ശേഷം പ്രളയമല്ല, കൊവിഡാനന്തര ഇന്ത്യ രാഹുലിന്റെ രാഷ്ട്രീയത്തിന് കാതോര്‍ക്കും

ആദ്യമായാവും ഇത്രമേൽ ദുരിതം കാർന്നുതിന്നുകൊണ്ടിരിക്കുന്ന ഒരു രാജ്യത്തെ ജനത സോഷ്യൽ മീഡിയയിൽ ആ രാജ്യത്തെ ഭരണകൂടത്തോട് യുദ്ധം പ്രഖ്യാപിക്കുന്നത്. പൗരത്വ ഭേദഗതി നിയമവും കാർഷിക ബില്ലുകളും തീർത്ത പ്രതിഷേധക്കനലിന്റെ ഭാഗമായവർ കൃത്യമായ രാഷ്ട്രീയ നിലപാടുള്ളവരായിരുന്നുവെങ്കിൽ, അന്നാ പ്രതിഷേധത്തെ നേരിടാൻ കൗണ്ടർ കാമ്പയിനുകളുമായി സർക്കാരനുകൂലികൾ സോഷ്യൽ മീഡിയയിൽ അരങ്ങുവാണിരുന്നു. ഇന്നതല്ല സ്ഥിതി. ട്വിറ്ററും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഭരിക്കുന്നത് ഒരേയൊരു മുദ്രാവാക്യമാണ്. ഡിജിറ്റൽ ലോകത്ത് അതിനെ ഹാഷ്ടാഗ് എന്നു വിളിക്കാം. #ResignModi എന്ന ഹാഷ്ടാഗിനു പിന്നിൽ പലതരം വികാരങ്ങളും പ്രകടമാണ്. അതിൽ കൃത്യമായ രാഷട്രീയ നിലപാടുകളുണ്ട്, മഹാമാരിക്കാലത്തെ അനുഭവങ്ങളുണ്ട്, കൺമുന്നിൽ ശ്വാസം കിട്ടാതെ പിടഞ്ഞു വീഴുന്നൊരു ജനതയെക്കണ്ടതിന്റെ രോഷമുണ്ട്.

പക്ഷേ അപ്പോഴും ഏറ്റവും പ്രധാനപ്പെട്ടൊരു ചോദ്യത്തിനുത്തരം നൽകാൻ കഴിയാത്തവരാണു ഭൂരിപക്ഷവും. ശേഷം ആര്? കാലാവധി തികയ്ക്കാതെ മോഡി പടിയിറങ്ങിയാൽ പിന്നെയാര്? വ്യാജ ഏറ്റുമുട്ടലും ജസ്റ്റിസ് ലോയയും മുതൽ മോഡിഭരണകാലത്തെ നിർണായക നീക്കങ്ങളുടെ ചാണക്യതന്ത്രം മെനഞ്ഞ അമിത് ഷായോ? അതോ ആർ.എസ്.എസിന്റെ ഹിന്ദുരാഷ്ട്ര സിദ്ധാന്തത്തെ രൂപഭാവങ്ങളിൽത്തന്നെ ആവാഹിച്ച യോഗി ആദിത്യനാഥോ? നരേന്ദ്ര ദാമോദർദാസ് മോഡിയെന്ന പ്രധാനമന്ത്രിയുടെ രാജിയിൽ തീരാവുന്നത്ര ദുർബലമല്ല ആർ.എസ്.എസ് ബി.ജെ.പിയിലൂടെ നടപ്പാക്കാനുദ്ദേശിക്കുന്ന പ്ലാൻ ഓഫ് അജണ്ട. അതിനു വിചാരിക്കുന്നതിനേക്കാൾ വലിയ ആഴവും പരപ്പുമുണ്ട്. മോഡിയുടെ കേവല രാജിയിൽ തീരുമെന്നു കരുതുന്നതൊക്കെയും തുടങ്ങുകയേയുള്ളൂ എന്നു തിരിച്ചറിയേണ്ടതുണ്ട്.

വേണ്ടത് ജനാധിപത്യം തന്നെയാണ്, ഉപയോഗിക്കേണ്ടത് ജനാധിപത്യ സംവിധാനവും. അതിന് ഇനിയും മൂന്നുവർഷം ബാക്കിയുണ്ട്. അതിന് തയ്യാറെടുക്കുക എന്ന ഏറ്റവും പ്രധാനപ്പെട്ട ജോലിയിലേർപ്പെടുകയാണ് ജനാധിപത്യ വിശ്വാസികൾ ചെയ്യേണ്ടത്. പക്ഷേ അപ്പോഴും ഒരു ചോദ്യമുണ്ട്. മോഡിക്കു മുന്നിൽ വെയ്ക്കാൻ ആരുണ്ട്? 2014, 2019 പാർലമെൻറ് തിരഞ്ഞെടുപ്പുകളിൽ രാഹുൽ ഗാന്ധിയെ മുൻനിർത്തി പ്രതിപക്ഷം പോരാട്ടം നയിച്ചു. അതിദയനീയമായി പരാജയമറിഞ്ഞു. ഇനിയും രാഹുലിനെന്ത് പ്രസക്തി? ഒരു സംസ്ഥാന ഭരണ നിർവഹണം പോലും കൈകാര്യം ചെയ്യാത്ത രാഹുലിൽ എങ്ങനെ മോഡിക്കൊരു ബദൽ കാണാനാകും? കൃത്യമായ ചോദ്യമാണ്. മോഡിക്കു ബദലായി വരാൻ രാഹുൽ ഗാന്ധിക്കു കഴിഞ്ഞേക്കില്ല. പക്ഷേ, അയാൾക്ക് അയാളുടേതായ സ്ട്രാറ്റജിയുണ്ട്. ജനങ്ങൾ ആഗ്രഹിക്കുന്നതെന്തെന്നും, ജനാധിപത്യം അർഹിക്കുന്നതെന്തെന്നും രാഹുൽ ഗാന്ധിയിലെ രാഷ്ട്രീയ നേതാവ് പലവട്ടം നമുക്കു മുന്നിൽ വെളിപ്പെടുത്തിക്കഴിഞ്ഞതാണ്.

പകരം എന്തുകൊണ്ട് രാഹുൽ എന്നതിനുത്തരം നൽകാൻ ഏറ്റവും അനുയോജ്യം കൊവിഡ് കാലമാണ്. ഭരണാധികാരിയായ നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയും തമ്മിലുള്ള ദൂരത്തേക്കുറിച്ച് ഒരുപക്ഷേ ഈ കാലം സംസാരിക്കും.

രാജ്യത്താകെ കോവിഡ് കേസുകൾ മൂന്ന് എന്ന ഒറ്റയക്കത്തിൽ നിൽക്കുമ്പോൾ മുതൽ രാഹുൽ ഗാന്ധി ഉണർന്നിരിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി 12-ന് അദ്ദേഹം ആദ്യ മുന്നറിയിപ്പ് രാജ്യത്തിനും ഭരണാധികാരികൾക്കും നൽകി- “കൊവിഡ് ജനങ്ങൾക്കും സമ്പദ് വ്യവസ്ഥക്കും എതിരായ അതിഗുരുതരമായ ഭീഷണിയാണ്. സർക്കാർ ഇതിനെ ഗൗരവമായി കാണുന്നില്ല.” ഇത് കൊവിഡ് പ്രതിരോധത്തിനുള്ള ആദ്യ കോപ്പുകൂട്ടലാണ്.

അടുത്തത് ഇന്ത്യയുടെ നാഡീഞരമ്പായ സമ്പദ് വ്യവസ്ഥയാണ്. രാജ്യം ലോക്ഡൗണിലേക്കു പോകും മുൻപേ രാഹുൽ അതേക്കുറിച്ചു ചിന്തിച്ചു തുടങ്ങിരുന്നു. കേവലം 137 പോസിറ്റീവ് കേസുകൾ മാത്രമുള്ള രാജ്യത്തിരുന്ന് രാഹുൽ പറഞ്ഞത് “വരുന്ന സാമ്പത്തികത്തകർച്ചയെ നേരിടാൻ ഇന്ത്യ തയ്യാറാകണം,” എന്നാണ്, കഴിഞ്ഞ വർഷം മാർച്ച്‌ 17-ന്.

ഇനി ലോക്‌ഡൗൺ പ്രഖ്യാപനം. മോഡിയെന്ന പ്രധാനമന്ത്രി സ്വന്തം ജനങ്ങൾക്കു നൽകിയതു കേവലം നാലു മണിക്കൂർ സമയം. അവിടെയും രാഹുലിന് കൃത്യമായ സ്ട്രാറ്റജി ഉണ്ടായിരുന്നു. മാർച്ച്‌ 26-ന്, ലോക്ഡൗൺ ഏർപ്പെടുത്തിയ അതേ ആഴ്ചയിൽ അയാൾ പറഞ്ഞത്, “ലോക്‌ഡൗൺ വൈറസിനെ തോൽപ്പിക്കില്ല. ടെസ്റ്റുകൾ വർധിപ്പിക്കണം,” എന്നായിരുന്നു. അന്ന് കേസുകൾ 730. ടെസ്റ്റുകൾ വർധിപ്പിച്ച് പരമാവധി കേസുകൾ കണ്ടെത്തിയിരുന്നെങ്കിൽ ഇന്ന് രാജ്യം വീണ്ടും ലക്ഷങ്ങളുടെ കണക്കിലേക്കും ആയിരങ്ങളുടെ മരണത്തിലേക്കും നടന്നു നീങ്ങുമായിരുന്നില്ല.

ഇന്നുവരെ, അല്ലെങ്കിൽ ഇതെഴുതുന്നതുവരെ ഇന്ത്യക്ക് ഇല്ലാത്ത ഒരു വാക്‌സിൻ നയത്തെക്കുറിച്ചും രാഹുലിന് കൃത്യമായ പ്ലാനുണ്ടായിരുന്നു. “ഇന്ത്യക്ക് ഒരു വാക്‌സിൻ നയം ഉണ്ടാവണം. അത് ലഭ്യത, താങ്ങാനാവുന്ന വില, സുതാര്യമായ വിതരണം എന്നിവ ഉറപ്പാക്കുന്നതാവണം.” ഇങ്ങനെ അയാൾ പറഞ്ഞിട്ട് എട്ടുമാസം പിന്നിട്ടിരിക്കുന്നു. വാക്‌സിന്റെ വിലയെക്കുറിച്ച് നമ്മുടെ ഒരു സാങ്കൽപ്പിക ഭരണാധികാരി ചിന്തിച്ചത് വാക്‌സിൻ വിതരണം ആരംഭിക്കുന്നതിനു മാസങ്ങൾ മുൻപായിരുന്നെങ്കിൽ, യഥാർത്ഥ ഭരണാധികാരി ആ വാക്‌സിൻ വിപണിയിൽ ഇറക്കിയതുതന്നെ ‘റൈറ്റ് ടു ലൈഫ്’ എന്ന മൗലികാവകാശത്തെ തച്ചുടച്ചാണ്. സംസ്ഥാനങ്ങൾക്കുമേൽ വില അടിച്ചേൽപ്പിച്ചാണ് സ്വന്തം വാക്കുകൾ പോലും നരേന്ദ്ര മോഡിയിലെ ഭരണാധികാരി വിഴുങ്ങിയത്.

കോവിഡിന്റെ രണ്ടാം വരവിൽ രാഹുലും മോഡിയും തമ്മിലുള്ള അകലം പ്രകടമായി കാണാം. കോവിഡ് വ്യാപനം കുറഞ്ഞെന്ന പ്രതീതിയുണ്ടായിത്തുടങ്ങിയിരുന്നു ഈ വർഷമാദ്യം. കോവിഡ് പ്രോട്ടോക്കോളുകൾ ഭരണാധികാരികൾ തന്നെ നഗ്നമായി ലംഘിച്ചു തുടങ്ങുന്ന സമയത്താണ് രാഹുൽ വീണ്ടും മുന്നറിയിപ്പ് നൽകിയത്. ഈ വർഷം ഫെബ്രുവരി 17-ന്, “കൊറോണ വൈറസിന്റെ വ്യാപനം ഇതുവരെ കഴിഞ്ഞിട്ടില്ല. സർക്കാർ അമിത ആത്മവിശ്വാസത്തിലാണ്” എന്നുപറഞ്ഞുവെച്ചു.

ഇതിനു മറുപടിയെന്നോണമാകണം നാലു ദിവസങ്ങൾക്കു ശേഷം കൊവിഡിനെ തോൽപ്പിച്ച പ്രധാനമന്ത്രിക്കു നന്ദി പ്രകടിപ്പിച്ചു കൊണ്ട് ബി.ജെ.പി ഒരു പ്രമേയം പാസാക്കിയത്. ഇതിനിടയിൽ ശാസ്ത്രലോകത്തെയും ഇന്ത്യയുടെ ആരോഗ്യരംഗത്തെയും മുഴുവൻ വെല്ലുവിളിച്ചു കൊണ്ട് ഒരു സംഭവം അരങ്ങേറി. ഫെബ്രുവരി 19-നായിരുന്നു അത്. കൊവിഡിനെ പ്രതിരോധിക്കാനുള്ള ആദ്യ മരുന്നെന്ന പേരിൽ ബാബാ രാംദേവിന്റെ പതഞ്ജലി ‘കൊറോണിൽ’ എന്ന മരുന്ന് പുറത്തിറക്കി. ലോകാരോഗ്യ സംഘടന അംഗീകരിച്ച മരുന്നെന്നായിരുന്നു അവരുടെ വാദം. മരുന്ന് പുറത്തിറക്കിയ ചടങ്ങിൽ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനും കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയും പങ്കെടുത്തു. തുടർന്നു ലോകാരോഗ്യ സംഘടന ഈ വാദം തെറ്റാണെന്നറിയിച്ചു. ഇന്ത്യ സ്വന്തമായി വാക്സിൻ നിർമിച്ചിരുന്നു ഈ സമയം എന്നോർക്കുക. ഇതിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശത്തോടെ ഉത്തരാഖണ്ഡിൽ കുംഭമേളയുടെ പരസ്യങ്ങൾ പുറത്തിറങ്ങുന്നുണ്ടായിരുന്നു എന്നതും പ്രത്യേകം ശ്രദ്ധിക്കുക.

ഒരുവശത്ത് വാക്സിൻ വിതരണത്തിന്റെ അമിത ആത്മവിശ്വാസത്തിലായിരുന്നു സർക്കാർ. പക്ഷേ, രാഹുൽ ഗാന്ധി അവിടെയും ആശങ്ക പ്രകടിപ്പിച്ചു. പ്രധാനമന്ത്രിക്ക് അദ്ദേഹമെഴുതിയ കത്തിൽ പറയുന്നതിങ്ങനെയാണ് – “വാക്സിൻ ഉത്പാദനം വർധിപ്പിക്കേണ്ടതുണ്ട്. മറ്റ് വാക്സിനുകൾക്കും നിയമപ്രകാരം അതിവേഗം അനുമതി നൽകുക. ആവശ്യമുള്ള എല്ലാവർക്കും അതുവഴി വാക്സിനേഷൻ നൽകുക.” കഴിഞ്ഞ മാസം ഒമ്പതിനായിരുന്നു നിർദേശം.

“പാർട്ട് ടൈം രാഷ്ട്രീയക്കാരൻ പരാജയപ്പെട്ടതു കൊണ്ടാണോ രാഹുൽ ഗാന്ധി ഫുൾ ടൈം ലോബിയിങ്ങിലേക്കു മാറിയത്? വിദേശ വാക്സിനുകളുടെ അനുമതി ചോദിച്ചു കൊണ്ട് അദ്ദേഹം മരുന്ന് കമ്പനികൾക്കു വേണ്ടി ലോബിയിങ് നടത്തുകയാണ്.” ഇങ്ങനെയായിരുന്നു രാഹുലിന്റെ കത്തിനോട് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പ്രതികരിച്ചത്.

പക്ഷെ, ഇതിന് നാലു ദിവസങ്ങൾക്കു ശേഷം, ഏപ്രിൽ 13-ന് പ്രധാനമന്ത്രി രാജ്യത്തെ ഒരു കാര്യം അറിയിച്ചു. “യു.എസ്, യൂറോപ്പ്, യു.കെ, അല്ലെങ്കിൽ ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ പട്ടികയിലുള്ള രാജ്യങ്ങളിൽ നിർമിച്ച വാക്സിനുകൾക്ക് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകുന്നു.” രാഹുൽ ഗാന്ധിയുടെ പാർട്ട് ടൈം രാഷട്രീയ പ്രവർത്തനവും ഫുൾ ടൈം ലോബിയിങ്ങും കേന്ദ്ര സർക്കാർ അംഗീകരിച്ചു.

ഈ സമയം ഡൽഹി ഹൈക്കോടതി അതിരൂക്ഷമായ ഭാഷയിൽ കേന്ദ്രസർക്കാരിനെയും ഡൽഹി സർക്കാരിനെയും വിമർശിക്കുന്നുണ്ടായിരുന്നു. കൊവിഡിനെ സുനാമി എന്നായിരുന്നു കോടതി വിമർശിച്ചത്. പക്ഷെ ഇതിനും ഒരുവർഷം മുൻപ് മറ്റൊരാൾ ഇതേ തീവ്രതയിൽ ഈ മഹാമാരിയെ തിരിച്ചറിഞ്ഞിരുന്നു. രാഹുൽ തന്നെ. “ആന്‍ഡമാന്‍ നിക്കോബാറില്‍ സുനാമി വരുന്നതിനു മുൻപു കടല്‍വെള്ളം ഉള്‍വലിഞ്ഞു. വെള്ളം വലിയ രീതിയില്‍ കുറഞ്ഞതോടെ തദ്ദേശവാസികള്‍ മീന്‍പിടിക്കാനായി കടലിലേക്കിറങ്ങി. ആ സമയത്താണ് തിര ഉയര്‍ന്നത്. അവര്‍ വിഡ്ഢികളെപ്പോലെ ചുറ്റിത്തിരിയുകയാണ്. എന്താണു ചെയ്യേണ്ടതെന്ന് അവർക്കറിയില്ല. ഞാൻ സർക്കാരിനു മുന്നറിയിപ്പ് നൽകുകയാണ്. കൊറോണ വൈറസ് ഒരു സുനാമി പോലെയാണ്.” എന്നായിരുന്നു കഴിഞ്ഞ വർഷമാദ്യം രാഹുൽ പറഞ്ഞത്.

ഒരുവശത്തു കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിക്കുമ്പോൾ പോലും രാഹുൽ മറ്റൊന്ന് പ്ലാൻ ചെയ്യുന്നുണ്ടായിരുന്നുവെന്ന് പറഞ്ഞത് യൂത്ത് കോൺഗ്രസ്‌ ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസ് ആണ്. രാജ്യം കോവിഡിന്റെ രണ്ടാം ഘട്ടത്തിലേക്കു പോവുകയാണെന്നും ജനങ്ങളെ സഹായിക്കാൻ തയ്യാറായി നിൽക്കണമെന്നും ഈ വർഷം മാർച്ച് ഏഴിന് രാഹുൽ ഗാന്ധി യൂത്ത് കോൺഗ്രസ്‌ നേതാക്കളും പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു തുടർച്ചയായാണ് ജീവൻ നിലനിർത്താനായി ആയിരക്കണക്കിനാളുകൾ ഇന്ന് ട്വിറ്ററിൽ #SOSIYC എന്നാ ഹാഷ്ടാഗ് ഉപയോഗിക്കുന്നത്. കോവിഡ് രോഗികൾക്കു വേണ്ടി ഓക്സിജനും മരുന്നുകളും എത്തിക്കുന്ന, ഇന്ത്യയൊട്ടാകെ ഇന്നു പ്രവർത്തിക്കുന്ന ഏറ്റവും സംഘടിതമായ ഫോഴ്സ് ശ്രീനിവാസിന്റെ SOSIYC ടീമാണ്. ഇന്ത്യ ടുഡേയും ആജ് തക്കും അടക്കമുള്ളവർ വരെ ഇന്നു ശ്രീനിവാസിനെ ടാഗ് ചെയ്തു സഹായങ്ങൾ തേടുന്നുണ്ട്. രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പും നിർദേശവുമാണ് ഇതിനടിസ്ഥാനം എന്ന് ശ്രീനിവാസ് അടുത്തിടെ ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

മറ്റൊരിടത്ത് രാഹുൽ സ്വയം മാതൃക ആവുകയുമുണ്ടായി. കൊവിഡ് കണക്കുകൾ കൈവിട്ടു പോകും എന്ന പ്രതീതി രാജ്യത്തൊട്ടാകെ ഉണ്ടായപ്പോൾ അങ്ങ് കിഴക്ക് ഭാഗത്തു ശക്തമായ ഒരു രാഷ്ട്രീയ പോരാട്ടം നടക്കുകയായിരുന്നു. ബംഗാളിലെ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും രാഷ്ട്രീയ നേതൃത്വങ്ങൾക്ക് കഴിയാതിരുന്ന സമയം. ആ സമയം രാഹുലിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു – “കൊവിഡ് പശ്ചാത്തലത്തിൽ ബംഗാളിലെ എന്റെ എല്ലാ റാലികളും ഞാൻ നിർത്തിവെയ്ക്കുന്നു. നിലവിലെ സാഹചര്യത്തിൽ വലിയ റാലികൾ നടത്തുന്നതിന്റെ പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്ന് എല്ലാ രാഷ്ട്രീയ നേതാക്കളും ചിന്തിക്കണം.”

അതിനു തൊട്ടു തലേദിവസം പ്രധാനമന്ത്രി ബംഗാളിലെ ആസൻസോളിൽ നടത്തിയ ഒരു പ്രസംഗം കൂടി ശ്രദ്ധിക്കുക – “ലോക്സഭാ തിരഞ്ഞെടുപ്പിനിടെ ഞാൻ രണ്ടു തവണ ഇവിടെ വന്നിരുന്നു. പക്ഷേ, കഴിഞ്ഞ തവണ ഞാനിവിടെ വന്നപ്പോൾ ഇന്നീക്കാണുന്ന ജനക്കൂട്ടത്തിന്റെ നാലിലൊന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യമായാണു ഞാൻ ഇത്തരമൊരു റാലിക്കു സാക്ഷ്യം വഹിക്കുന്നത്. ഇന്നു നിങ്ങൾ നിങ്ങളുടെ ശക്തി തെളിയിച്ചു.”

ദിവസം രണ്ടുലക്ഷത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന, 17 ലക്ഷം പോസിറ്റീവ് കേസുകൾ നിലവിലുള്ള ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് ഇങ്ങനെ സംസാരിച്ചത്. ഈ രാജ്യത്തിന്റെ ഭരണകൂടത്തിന് മുന്നിൽ മാതൃകാപരമായ ഒരു പ്രവൃത്തി മുന്നോട്ടുവെച്ചത് ഒരു പ്രതിപക്ഷ നേതാവും.

ഇതിനൊക്കെയും ഇടയിൽ രാഹുൽ ഗാന്ധി ചിലരുമായി സംസാരിക്കുന്നുണ്ടായിരുന്നു. വൈറോളജിസ്റ്റുകള്‍, ആരോഗ്യ വിദഗ്ധര്‍, സാമ്പത്തിക വിദഗ്ധര്‍ തുടങ്ങിയ വിവിധ മേഖലകളിലുള്ളവരോട് കോവിഡ് കാലത്തെ ഇന്ത്യയെക്കുറിച്ച് രാഹുൽ സംസാരിച്ചു.

കോവിഡ് കാലം കൊണ്ട് മാത്രം അളക്കപ്പെടേണ്ടതല്ല രാഹുൽ ഗാന്ധി എന്ന ചോദ്യം ആരെങ്കിലും ചോദിച്ചാൽ അതു കൃത്യമാണ്. ഒരിക്കലുമല്ല. രാഹുലിനെ അളക്കുന്ന മറ്റ് ചിലതുകൂടിയുണ്ട്.

ഇന്നോളം വാര്‍ത്താസമ്മേളനങ്ങള്‍ക്ക് അയിത്തം കൽപ്പിച്ച പ്രധാനമന്ത്രിയാണ് ഒരുവശത്തുള്ളതെങ്കിൽ, മറുവശത്ത് മാധ്യമങ്ങളോടും, കാണികളുടെ ചോദ്യങ്ങളോടും മുഖം തിരിക്കാത്ത പ്രതിപക്ഷ നേതാവാണ് ഇന്ത്യക്കുള്ളത്. ഓഡിറ്റ് ചെയ്യപ്പെടുമെന്ന് ഉറപ്പായിരുന്നിട്ടും രാഹുൽ അഭിമുഖങ്ങള്‍ നടത്തി, രാഷ്ട്രീയമായ ഓരോ ചോദ്യത്തിനും രാഷ്ട്രീയമായി മറുപടി നല്‍കി. വിദ്യാര്‍ഥികളുടെ ഗൗരവമുള്ള ചോദ്യങ്ങള്‍ക്കിടെ ഡിസ്ലെക്സിയയെ പ്രധാനമന്ത്രി പരിഹരിച്ചപ്പോള്‍ (അതും ദൂരെനിന്ന്), ആയിരക്കണക്കിനു വിദ്യാര്‍ഥിക്കള്‍ക്കു നടുവില്‍നിന്ന് ജീന്‍സും ടീഷര്‍ട്ടും ധരിച്ച്, രാഷ്ട്രീയനേതാവിന്റെ പ്രിവിലേജില്ലാതെ പച്ചമനുഷ്യനായി രാഹുൽ ഗാന്ധി സംസാരിച്ചു.

മോഡിയെ താഴെയിറക്കാന്‍ വെമ്പല്‍ കൊള്ളുന്ന ആംഗ്രി യങ് മാനില്‍ നിന്ന് രാഹുല്‍ ഏറെ മാറിയിരിക്കുന്നു. കണ്‍ട്രക്ടീവ് ക്രിട്ടിസിസമാണ് രാഹുൽ ഗാന്ധി നടത്തുന്നത്. നോട്ടുനിരോധനം പ്രഖ്യാപിച്ചതിലെ, ലോക്ഡൗണ്‍ നടപ്പാക്കിയതിലെ, ജി.എസ്.ടി ഏർപ്പെടുത്തിയതിലെ പോരായ്മകളെക്കുറിച്ച്. പൗരത്വ ഭേദഗതി നിയമത്തിലെ രാഷ്ട്രീയത്തേക്കുറിച്ച്, ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ച്. അങ്ങനെ ഓരോ നിമിഷവും രാഹുൽ ഗാന്ധി ചോദ്യങ്ങൾ ഉയർത്തുന്നു.

വീണ്ടും മെഹുല്‍ ചോക്സിയും വിജയ് മല്യയും നമുക്കിടയില്‍ ചര്‍ച്ചയായത് എപ്പോഴാണ്? അവിടെയും രാഹുൽ ഗാന്ധി നടത്തിയ ഇടപെടല്‍ ഓർക്കണം. കഴിഞ്ഞവർഷം ഏപ്രില്‍ 28-ന് രാഹുല്‍ ട്വിറ്ററില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. രാജ്യത്തു വായ്പാത്തിരിച്ചടവ് നടത്താത്ത 50 പേരെക്കുറിച്ചു താന്‍ പണ്ട് ലോക്സഭയില്‍ ഉന്നയിച്ച ചോദ്യം. ലോക്ഡൗണിനും മുന്‍പ്. അന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അതിനുത്തരം പറഞ്ഞില്ല. 20 മിനിറ്റിനു ശേഷം സാകേത് ഗോഖലെ എന്ന വിവരാവകാശ പ്രവര്‍ത്തകന്‍ ഒരു ട്വീറ്റ് ചെയ്തു. ഈ 50 പേരുടെ പേരുകളടങ്ങിയ റിസര്‍വ് ബാങ്കിന്റെ വിവരാവകാശ മറുപടികള്‍. മണിക്കൂറുകള്‍ക്കുള്ളില്‍ രാഹുലിന് മറുപടി നല്‍കാന്‍ നിര്‍മലയും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറുമൊക്കെ ക്യൂ നിന്നു. എഴുതിത്തള്ളലിന്റെ കാരണങ്ങൾ അവര്‍ക്ക് വിശദീകരിക്കേണ്ടി വന്നു.

കുറച്ചുകൂടി പിന്നോട്ടു പോകാം. 2015-ല്‍ രാഹുൽ ഗാന്ധി നടത്തിയ ‘സ്യൂട്ട്-ബൂട്ട് കി സര്‍ക്കാര്‍’ കാമ്പയിനാണ് ആ വര്‍ഷം കോര്‍പ്പറേറ്റുകളുടെ നികുതി വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തില്‍ നിന്ന് മോദിയെ പിന്തിരിപ്പിച്ചതെന്ന് കഴിഞ്ഞവര്‍ഷം മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ പറഞ്ഞതോര്‍ക്കുക.

രാഹുലിലെ പ്രതിപക്ഷ നേതാവിനെ പ്രധാനമന്ത്രി പദത്തിലേക്കു കൈപിടിച്ചു നടത്താൻ പ്രതിപക്ഷത്തിന് ഏറെ വിയർക്കേണ്ടതുണ്ട്. അത്രമേൽ മൃഗീയ ഭൂരിപക്ഷത്തിന് ഉടമകളോടാണ് അവർ മത്സരിക്കാനിറങ്ങുന്നത്. പക്ഷേ വീണ്ടും #Resign എന്നതിനൊപ്പം മറ്റൊരാളുടെ പേരു കൂടി ചേർക്കപ്പെടാതിരിക്കാൻ അതു പ്രതിപക്ഷത്തിന് അനിവാര്യമാണ്.