രാഹുല്‍ ഗാന്ധിയും ഗുലാം നബി ആസാദും ഒരുമിച്ച്; ജി 23യും പാര്‍ട്ടിയും ഒത്തുതീര്‍പ്പിലേക്കെന്ന് അഭ്യൂഹങ്ങള്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവായ ഗുലാം നബി ആസാദും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ബുധനാഴ്ച രണ്ട് വേദികളിലായി ഒരുമിച്ചെത്തിയത് കോണ്‍ഗ്രസില്‍ ചര്‍ച്ചയായി. കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയെ സന്ദര്‍ശിച്ചപ്പോളും 1971ലെ യുദ്ധത്തെ കുറിച്ചുള്ള എക്‌സിബിഷന്‍ വേദിയിലുമാണ് നേതാക്കള്‍ ഒരുമിച്ചുണ്ടായിരുന്നത്. കോണ്‍ഗ്രസിനുള്ളില്‍ വിമത സ്വരം ഉയര്‍ത്തുന്ന ജി 23 ഗ്രൂപ്പിനെ നയിക്കുന്ന ആസാദ് പ്രധാന നേതാക്കളോടൊപ്പം എത്തിയതാണ്‌ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായത്.

ശനിയാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നടക്കുകയാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകളും വളരെ പ്രാധാന്യമേറിയ സംഘടന തെരഞ്ഞെടുപ്പുമാണ് പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്യുന്നത്. സംഘടന തെരഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് ജി 23ക്ക് വേണ്ടി ആസാദ് കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്ത് നല്‍കിയിരുന്നു. കത്ത് നല്‍കിയതിന് പിന്നാലെയാണ് പ്രവര്‍ത്തക സമിതി വിളിച്ചു ചേര്‍ക്കാന്‍ തീരുമാനമുണ്ടായത്.

കത്ത് നല്‍കിയ പശ്ചാത്തലത്തില്‍ ജി 23 അംഗവും രാജ്യസഭ എം.പിയുമായ കപില്‍ സിബല്‍ വാര്‍ത്ത സമ്മേളനം വിളിച്ച് കോണ്‍ഗ്രസിന് മുഴുവന്‍ സമയ അദ്ധ്യക്ഷന്‍ ഉണ്ടാവുക തന്നെ വേണമെന്ന് പറഞ്ഞിരുന്നു. മുഴുവന്‍ സമയ അദ്ധ്യക്ഷനില്ലാത്തതിനാല്‍ പാര്‍ട്ടി തീരുമാനങ്ങള്‍ ആരാണെടുക്കുന്നതെന്ന് അറിയില്ല. ജി 23 ഒരു വിമത ഗ്രൂപ്പായി തന്നെ നിലകൊള്ളുമെന്നും വിഷയങ്ങള്‍ ഉന്നയിക്കുമെന്നും പറഞ്ഞിരുന്നു. വാര്‍ത്ത സമ്മേളനത്തിന് പിന്നാലെ കപില്‍ സിബലിന്റെ വസതിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് ചെയ്തിരുന്നു. ഇത് ജി 23 ഗ്രൂപ്പും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം മോശമാവുന്ന തരത്തിലേക്ക് മാറുന്ന അവസ്ഥയുണ്ടായിരുന്നു.

ജി 23യും ഔദ്യോഗിക നേതൃത്വവും തമ്മില്‍ നേരിട്ട് കണ്ടുമുട്ടാനുള്ള സാഹചര്യം പ്രവര്‍ത്തക സമിതി ഒരുക്കും. രാഹുല്‍ ഗാന്ധിയോടൊപ്പം ആസാദിനെ കണ്ടത് ജി 23യും പാര്‍ട്ടിയും തമ്മിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ തുടര്‍ച്ചയായാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ കരുതുന്നത്.

സംഘടന തെരഞ്ഞെടുപ്പ് ചര്‍ച്ചകളെ കൂടാതെ ലഖിംപൂരി സംഭവത്തില്‍ ബിജെപിക്കെതിരെ ഗാന്ധി സഹോദരങ്ങള്‍ മുന്നിലേക്ക് വന്നതും അതുണ്ടാക്കിയ അനുകൂല രാഷ്ട്രീയ സാഹചര്യവുമാവും മറ്റൊരു പ്രധാന ചര്‍ച്ച. ഇത് ജി 23 ഉയര്‍ത്തുന്ന അജണ്ടകളെ ലഘൂകരിക്കാനും സാധ്യതയുണ്ട്. സംഘടന തെരഞ്ഞെടുപ്പ് ഉടനടി നടത്തണം എന്ന് ജി 23 നേതാക്കള്‍ യോഗത്തില്‍ ശക്തമായി ആവശ്യപ്പെട്ടേക്കും.