‘സജിതയെ മതം മാറ്റിയിട്ടില്ല, ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാം’; പ്രചരണങ്ങളില്‍ പ്രതികരിച്ച് റഹ്‌മാന്‍

പാലക്കാട്: സജിതയെ താന്‍ മതം മാറ്റിയിട്ടില്ലെന്ന് ഭര്‍ത്താവ് റഹ്‌മാന്‍. തനിക്ക് മതം മാറ്റാന്‍ താല്‍പര്യമില്ലെന്നും ഇത് വരെ അതിന് ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അവളുടെ രീതിയില്‍ അവള്‍ ജീവിക്കട്ടെ. മതം മാറ്റിയെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തെറ്റാണ്. മതം നോക്കിയിട്ടല്ല തങ്ങള്‍ സ്‌നേഹിച്ചതെന്നും റഹ്‌മാന്‍ വ്യക്തമാക്കി.

ശൗചാലയ സൗകര്യം പോലുമില്ലാതെ കുടുസുമുറിയില്‍ മറ്റുള്ളവരറിയാതെ പത്തുവര്‍ഷം പാര്‍പ്പിച്ചുവെന്ന റഹ്‌മാന്റെ വിശദീകരണത്തിലെ ദുരൂഹത നീക്കാന്‍ പൊലീസ് അന്വേഷണം നടത്തി. ഇവര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചവരായതിനാലും പരാതിയില്ലാത്തതിനാലും തുടരന്വേഷണമില്ലെന്നും പൊലീസ് പറഞ്ഞു.

പാലക്കാട് വിത്തനശ്ശേരിയിലെ വാടക വീട്ടില്‍ താമസിക്കുന്ന സജിതയെ കാണാന്‍ മാതാപിതാക്കളെത്തി. പത്ത് വര്‍ഷത്തിന് ശേഷം മകളെ കണ്ടപ്പോള്‍ ഇരുവരുടെയും കണ്ണുകള്‍ നിറഞ്ഞു.

ദമ്പതികള്‍ക്ക് സഹായഹസ്തവുമായി പൊലീസും നാട്ടുകാരും എത്തിയിരുന്നു. വ്യാഴാഴ്ച നെന്മാറ പൊലീസിന്റെ വകയായി പാചകവാതകവും സ്റ്റൗവ്വുമെത്തി.

പച്ചക്കറിയും മറ്റ് നിത്യോപയോഗസാധനങ്ങളുമടക്കമുള്ള സഹായങ്ങളുമായി നാട്ടുകാരും ഇവരെ നേടിയെത്തി. പൊലീസിന്റെ നേതൃത്വത്തില്‍ ഇരുവര്‍ക്കും മന:ശാസ്ത്ര കൗണ്‍സലിങ്ങും ലഭ്യമാക്കി. രമ്യ ഹരിദാസ് എംപിയും ദമ്പതികളെ കാണാനെത്തി.