തിരുവനന്തപുരം: സിപിഐഎം സെക്രട്ടറി സംഘപരിവാര്‍ വിരുദ്ധ പോരാട്ടതിന് എതിരായതിന്റെ പേരില്‍ ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയുകയാണെങ്കില്‍ കേരളത്തിലെ സംഘടന പ്രസിഡണ്ട് സതീഷും സെക്രട്ടറി റഹീമും ദിവസവും മൂന്ന് നേരം വീതം രാജിവെക്കേണ്ടിവരുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ലക്ഷദ്വീപിലെ ഡിവൈഎഫ്ഐ പ്രസിഡണ്ട് കെകെ നസീര്‍ രാജിവെച്ച പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രതികരണം.
CPIM സെക്രട്ടറി സംഘപരിവാര്‍ വിരുദ്ധ പോരാട്ടത്തിന് എതിരായതിന്റെ പേരില്‍ DYFl സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിയുകയാണെങ്കില്‍, താങ്കള്‍ കത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന കേരളത്തിലെ DYFI പ്രസിഡന്റ് സഖാവ് സതീഷും, സംസ്ഥാന സെക്രട്ടറി സഖാവ് റഹീമും ദിവസവും മൂന്നു നേരം വീതം രാജി വെക്കണ്ടി വരും…
രാഹുല്‍ മാങ്കൂട്ടത്തില്‍
കേരളത്തില്‍ മാത്രമല്ല maRSSism ഉള്ളത് അല്ലേ?
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിനെ സിപിഐഎം ലക്ഷദ്വീപ് സംസ്ഥാന സെക്രട്ടറി ലുക്മാനുല്‍ ഹക്കീം ന്യായീകരിച്ചെന്നാരോപിച്ചാണ് കെകെ നസീര്‍ രാജിവെച്ചത്. ലക്ഷദ്വീപിലെ സര്‍ക്കാര്‍ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേല്‍ ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തിലാണ് ലുക്മാനുല്‍ അഭിപ്രായം രേഖപ്പെടുത്തിയത്.
സര്‍ക്കാര്‍ ഡയറി ഫാമുകള്‍ അടച്ചുപൂട്ടിയത് നഷ്ടത്തിലായതിനാലാണെന്നും പ്രതിഷേധത്തില്‍ കാര്യമില്ല. ലക്ഷദ്വീപില്‍ പത്ത് പശുക്കളൊക്കെയെ ഉള്ളൂവെന്നും അമുല്‍ ലക്ഷദ്വീപില്‍ പണ്ടെ ഉണ്ടെന്നുമാണ് ലുക്മാനുല്‍ പറഞ്ഞത്.
ദ്വീപിന് വേണ്ടി ശക്തമായി നിലകൊണ്ട കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ, സാംസ്കാരിക, മാധ്യമ കൂട്ടായ്മകളെ മൊത്തം അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം പ്രസ്താവനകള്‍ സെക്രട്ടറിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടും അച്ചടക്ക് നടപടിയുണ്ടാകാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് കെകെ നസീര്‍ പറഞ്ഞു. വലതുപക്ഷ പ്രചാരകര്‍ക്ക് അവസരം നല്കുന്ന നിലപാടാണ് പാര്‍ട്ടി സെക്രട്ടറി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.