‘പ്രധാനമന്ത്രിയും ആ വെന്റിലേറ്ററുകളും ഒരുപോലെ, ഒരു ഉപകാരവുമില്ല, ആവശ്യനേരത്ത് കാണില്ല’; തുറന്നടിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമാവുന്നതിന് പിന്നാലെ പ്രധാമന്ത്രി നരേന്ദ്രമോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയും പിഎം കെയര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വെന്റിലേറ്ററുകളും ഒരുപോലെയാണ്. രണ്ടും തികഞ്ഞ പരാജയമാണെന്നും രാഹുല്‍ തുറന്നടിച്ചു.

‘പ്രധാനമന്ത്രിയും പിഎം കെയര്‍ വെന്റിലേറ്ററുകളും തമ്മില്‍ സാമ്യതകള്‍ നിരവധിയാണ്. സ്വന്തം ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ രണ്ടും പരാജയപ്പെട്ടു. ആവശ്യമുള്ളപ്പോള്‍ ഇത് രണ്ടിനെയും കാണാറില്ല’, രാഹുല്‍ ട്വീറ്റ് ചെയ്തു.

സാങ്കേതിക തകരാറുകളെത്തുടര്‍ന്ന് പിഎം കെയര്‍ ഫണ്ടുപയോഗിച്ച് വാങ്ങിയ വെന്റിലേറ്ററുകള്‍ ഉപയോഗ ശൂന്യമായി കിടക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമര്‍ശനം. എന്നാല്‍ ആശുപത്രികളില്‍ സൗകര്യമില്ലാത്തതുകൊണ്ടാണ് വെന്റിലേറ്ററുകള്‍ ഉപയോഗശൂന്യമായി കിടക്കുന്നതെന്ന മറുവാദവുമായി കേന്ദ്രം രംഗത്തെത്തിയിട്ടുണ്ട്.