നികുതിയെന്ന തീവെട്ടിക്കൊള്ളയെന്ന് രാഹുല്‍ ഗാന്ധി, മോഡിയുടെ ‘അച്ഛാദിന്‍’ എന്ന് കോണ്‍ഗ്രസ്; കേരളത്തില്‍ പെട്രോള്‍ വില 110 പിന്നിട്ടു

ന്യൂഡല്‍ഹി: രാജ്യത്ത് ദിനംപ്രതിയെന്നോണം പെട്രോള്‍ വില ഉയരുന്നതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. നികുതിയുടെ പേരില്‍ സര്‍ക്കാര്‍ തീവെട്ടിക്കൊള്ളയാണ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. രാജ്യത്ത് എവിടെയെങ്കിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കില്‍ മാത്രമാണ് ജനങ്ങള്‍ക്ക് വിലക്കയറ്റത്തില്‍നിന്നും നേരിയ ആശ്വാസം ലഭിക്കുകയെന്നും അദ്ദേഹം പരിഹസിച്ചു.

രാജ്യത്തെ പെട്രോള്‍-ഡീസല്‍ വിലവര്‍ധനവിനെതിരെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തി. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതില്‍ റെക്കോര്‍ഡ് നേട്ടത്തിലേക്ക് കടന്നിരിക്കുകയാണ് മോഡി സര്‍ക്കാരെന്നാണ് പ്രിയങ്ക ആരോപിച്ചത്‌. 23.53 രൂപയെന്ന റെക്കോര്‍ഡ് വില വര്‍ധനയാണ് ഈ വര്‍ഷമുണ്ടായതെന്ന വാര്‍ത്ത ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രതികരണം.

‘ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതില്‍ റെക്കോര്‍ഡ് കടന്നിരിക്കുകയാണ് മോഡിജിയുടെ സര്‍ക്കാര്‍. ഉയര്‍ന്ന തൊഴിലില്ലായ്മയും പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പന, ഏറ്റവുമുയര്‍ന്ന പെട്രോള്‍ വില ഇവയെല്ലാം മോഡി സര്‍ക്കാരിന്റെ സൃഷ്ടിയാണ്’, പ്രിയങ്കയുടെ ട്വീറ്റ് ഇങ്ങനെ.

മോഡിയുടെ ‘അച്ഛാദിന്‍’ എന്ന ഹാഷ്ടാഗോടെ കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും വിഷയം ഏറ്റെടുത്തിട്ടുണ്ട്.

ഞായറാഴ്ച മാത്രം പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്. ഒരു ഇടവേളയ്ക്ക് ശേഷം തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വില വീണ്ടുമുയരുന്നത്. ഇതോടെ കേരളത്തില്‍ പെട്രോളിന് 110 രൂപ പിന്നിട്ടു.