ജാതി വിവേചനവും സാമൂഹിക അസമത്വവും ചര്‍ച്ച ചെയ്യുന്ന ‘ജയ് ഭീം’ മികച്ച പ്രേക്ഷക-നിരൂപക പ്രശംസകള്‍ നേടി സ്ട്രീമിങ്ങ് തുടരുകയാണ്. 1993ല്‍ വില്ലുപുരം ജില്ലയില്‍ നടന്ന സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയതെന്ന് അറിഞ്ഞതോടെ യഥാര്‍ത്ഥ ‘സെംഗിണി’യായ പാര്‍വ്വതി അമ്മാളിനെ തേടി മാധ്യമങ്ങളെത്തി. പൊലീസ് ക്രൂരതക്കിരയായി ജീവന് നഷ്ടമായ രാജാക്കണ്ണിന്റെ കുടുംബവും ബന്ധുക്കളും ദുരിതപൂര്‍വ്വമായ അവസ്ഥയില്‍ തന്നെയാണുള്ളതെന്ന വിവരവും പുറത്തുവന്നു. ഇതറിഞ്ഞ തമിഴ് നടനും സംവിധായകനുമായ രാഘവ ലോറന്‍സ് രാജാക്കണ്ണിന്റ കുടുംബത്തിന് വീട് നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ്.
ഒരു തെറ്റും ചെയ്യാത്ത രാജാക്കണ്ണ് കൊല്ലപ്പെട്ടത് 28 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അദ്ദേഹത്തിന്റെ ഭാര്യയായ പാര്‍വ്വതി അമ്മാളിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് വിഷമം തോന്നി.
രാഘവ ലോറന്‍സ്
ഒരു യുട്യൂബ് ചാനലിലൂടെയാണ് പാര്‍വ്വതി അമ്മാളിന്റെ അവസ്ഥയറിഞ്ഞത്. ഉടന്‍ തന്നെ വാര്‍ത്ത ചെയ്ത മാധ്യമപ്രവര്‍ത്തകനോട് കൂടുതല്‍ വിവരങ്ങള്‍ തേടി. കാര്യങ്ങള്‍ അറിഞ്ഞതോടെ മനസ് കൂടുതല്‍ വേദനിച്ചു. വീട് പണിതുകൊടുക്കാമെന്ന് പാര്‍വ്വതി അമ്മാളിന് താന്‍ വാക്ക് കൊടുത്തെന്നും നടന് പ്രതികരിച്ചു.
പാര്‍വ്വതി അമ്മാള്‍ ഇപ്പോഴും ഓല മേഞ്ഞ കുടിലിലാണ് താമസിക്കുന്നതെന്ന വാര്‍ത്ത ചെയ്ത മാധ്യമപ്രവര്‍ത്തകനേയും ‘ജയ് ഭീം’ ടീമിനേയും ലോറന്‍സ് അഭിനന്ദിച്ചു. 28 വര്‍ഷം മുന്‍പുണ്ടായ വേദനാജനകമായ ഒരു സംഭവത്തെ ഇന്നത്തെ ചര്‍ച്ചയാക്കി മാറ്റിയ സൂര്യയും സംവിധായകന് ജ്ഞാന വേലും നന്ദി അര്‍ഹിക്കുന്നെന്നും ലോറന്‍സ് കൂട്ടിച്ചേര്‍ത്തു.
എലിയേയും മറ്റു ജീവികളേയും വേട്ടയാടി ജീവിക്കാന്‍ വിധിക്കപ്പെട്ട ഇരുള വിഭാഗക്കാര്‍ക്കെതിരെ പൊലീസ് നടത്തുന്ന അതിക്രമങ്ങളും നീതിക്ക് വേണ്ടിയുള്ള അവരുടെ പോരാട്ടവുമാണ് ജയ് ഭീമിന്റെ പ്രമേയം. ഇരുള വിഭാഗക്കാരുള്‍പ്പെടെ വലിയൊരു സമൂഹം ഇപ്പോഴും കടുത്ത ജാതി വിവേചനം നേടുകയാണെന്നും വലിയൊരു ചോദ്യമായി അത് അവശേഷിക്കുകയാണെന്നും സൂര്യ റിലീസിന് ശേഷം ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ വീട്ടില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്ന ഗ്രാമം. റേഷന്‍ കാര്‍ഡ് ഇല്ലാതെ, വൈദ്യുതിയില്ലാതെ, ജാതി സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വലിയൊരു സമുദായം ഇപ്പോഴും ജീവിക്കുന്നു. ചില സമയത്ത് ബസില്‍ പ്രവേശിക്കാന്‍ പോലും അവരെ അനുവദിക്കുന്നില്ല. അവരുടെ ഗ്രാമത്തില്‍ ചിലപ്പോള്‍ അവരെ കയറ്റില്ല. ചെരുപ്പിടാന്‍ അവരെ അനുവദിക്കുന്നില്ല. 80 വയസുള്ള ആളുകളെ പോലും ‘വാടാ’ ‘പോടീ’ എന്നാണ് വിളിക്കുന്നതെന്നും നടന് പറഞ്ഞു.
കഴിഞ്ഞയാഴ്ച്ച സൂര്യയുടേയും ജ്യോതികയുടേയും നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയായ ‘അഗരം ഫൗണ്ടേഷന്’ ഇരുള വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി ഒരു കോടി രൂപ സംഭാവന ചെയ്തത് വാര്‍ത്തയായിരുന്നു. സൂര്യ, ജ്യോതിക, ജസ്റ്റിസ് കെ ചന്ദ്രു, പഴന്ഗുഡി ഇരുളര്‍ ട്രസ്റ്റ് നേതാക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ചെക്ക് കൈമാറിയത്.