വംശവെറി കളി തുടരുന്ന യൂറോപ്യന്‍ ഫുട്‌ബോള്‍ ഗാലറി; സമനില വഴങ്ങി ഫിഫയും യുവേഫയും

വംശവെറിയും ഫുട്‌ബോളും തമ്മിലുള്ള കളി തുടരുകയാണ് യൂറോപ്പില്‍. ഹംഗേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ ആതിഥേയരും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിനിടെയുണ്ടായ അതിക്രമങ്ങളാണ് ഏറ്റവും ഒടുവിലത്തേത്. കറുത്തവര്‍ഗക്കാരായ ഇംഗ്ലീഷ് കളിക്കാരെ ഹംഗേറിയന്‍ കാണികള്‍ അധിക്ഷേപങ്ങള്‍ കൊണ്ട് മൂടി. മാഞ്ചസ്റ്റര്‍ സിറ്റി ഫോര്‍വേഡ് റഹീം സ്‌റ്റെര്‍ലിങ്ങ്, ബൊറൂസിയ ഡോര്‍ട്മുണ്ട് മിഡ്ഫീല്‍ഡര്‍ ജൂഡ് ബെല്ലിങ്ഹാം എന്നിവരെയാണ് ഗാലറി ലക്ഷ്യമിട്ടത്. കിക്കോഫിന് മുന്‍പ് വംശീയതക്കെതിരെ സന്ദേശമുയര്‍ത്തി ഇംഗ്ലീഷ് താരങ്ങള്‍ മൈതാനത്ത് മുട്ടുകുത്തിയപ്പോള്‍ തന്നെ കൂക്കിവിളികള്‍ ഉയര്‍ന്നിരുന്നു. ഹംഗേറിയന്‍ പരിശീലകന്‍ മാര്‍ക്കോ റോസിയും കളിക്കാരും അടങ്ങാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും ആരാധകര്‍ കൂട്ടാക്കിയില്ല.

കൂക്കുവിളികള്‍ക്ക് രണ്ടാം പകുതിയില്‍ കൃത്യമായ മറുപടി തന്നെ സ്റ്റെര്‍ലിങ്ങ് നല്‍കി. ഗോള്‍ നേടിയതോടെ പുഷ്‌കാസ് അറീനയില്‍ നിന്നും പേപ്പര്‍ കപ്പുകളും കുപ്പികളും സ്റ്റെര്‍ലിങ്ങിനെ ലക്ഷ്യമാക്കിയെത്തി. ചുറ്റും സുരക്ഷാ വലയം തീര്‍ത്ത് ഏറുകൊള്ളാതെ സ്‌റ്റെര്‍ലിങ്ങിനെ ഇംഗ്ലീഷ് താരങ്ങള്‍ ചേര്‍ത്തുപിടിച്ചുനില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ഹാരി കെയ്‌ന്റെ രണ്ടാം ഗോളിന് വഴിയൊരുക്കിയതോടെ ‘മങ്കി’ വിളികള്‍ കൂടുതല്‍ ഉച്ചത്തിലായി. ഹംഗറി ആരാധകര്‍ കുരങ്ങുഗോഷ്ടികള്‍ കാണിക്കുന്നത് തുടര്‍ന്നു. ഇംഗ്ലീഷ് താരങ്ങള്‍ക്കെതിരെയുണ്ടായ വംശീയ ആക്രമണത്തില്‍ അന്വേഷണം നടത്താന്‍ ഫിഫയോട് ആവശ്യപ്പെടുമെന്ന് യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ ഫിഫയും യുവേഫയും ശക്തമായ നടപടികള്‍ സ്വീകരിക്കാതെ, വംശീയതയോട് സമനില വഴങ്ങുന്നതുകൊണ്ടുകൂടിയാണ് അതിക്രമങ്ങള്‍ ഇത്ര വഷളാകുന്നതെന്ന നിരീക്ഷണമുണ്ട്.

റഹീം സ്‌റ്റെര്‍ലിങ്ങ്

Also Read:15 വര്‍ഷം മുന്‍പ് അമ്മയ്‌ക്കൊപ്പം ഹോട്ടല്‍ ടോയ്‌ല്റ്റ് വൃത്തിയാക്കലായിരുന്നു എന്റെ ജോലി, ഇന്ന് ഇംഗ്ലണ്ടിന് വേണ്ടി കളിക്കുന്നു: റഹീം സ്‌റ്റെര്‍ലിങ്ങ്

ഇക്കഴിഞ്ഞ യൂറോ ടൂര്‍ണമെന്റില്‍ വംശീയ-ഹോമോഫോബിക് അധിക്ഷേപങ്ങള്‍ നടത്തിയ ഹംഗറിക്ക് യുവേഫ രണ്ട് ഗെയിമുകളില്‍ ‘സ്റ്റേഡിയം ബാന്‍’ ശിക്ഷയായി നല്‍കിയിരുന്നു. പക്ഷെ, വിചിത്രമായ കാര്യമെന്തെന്നാല്‍ ശിക്ഷാ നടപടി അടുത്ത വര്‍ഷത്തെ നേഷന്‍സ് ലീഗിലാണ് നടപ്പിലാക്കുക എന്നതാണ്. ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ സംഘാടന ചുമതല ഫിഫയ്ക്കാണെന്ന സാങ്കേതികതയാണ് അതിന് കാരണം. സ്റ്റേഡിയത്തില്‍ 67,000 പേരുണ്ടെങ്കില്‍ അവരില്‍ ഏതൊരാളേയും സൂം ചെയ്ത് ക്യാമറയിലൊപ്പിയെടുക്കാന്‍ പറ്റുന്നവിധം സാങ്കേതികവിദ്യ വളര്‍ന്നിട്ട് വര്‍ഷങ്ങളായി. അകാലത്തില്‍ മരിച്ച ബാല്യകാലസുഹൃത്തിനേക്കുറിച്ചുള്ള സന്ദേശമണിഞ്ഞ് ഗോള്‍ ആഘോഷിക്കാന്‍ കോര്‍ണറിലേക്ക് ഓടിയെത്തിയ സ്‌റ്റെര്‍ലിങ്ങിന് നേരെ കുപ്പിയും ഗ്ലാസുമെറിയാന്‍ കൂടുതല്‍ ഉത്സാഹം കാണിച്ചത് കാര്‍പ്പാത്തിയന്‍ ബ്രിഗേഡ് എന്ന സംഘമാണ്. ഗോള്‍ പോസ്റ്റിന് പുറകില്‍ നിന്ന തീവ്രവലതുപക്ഷക്കാരായ കാര്‍പാത്തിയന്‍ ബ്രിഗേഡ് എന്നത്തേയും പോലെ കറുത്ത ടീഷര്‍ട്ട് അണിഞ്ഞാണ് വന്നത്. വംശീയത യൂണിഫോമിട്ട് ഗാലറിയില്‍ കളിക്കുമ്പോള്‍ സ്‌റ്റേഡിയത്തിന് തന്റെ പേരിട്ടതില്‍ അനശ്വരനായ പുഷ്‌കാസ് ലജ്ജിക്കുന്നുണ്ടാകും.

വംശീയതയ്ക്കും വലതുപക്ഷചിന്തകള്‍ക്കും ഹോമോഫോബിയക്കും കൈയ്യടിക്കുന്ന ഭരണകൂടമാണ് ഹംഗറിയിലുള്ളത്. ഹോമോ സെക്ഷ്വാലിറ്റിയേയും ലിംഗമാറ്റത്തേയും പിന്തുണയ്ക്കുന്ന ഉള്ളടക്കം കുട്ടികളെ പഠിപ്പിക്കുന്നതും പരസ്യം ചെയ്യുന്നതും കുറ്റകരമാക്കിക്കൊണ്ടുള്ള നിയമം ഹംഗേറിയന്‍ ഭരണകക്ഷി പാസാക്കിയെടുത്തത് യൂറോ മത്സരങ്ങള്‍ നടക്കുന്നതിനിടെയാണ്. തീവ്രവലതുപക്ഷ പാര്‍ട്ടി ഫിഡെസിന്റെ നേതാവാണ് ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍. എല്‍ജിബിറ്റിക്യു സമൂഹങ്ങള്‍ക്കെതിരെ റാലി നടത്തി ആഗോളതലത്തില്‍ തന്നെ രൂക്ഷ വിമര്‍ശനമേറ്റുവാങ്ങിയിട്ടുണ്ട് ഓര്‍ബന്‍.

വിക്ടര്‍ ഓര്‍ബന്‍

ഹംഗേറിയന്‍ ഭരണകൂടം കൊണ്ടുവന്ന എല്‍ജിബിറ്റിക്യു വിരുദ്ധ നിയമങ്ങള്‍ക്കെതിരെ യുവേഫ നിലപാട് അറിയിക്കണമെന്ന് മേളയ്ക്കിടെ ആവശ്യമുയര്‍ന്നിരുന്നു. എല്‍ജിബിറ്റി നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധ സൂചകമായി ബുഡാപെസ്റ്റിലെ യൂറോ മത്സരങ്ങള്‍ വെട്ടിച്ചുരുക്കണമെന്ന ക്യാപെയ്‌നും യുവേഫ കാര്യമായെടുത്തില്ല. പക്ഷെ, മറ്റൊരു കാര്യം യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന് സഹിച്ചില്ല. പ്രൈഡ് മന്ത് ആയതിനാല്‍ എല്‍ജിബിറ്റി സമൂഹങ്ങള്‍ക്ക് പിന്തുണ അറിയിച്ചാണ് ജര്‍മന്‍ ക്യാപ്റ്റന്‍ മാനുവല്‍ നൂയര്‍ കളത്തിലിറങ്ങിയത്. യൂറോയില്‍ ഫ്രാന്‍സിസും പോര്‍ച്ചുഗലിനുമെതിരെയുള്ള ഗ്രൂപ്പ് മത്സരങ്ങളിലും നൂയര്‍ മഴവില്‍ ആം ബാന്‍ഡ് ആണിഞ്ഞിരുന്നു. ഇതിനെതിരെ യുവേഫ അന്വേഷണം ആരംഭിച്ചു. തങ്ങള്‍ ഔദ്യോഗികമായി നിഷ്‌കര്‍ഷിച്ചിരിക്കുന്ന ആംബാന്‍ഡ് മാത്രമേ ധരിക്കാവൂ എന്നാവശ്യപ്പെട്ടായിരുന്നു യുവേഫയുടെ ഇടപെടല്‍. തുടര്‍ന്ന് ഡിഎഫ്ബി (ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന്‍) യൂറോ സംഘാടകരുമായി സംസാരിച്ചു. തങ്ങളുടെ പൊതുനിലപാടാണിതെന്ന് യുവേഫയോട് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷ വിമര്‍ശനമുയര്‍ന്നതോടെ യുവേഫ അന്വേഷണം നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ച് തലയൂരി.

ഹിറ്റ്‌ലറുടെ പ്രേതം ബാധിച്ച ഹംഗറിക്കും പരോക്ഷമായി യുവേഫക്കും ഒരു മറുപടി നല്‍കാന്‍ ജര്‍മനി ആലോചിച്ചിരുന്നു. ഹംഗറിയുമായുള്ള യൂറോ മത്സരത്തിന് വേദിയായ മ്യൂണിക് അലയന്‍സ് അരീന സ്റ്റേഡിയം എല്‍ജിബിറ്റിക്യുപ്ലസ് പതാകയായ മഴവില്‍ വെളിച്ചത്തില്‍ ഒരുക്കാന്‍ സിറ്റി കൗണ്‍സില്‍ നടത്തിയ ശ്രമം പാളി. ജര്‍മന്‍ നീക്കത്തിന് യുവേഫ ചുവപ്പുകാര്‍ഡ് നല്‍കി. രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ജര്‍മന്‍ ടീമിന്റെ അഭ്യര്‍ത്ഥന നിരസിക്കുകയാണെന്ന് യൂറോ കപ്പ് സംഘാടകര്‍ അറിയിച്ചു.

Also Read: ‘അലയന്‍സ് അറീനയില്‍ മഴവില്‍ വിരിയിക്കേണ്ട’; എല്‍ജിബിറ്റി അനുകൂല ജര്‍മന്‍ നീക്കത്തിന് യുവേഫയുടെ വിലക്ക്; യൂറോ സംഘാടകര്‍ക്കെതിരെ വിമര്‍ശനം

സമീപകാലത്ത് ഏറ്റവും കൂടുതല്‍ വംശീയാതിക്രമങ്ങള്‍ക്ക് ഇരയായത് ത്രീ ലയണ്‍സാണ്. 2019 ഒക്ടോബറില്‍ ബള്‍ഗേറിയ-ഇംഗ്ലണ്ട് മത്സരം കാണികളുടെ വംശീയാധിക്ഷേപങ്ങള്‍ കാരണം രണ്ടുവട്ടം നിര്‍ത്തിവെക്കേണ്ടി വന്നു. ആ വര്‍ഷം മാര്‍ച്ചില്‍ നടന്ന മറ്റൊരു കളിയില്‍ മോണ്ടിനെഗ്രോ ആരാധകര്‍ ഇംഗ്ലീഷ് താരങ്ങള്‍ക്കെതിരെ വംശീയ അധിക്ഷേപം ചൊരിഞ്ഞു. ഫുട്‌ബോളിന്റെ ഹോം എന്ന് അവകാശപ്പെടുന്ന ഇംഗ്ലീഷുകാരില്‍ ചിലരും യൂറോ ഫൈനലിന് ശേഷം തനിനിറം കാട്ടി. ഇറ്റലിക്കെതിരെയുള്ള ഷൂട്ട് ഔട്ടില്‍ പെനാല്‍റ്റി പാഴാക്കിയെന്ന പേരിലായിരുന്നു അത്. മാര്‍കസ് റാഷ്‌ഫോഡ്, ബുക്കായോ സാക, ജേഡന്‍ സാഞ്ചോ എന്നീ കളിക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെ നേരിട്ട അധിക്ഷേപത്തിന് കണക്കില്ല. ‘ഫുട്‌ബോള്‍ ഈസ് കമിങ് ഹോം’ എന്ന പാടിയ പലരും കറുത്തവരുടെ ചോരയ്ക്ക് വേണ്ടി ദാഹിച്ച് തെറി പോസ്റ്റുകളിട്ടു. ഫൈനല്‍ കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം, ജൂലൈ 13ന് മാത്രം ട്വിറ്റര്‍ നീക്കം ചെയ്തത് 2,087 വംശീയ ട്വീറ്റുകളാണ്. ഏറ്റവും കൂടുതല്‍ അധിക്ഷേപ പ്രതികരണങ്ങളുണ്ടായത് യുകെയില്‍ നിന്നാണെന്ന് ട്വിറ്റര്‍ വെളിപ്പെടുത്തി. മോശം പരാമര്‍ശങ്ങള്‍ വരുന്നതില്‍ ഭൂരിഭാഗവും വിദേശത്ത് നിന്നാണെന്ന പരിശീലകന്‍ ഗരെത് സൗത്ത് ഗേറ്റിന്റെ വാദവും അതോടെ പൊളിഞ്ഞു. 2019 മുതല്‍ കഴിഞ്ഞ മാര്‍ച്ച് വരെയുള്ള കാലയളവില്‍ കളിക്കാര്‍ക്കും ഒഫീഷ്യല്‍സിനുമെതിരെയുണ്ടായ സൈബര്‍ ആക്രമണങ്ങളില്‍ 70 ശതമാനവും ബ്രിട്ടന് പുറത്തുനിന്നാണെന്ന് കണ്ടെത്തിയ രേഖകള്‍ പ്രീമിയര്‍ ലീഗ് പുറത്തുവിട്ടിരുന്നു.

റാഷ്‌ഫോഡ്, സ്‌റ്റെര്‍ലിങ്ങ്, സാഞ്ചോ, സാക്ക

വംശീയ-ഹോമോഫോബിക് അതിക്രമങ്ങള്‍ നടത്തുന്നവരെ ഓരോരുത്തരേയും പിടികൂടി കടുത്ത നിയമനടപടികള്‍ സ്വീകരിക്കാന്‍ അതാത് ഭരണകൂടങ്ങളിലും ദേശീയ ഫുട്‌ബോള്‍ അസോസിയേഷനുകളിലും യുവേഫയും ഫിഫയും സമ്മര്‍ദ്ദം ചെലുത്തിയാല്‍ സ്‌റ്റേഡിയത്തിന് അകത്തുള്ള ശല്യമെങ്കിലും കുറയ്ക്കാന്‍ കഴിഞ്ഞേക്കും. സംഘാടനത്തിന്റെ സാങ്കേതികത കണക്കിലെടുക്കാതെ ഫിഫ ഹംഗറിക്ക് പുറത്ത് യോഗ്യതാ മത്സരം നടത്തിയിരുന്നെങ്കില്‍ സ്റ്റെര്‍ലിങ്ങിന് കുപ്പിക്ക് ഏറുകൊള്ളേണ്ടി വരില്ലായിരുന്നു. സ്വന്തം ടീമിന്റെ കളി സ്വന്തം നാട്ടില്‍ കാണല്‍ നിഷേധിക്കുന്നത് മാതൃകാപരമായ ഒരു ശിക്ഷ തന്നെയാണ്. കാര്‍പാത്തിയാന്‍ ബ്രിഗേഡ് പോലുള്ള ചോരക്കൊതിയന്‍ സംഘങ്ങളെ ഗാലറിയില്‍ നിന്ന് നിരോധിക്കാനാകാത്തതും നാണക്കേട് തന്നെ.

ഇങ്ങനെയൊക്കെയാണെങ്കിലും വംശീയതക്കെതിരെ ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ കടുത്ത പ്രതിരോധം തീര്‍ക്കുന്നുണ്ട്. ട്വിറ്ററിലും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും അധിക്ഷേപം നടത്തുന്ന മിക്കവരേയും ഫുട്‌ബോള്‍ പ്രേമികള്‍ റോസ്റ്റ് ചെയ്തുവിടുന്നു. ചീത്തയായ എല്ലാറ്റിനേയും കുടഞ്ഞുകളയാനുള്ള ശേഷി ബ്യൂട്ടിഫുള്‍ ഗെയിമിനുണ്ട്. ഇംഗ്ലണ്ടില്‍ ഇസ്ലാമോഫോബിയ വര്‍ധിച്ചു വന്ന കാലത്താണ് ‘മൊഹമ്മദ് സലാ കുറച്ച് ഗോള്‍ കൂടി അടിച്ചാല്‍ ഞാനും മുസ്ലീം ആകും’ എന്ന പാട്ട് ആന്‍ഫീല്‍ഡില്‍ ആരവമായുര്‍ന്നത്.

എന്തിനേറെ, ആഭ്യന്തരയുദ്ധം വരെ നിര്‍ത്തിക്കാന്‍ ഫുട്‌ബോളിന് കഴിഞ്ഞിട്ടുണ്ട്. 2005 ഒക്ടോബര്‍ എട്ടിനായിരുന്നു അത്. സര്‍ക്കാരും വിമതരും തമ്മിലുള്ള യുദ്ധത്തില്‍ ഐവറികോസ്റ്റ് രണ്ടായി പിളര്‍ന്നിരിക്കുന്ന സമയം. രാജ്യത്തിന്റെ വടക്കുഭാഗം വിമതരുടെ കൈയ്യിലും തെക്ക് ഭരണകൂടത്തിന്റെ കൈയ്യിലും. 2006ലെ ലോകകപ്പ് യോഗ്യതയ്ക്ക് വേണ്ടിയുള്ള ജീവന്മരണ പോരാട്ടത്തില്‍ ദിദിയര്‍ ദ്രോഗ്ബയുടെ ഐവറി കോസ്റ്റ് കാമറൂണിനോട് സമനില പിടിച്ച് ജര്‍മന്‍ ടിക്കറ്റ് നേടി. അന്നൊരു ദിവസത്തേക്ക് കുറച്ച് മണിക്കൂര്‍ നേരത്തേക്കെങ്കിലും വിഭജിക്കപ്പെട്ടുകിടന്ന രാജ്യം യുദ്ധം മറന്നു. വിമത രാജ്യത്തിന്റെ തലസ്ഥാനമായ ബുവാക്കേയും ലോകകപ്പ് എന്‍ട്രി ആഘോഷിച്ചു. മത്സരശേഷമുള്ള ടീമിന്റെ പ്രാര്‍ത്ഥനയ്ക്കിടെ ദ്രോഗ്ബ മൈക്ക് കൈയ്യിലെടുത്തു. ‘ആഘോഷങ്ങള്‍ ജനങ്ങളെ ഒരുമിപ്പിക്കുമെന്ന് ഞങ്ങള്‍ വാക്ക് നല്‍കിയിരുന്നു. ഇന്ന് ഞങ്ങള്‍ മുട്ടുകുത്തി അഭ്യര്‍ത്ഥിക്കുന്നു. ആയുധങ്ങള്‍ താഴെ വെയ്ക്കുക. തെരഞ്ഞെടുപ്പ് നടത്തുക.’ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദ്രോഗ്ബയുടെ ഒരു മിനുട്ട് മാത്രമുള്ള വീഡിയോ ടെലിവിഷനില്‍ പലപ്പോഴായി സംപ്രേഷണം ചെയ്യപ്പെട്ടുകൊണ്ടിരുന്നു. പൊതുജനാഭിപ്രായത്തിനൊപ്പം ഇരുപക്ഷവും താല്‍ക്കാലിക വെടിനിര്‍ത്തല്‍ ധാരണയിലേക്ക് നീങ്ങി. ഐക്യരാഷ്ട്ര സംഘടനയ്ക്കും ഫ്രഞ്ച് സൈന്യത്തിനും കഴിയാതിരുന്നതാണ് ഫുട്‌ബോള്‍ സാധ്യമാക്കിയത്. വംശീയതയ്ക്കും ഹോമോഫോബിയക്കും ഇസ്ലാമോഫോബിയക്കും എതിരായ യുദ്ധങ്ങളും ഫുട്‌ബോള്‍ തന്നെ നേടും.