്‍ക്കുകയാണ്. മുന്‍പ് ആ വാക്ക് കേട്ടിട്ടില്ല. ലഹരിമരുന്ന് സമൂഹത്തെയാകെ ബാധിക്കുന്ന പ്രശ്നമാണ്. എല്ലാവരും അതില്‍ ഉത്കണ്ഠാകുലരാണ്. അത് തടയാന്‍ ആശ്യമായ നിയമ നടപടികള്‍ ശക്തിപ്പെടുത്തും. നാര്‍ക്കോട്ടിക്സിന് മതത്തിന്റെ നിറം നല്‍കരുത്. അതിന്റെ നിറം സാമൂഹിക വിരുദ്ധതയുടെ നിറമാണ്. ഒരു മതവും മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്താണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. പക്ഷെ, ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ അനാവശ്യ ചേരികള്‍ സൃഷ്ടിക്കാതിരിക്കാന്‍ അങ്ങേയറ്റം ശ്രദ്ധിക്കണം. നമ്മുടെ നാടിന്റെ പ്രത്യേകത വെച്ച് ആ കരുതല്‍ മനസിലുണ്ടായിരിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
ബിഷപ്പിന്റെ വാക്കുകള്‍ സമുദായ സൗഹാര്‍ദ്ദം വളര്‍ത്താന്‍ ഉപകരിക്കുന്നതല്ലെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ട് പി ടി തോമസ് എംഎല്‍എ അഭിപ്രായപ്പെട്ടു. സാമ്പത്തിക ലാഭവും വ്യക്തികളുടെ സ്വര്‍ത്ഥതയുമാണ് കുറ്റകൃത്യങ്ങളുടെ കാതലെന്നും അദ്ദേഹം പറഞ്ഞു. ജാതി-മതാടിസ്ഥാനത്തില്‍ കുറ്റവാളികള്‍ പ്രവര്‍ത്തിക്കുന്നതു ആധുനിക കാലഘട്ടത്തില്‍ വിരളമാണ്. ഇത്തരം നിരീക്ഷണങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന വിള്ളല്‍ അപകടകരമാണ്. എന്നും മത സൗഹാര്‍ദം പുലര്‍ത്തിപ്പോരുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാന്‍ ആരും ഇന്ധനം നല്‍കരുതെന്നും പി.ടി തോമസ് പറഞ്ഞു.
പാലാ ബിഷപ്പിന്റെ പ്രസ്താവന അതിരുകടന്നതാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശന് രംഗത്തെത്തി. കേരളത്തിലെ സമാധാന അന്തരീക്ഷവും പരസ്പര വിശ്വാസവും തകര്‍ക്കരുത്. കുറ്റകൃത്യങ്ങള്‍ക്ക് ജാതിയോ മതമോ ലിംഗമോ ഇല്ല. കടുത്ത മാനസിക വൈകല്യങ്ങള്‍ക്ക് ജാതിയും മതവും നിശ്ചയിക്കുന്നത് വര്‍ണ വിവേചനത്തിന് തുല്യമാണ്. മതമേലദ്ധ്യക്ഷന്മാര് സംയമനവും ആത്മനിയന്ത്രണവും പാലിക്കണം. വെളിച്ചം പകരേണ്ട ആത്മീയ നേതൃത്വം കൂരിരുട്ട് പടര്‍ത്തുകയല്ല വേണ്ടത്. വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു.
ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ വളഞ്ഞിട്ടാക്രമിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പികെ കൃഷ്ണദാസ് പ്രസ്താവിച്ചു. സത്യം മൂടിവെയ്ക്കാന്‍ സര്‍ക്കാരും മുഖ്യമന്ത്രിയും ശ്രമിക്കുന്നത് ജിഹാദികളെ സംരക്ഷിക്കാനാണ്. ബിഷപ്പ് കുറവിലങ്ങാട് പള്ളിയില്‍ നടത്തിയ പ്രസംഗം അതീവ ഗൗരവമുള്ളതാണ്. ഇത് സാമുദായിക വിഷയം മാത്രമല്ല. ലൗജിഹാദിലൂടെ ഒരാള്‍ ജിഹാദിയായി രാജ്യദ്രോഹത്തിന് തയ്യാറെടുക്കുകയാണ്. ക്രിസ്ത്യന്‍ സമുദായത്തിന്റേയും ഭൂരിപക്ഷ സമുദായങ്ങളുടേയും ആശങ്ക സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും കൃഷ്ദാസ് പറഞ്ഞു.
നാര്‍ക്കോട്ടിക്, ലവ് ജിഹാദുകള്‍ക്ക് കത്തോലിക്കാ പെണ്‍കുട്ടികളെ ഇരയാക്കുന്നു എന്നായിരുന്നു പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമര്‍ശം. ലൗ ജിഹാദിന് പുറമെ നാര്‍ക്കോട്ടിക് ജിഹാദും ഉണ്ട്. പ്രണയത്തെ അല്ല സഭ എതിര്‍ക്കുന്നത്. ഇവിടെ പ്രണയമല്ല സംഭവിക്കുന്നത്. പൂര്‍ണമായും നശിപ്പിക്കുകയാണ് ജിഹാദികളുടെ ലക്ഷ്യം. അമുസ്ലീംകളായ എല്ലാവരേയും നശിപ്പിക്കണം എന്നതാണ് ജിഹാദ് കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. ആയുധം ഉപയോഗിക്കാനാകാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നു. ഇതര മതസ്ഥരായ യുവതികള്‍ ഐഎസ് ക്യാംപില്‍ എത്തിയത് എങ്ങനെയെന്ന് പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസിലാകും. കത്തോലിക്കാ യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേക ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഐസ്ക്രീം പാര്‍ലറുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികള്‍ സൗഹൃദം തെരഞ്ഞെടുക്കുന്നത് സര്‍പ്പത്തിന്റെ ജാഗ്രതയോടെ വേണം. ഹലാല്‍ വിവാദവും ജിഹാദുമായി ബന്ധപ്പെട്ടതാണ്. സംഘടിതമായ ശ്രമം ആണ് കേരളത്തില്‍ ജിഹാദി ഗ്രൂപ്പുകള്‍ നടത്തുന്നത്. കേരളത്തില്‍ നിരവധി പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ ജിഹാദിന് ഇരയായിട്ടുണ്ട്. കേരളത്തില്‍ തീവ്രവാദം ശക്തിപ്പെടുന്നതായും സ്ലീപ്പിങ്ങ് സെല്ലുകള്‍ ധാരാളമുള്ളതായും മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ വിരമിച്ച സമയത്ത് പ്രസ്താവിച്ചതും പാലാ ബിഷപ്പ് പരാമര്‍ശിച്ചു. കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് ആചരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രതികരണങ്ങള്‍. സഭയിലെ പെണ്‍കുട്ടികളെ തട്ടിയെടുക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുകയാണെന്നാരോപിച്ച് ബിഷപ്പ് കഴിഞ്ഞയാഴ്ച്ച സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.