‘പരിഗണിക്കാം’; അധ്യക്ഷനായി വീണ്ടുമെത്തുമോ?, ആദ്യമായി പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയാധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടുമെത്തണമെന്ന നിരന്തരമായ ആവശ്യത്തോട് ആദ്യമായി പ്രതികരിച്ച് രാഹുല്‍ ഗാന്ധി. ‘ഇക്കാര്യം താന്‍ പരിഗണിക്കാം’ എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന മുതിര്‍ന്ന നേതാക്കളുടെ ആവശ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെന്നാണ് റിപ്പോര്‍ട്ട്.

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് ചന്നിയാണ് രാഹുല്‍ ഗാന്ധിയോട് സ്ഥാനമേറ്റെടുത്ത് കോണ്‍ഗ്രസിനെ നയിക്കാന്‍ ആവശ്യപ്പെട്ടത്. ‘ഇക്കാര്യം ഞാന്‍ പരിഗണിക്കാം’ എന്ന മറുപടിയാണ് രാഹുല്‍ ചന്നിക്ക് നല്‍കിയത്. ചന്നിയോടൊപ്പം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, മുതിര്‍ന്ന നേതാവ് എ.കെ ആന്റണി എന്നിവരും രാഹുലിന്റെ തിരിച്ചുവരവ് ആവശ്യപ്പെട്ടു.

2022 ഓഗസ്റ്റ് 21നും സെപ്തംബര്‍ 20 ഇടയില്‍ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടത്താനാണ് പ്രവര്‍ത്തക സമിതി തീരുമാനം. അതുവരെ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തുടരും.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെയായിരുന്നു രാഹുല്‍ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അധ്യക്ഷ സ്ഥാനമൊഴിഞ്ഞത്. രാഹുലിന്റെ രാജി സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാനായിരുന്നു സോണിയാ ഗാന്ധി ഇടക്കാല അധ്യക്ഷയായി വീണ്ടും പാര്‍ട്ടിയുടെ തലപ്പത്തേക്കെത്തിയത്. 19 വര്‍ഷം പാര്‍ട്ടിയെ നയിച്ച സോണിയ ഇനി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞിടത്തുനിന്നായിരുന്നു 2017ല്‍ രാഹുല്‍ കോണ്‍ഗ്രസിന്റെ കപ്പിത്താനായെത്തിയത്.

രാജിവെച്ചതിന് ശേഷം പാര്‍ട്ടിയുടെ പലഭാഗത്തുനിന്നും സ്ഥാനമേറ്റെടുക്കണമെന്ന ആവശ്യം നിരവധി തവണ ഉയര്‍ന്നെങ്കിലും ഇത് ആദ്യമായാണ് രാഹുല്‍ നേരിയ സൂചനയെങ്കിലും നല്‍കിയുള്ള പ്രതികരണം നടത്തുന്നത്. രാഹുല്‍ തിരിച്ചെത്തണമെന്നാണ് രാജ്യത്തെ 99.9 ശതമാനം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആഗ്രഹിക്കുന്നതെന്ന് പാര്‍ട്ടി ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞിരുന്നു. ജനുവരിയില്‍ രാഹുലിന്റെ തിരിച്ചുവരവ് ആവശ്യപ്പെട്ട് ഡല്‍ഹി കോണ്‍ഗ്രസ് പ്രമേയം വരെ പാസാക്കിയിരുന്നു. ആ ഘട്ടത്തിലൊന്നും രാഹുല്‍ ഗാന്ധി പ്രതികരണങ്ങളിലേക്ക് കടന്നിരുന്നില്ല.