‘ആളില്ലാത്തപ്പോള്‍ വൃദ്ധയുടെ വീട് പൊളിച്ചു, പുതിയ വീട് ചോദിച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണി’; ട്വന്റി ട്വന്റിയ്‌ക്കെതിരെ പിവി ശ്രീനിജന്‍ എംഎല്‍എ

കിഴക്കമ്പലം പഞ്ചായത്തിനും ട്വന്റി ട്വന്റി പാര്‍ട്ടിക്കുമെതിരെ ഗുരുതര ആരോപണവുമായി കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്‍. റോഡിന് വീതി കൂട്ടുന്നതിന് വേണ്ടി പഞ്ചായത്ത് അധികൃതര്‍ 77കാരിയുടെ വീട് പൊളിച്ച് കളഞ്ഞെന്നും വാഗ്ദാനം ചെയ്തിരുന്ന പുതിയ വീട് ചോദിച്ചപ്പോള്‍ ട്വന്റി ട്വന്റി നേതാക്കള്‍ അവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എംഎല്‍എ പറഞ്ഞു. കിഴക്കമ്പലം പഞ്ചായത്ത് കാരുകുളം വാര്‍ഡില്‍ ഏലിയാമ്മ എന്ന വയോധിക ഒരു പറമ്പിലിരുന്ന് ഒറ്റയാള്‍ സമരം ചെയ്യുന്നു എന്ന് കേട്ടാണ് അവിടെ ചെന്നത്. നാല് വര്‍ഷം മുന്‍പ് കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന പാര്‍ട്ടിയുടെ വാര്‍ഡ് പ്രസിഡന്റും മെമ്പറും ഉള്‍പ്പെടെയുള്ളവര്‍ ഏലിയാമ്മയോട് സ്ഥലം ചോദിച്ച ശേഷം വീട്ടില്‍ ആളില്ലാത്തപ്പോള്‍ വീട് പൊളിച്ചുകളഞ്ഞെന്ന് പി വി ശ്രീനിജന്‍ പറഞ്ഞു.

പുതിയ വീട് പണിതു നല്‍കാമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും നാളിതുവരെ അവര്‍ അത് നിര്‍മിച്ചു നല്‍കിയില്ല. പല സ്ഥലങ്ങളിലായി താമസിച്ചുപോന്നിരുന്ന ഈ അമ്മ വീടിനായി സമീപിച്ചപ്പോള്‍ പഞ്ചായത്ത് ഭരിക്കുന്ന പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ അവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

പി വി ശ്രീനിജന്‍

ഈ സാഹചര്യത്തില്‍ ആണ് ഏലിയാമ്മ രാവിലെ മുതല്‍ സ്വന്തം പറമ്പില്‍ സമരം തുടങ്ങിയത്. തടിയിട്ടപറമ്പ് പോലീസ് സ്ഥലത്തെത്തി അമ്മയുടെ പരാതിയിന്മേല്‍ കേസെടുത്തു. താല്‍കാലികമായി അമ്മയെ മറ്റൊരു വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. സ്ഥലത്തെ പൊതുപ്രവര്‍ത്തകരുടെ സഹകരണത്തോടെ ഈ അമ്മക്ക് പുതിയ വീട് വച്ച് കൊടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതാണെന്നും കുന്നത്തുനാട് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.