‘തന്തയുടെ തലയില്‍ കയറിക്കളിക്കുന്ന ചില കുട്ടിക്കുരങ്ങന്മാരുണ്ട്’; വി.എസ് ജോയിയെ അധിക്ഷേപിച്ച് പി.വി അന്‍വര്‍

മലപ്പുറം: മലപ്പുറം ഡിസിസി അധ്യക്ഷന്‍ വി.എസ് ജോയിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. നാടുകാണി ചുരത്തിലെ കുട്ടിക്കുരങ്ങനെപ്പോലെയാണ് വി.എസ് ജോയ് എന്ന് അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിസ്ഥാനം നല്‍കിയാല്‍ മാത്രമേ അന്‍വര്‍ ആഫ്രിക്കയില്‍നിന്നും മടങ്ങിയെത്തുകയുള്ളൂ എന്ന ജോയിയുടെ പരിഹാസത്തിന് മറുപടി പറയുകയായിരുന്നു എം.എല്‍.എ. മടങ്ങിയെത്തിയതിന് ശേഷം സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ചായിരുന്നു അന്‍വര്‍ മാധ്യമങ്ങളെ കണ്ടത്.

‘നാടുകാണി ചുരത്തിലെ മൂന്നുനാല് വളവ് കഴിയുമ്പോള്‍ കുറേ കുരങ്ങന്മാരെ കാണാം. അതില്‍ തന്തയുടെ തലയില്‍ കയറിയിരുന്ന് കളിക്കുന്ന ചില കുട്ടിക്കുരങ്ങന്മാരുണ്ടാവും. അതുപൊലെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ അടിച്ചുവാരാന്‍ യോഗ്യതയില്ലാത്ത ഒരുത്തന്‍ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിരിക്കുമ്പോള്‍ ഇതും ഇതിനപ്പുറവും പറയും’, അന്‍വര്‍ പറഞ്ഞതിങ്ങനെ.

ഇവിടെ പരനാറികളായിരിക്കുന്ന ചില ആളുകളുണ്ട്. അഡ്വ. ജയശങ്കര്‍ അടക്കമുള്ളവരാണ് അവര്‍. എംഎല്‍എയായിക്കഴിഞ്ഞാല്‍ എന്ത് തെമ്മാടിത്തരവും പറയാം എന്നാണ് ഇവര്‍ കരുതുന്നത്. സംസ്‌കാരമില്ലാത്ത പ്രതികരണങ്ങള്‍ക്ക് ആ സംസ്‌കാരത്തിനനുസരിച്ച് മറുപടി നല്‍കാന്‍ വ്യക്തി പരമായി താന്‍ ബാധ്യസ്ഥനാണെന്നും അന്‍വര്‍ വ്യക്തമാക്കി.

തന്നെ തെരഞ്ഞ് ടോര്‍ച്ചടിച്ച് സമരം നടത്തിയത് യൂത്ത് കോണ്‍ഗ്രസാണ്. ടോര്‍ച്ചടിച്ച് തെരയേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയെയാണ്. ഇന്ത്യയിലാകമാനം കോണ്‍ഗ്രസ് തകര്‍ന്നു. മറ്റുള്ള സംസ്ഥാനങ്ങളില്‍ കെ.സി വേണുഗോപാലിന്റെ നേതൃത്തില്‍ കോണ്‍ഗ്രസിനെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിലെ നമ്പര്‍ വണ്‍ ബിജെപി ഏജന്റാണ് കെ.സി വേണുഗോപാലെന്നും അന്‍വര്‍ ആരോപിച്ചു.

നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്നത് സിപിഐഎമ്മിനെ അറിയിച്ചിരുന്നെന്നും അന്‍വര്‍ പറഞ്ഞു. ‘മലപ്പുറം ജില്ലയിലെ പ്രമാണിമാര്‍ക്ക് പണം കൊടുത്തിട്ടാണ് ഇവിടെ സീറ്റ് നല്‍കുന്നതെന്ന് അഡ്വ. ജയശങ്കര്‍ പറഞ്ഞു. പി.വി അന്‍വര്‍ മുതലാളി, അബ്ദുറഹിമാന്‍ മുതലാളി, കെ.പി മുസ്തഫ മുതലാളി….. ഇവരൊക്കെ മുമ്പും മുതലാളിമാരാണ്. ആരെയും കട്ടും കവര്‍ന്നും ഉണ്ടാക്കിയതല്ല. പാരമ്പര്യമായി കിട്ടിയതും ഞങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയതുമാണ്. കോണ്‍ഗ്രസില്‍നിന്നും ലീഗില്‍നിന്നുമൊക്കെ സിപിഐഎമ്മിലേക്ക് വന്നപ്പോള്‍ ഞങ്ങള്‍ ഗുണ്ടകളായി. പത്തുകൊല്ലം മുമ്പേ എന്താണ് ഈ ജയശങ്കര്‍ എനിക്കെതിരെയോ അബ്ദുറഹിമാനെതിരെയോ പറയാത്തത് എന്തുകൊണ്ടാണ്?’, അദ്ദേഹം ചോദിച്ചു.

മലപ്പുറത്ത് ആയിരക്കണക്കിന് ആളുകള്‍ സിപിഐഎമ്മിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും അന്‍വര്‍ അവകാശപ്പെട്ടു. താനൊക്കെ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇപ്പോഴത്തെ എല്‍ഡിഎഫിന്റെ നാല് എംഎല്‍എമാര്‍ എന്നത് അടുത്ത തവണ എട്ടായിരിക്കും. കേന്ദ്ര ഏജന്‍സികളുടെ ഇടപെടലുകളെയെല്ലാം അതിജീവിച്ച്, എല്ലാ നുണ പ്രചരണങ്ങളെയും മറികടന്ന് ജനങ്ങളെ സേവിക്കുന്ന സര്‍ക്കാരാണിവിടെയുള്ളത്. സര്‍ക്കാരിന്റെ ഈ അസ്തിത്വം ആരുവിചാരിച്ചാലും തകര്‍ക്കാനാവില്ല. ലക്ഷക്കണക്കിന് സഖാക്കള്‍ രക്തവും ജീവനും കൊടുത്ത് ഈ സര്‍ക്കാരിനെയും ഈ പാര്‍ട്ടിയെയും നിലനിര്‍ത്തും. ആ പോരാട്ടത്തിന് മുമ്പില്‍ ജീവന്‍ കൊടുക്കണമെങ്കില്‍ പി.വി അന്‍വര്‍ അതും കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.