‘പ്രഫുല്‍ പട്ടേല്‍ സുനാമി സൃഷ്ടിച്ച് ദ്വീപിനെ മുക്കിക്കൊല്ലാനും മടിക്കില്ല, കാരണം മതമാണ് പ്രശ്‌നം’; രാഹുല്‍ മാങ്കൂട്ടത്തില്‍

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ലക്ഷദ്വീപില്‍ നടപ്പിലാക്കുന്ന നയങ്ങളോടുള്ള പ്രതിഷേധം കനക്കുന്നു. പ്രഫുല്‍ പട്ടേല്‍ എന്ന ഗുജറാത്ത് മുന്‍ ആഭ്യന്തര സഹമന്ത്രിയെ അഡ്മിനിസ്‌ട്രേറ്റര്‍ എന്ന ദ്വീപ് ഭരണത്തലവനായുള്ള നിയമനം യാദൃശ്ചികമല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു. ഗുജറാത്തിലെ മോദി – ഷാ മാരുടെ ഒരു നിശ്വാസത്തെ പോലും ‘കമാന്റായി ‘ നടപ്പാക്കിയെടുക്കുവാന്‍ കഴിയുന്ന കമാന്ററാണ് അയാളെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം:

ലക്ഷദ്വീപ് അല്ല, ‘ലക്ഷ്യം’ ദ്വീപാണ്, ആ ദ്വീപിലെ മനുഷ്യരാണ്, അവരുടെ വിശ്വാസങ്ങളാണ്.

ആദ്യം അങ്ങ് വടക്ക് കാശ്മീര്‍ ആയിരുന്നു, ഇന്നിപ്പോള്‍ തെക്ക് ലക്ഷദ്വീപാണ്. അവര്‍ ഉന്നം വെക്കുന്നത് ഒന്ന് തന്നെയാണ്. പ്രഫുല്‍ പട്ടേല്‍ എന്ന ഗുജറാത്ത് മുന്‍ ആഭ്യന്തര സഹമന്ത്രിയെ അഡ്മിനിസ്‌ട്രേറ്റര്‍ എന്ന ദ്വീപ് ഭരണത്തലവനായുള്ള നിയമനം യാദൃശ്ചികമല്ല. ഗുജറാത്തിലെ മോദി – ഷാ മാരുടെ ഒരു നിശ്വാസത്തെ പോലും ‘കമാന്റായി ‘ നടപ്പാക്കിയെടുക്കുവാന്‍ കഴിയുന്ന കമാന്ററാണ് അയാള്‍.

കേന്ദ്ര സര്‍ക്കാരിന് ലക്ഷദ്വീപിനോടുള്ള ഈ പ്രത്യേക ‘താല്പര്യത്തിന്റെ ‘ കാരണം അവിടുത്തെ നൂറു ശതമാന മുസ്ലീം ജനസംഖ്യയാണ്. അത് കൊണ്ട് തന്നെയാണല്ലോ വിശ്വാസത്തിനെതിരായ മദ്യത്തിന് വിലക്ക് കല്പിച്ചിരുന്ന നാട്ടില്‍, ടൂറിസത്തിന്റെ പേരില്‍ മദ്യശാലകള്‍ തുറന്നത്. അത് സാംസ്‌കാരിക അധിനിവേശം തന്നെയാണ്.

Also Read: ‘പ്രവര്‍ത്തിക്കുകയല്ലാതെ ഇനി മാര്‍ഗമില്ല’; ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം കേള്‍ക്കണമെന്ന് പൃഥ്വിരാജ്; ‘നിയമങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയാകണം’

ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തിലെത്തിയ ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ചും, ബീഫ് നിരോധനം നടത്തിയും, വിദ്യാലയങ്ങളിലുണ്ടായിരുന്ന മാംസാഹാരം നിര്‍ത്തലാക്കിയും അവരെ നിരന്തരം, ഭരണ നിര്‍വ്വഹണത്തില്‍ നിന്ന് തദ്ദേശിയരെ പൂര്‍ണമായി ഒഴിവാക്കിയും അഡ്മിനിസ്‌ട്രേറ്റര്‍ വെല്ലുവിളിക്കുന്നു.

രണ്ട് മക്കളില്‍ കൂടുതലുള്ളവര്‍ക്ക് പഞ്ചായത്തില്‍ മത്സരിക്കുവാന്‍ അയോഗ്യത കല്പിക്കുക പോലെയുള്ള വിചിത്ര ഉത്തരുവുകള്‍.
ഇതിനെല്ലാം പുറമെ, ഒരു കോവിഡ് കേസ് പോലുമില്ലാതിരുന്ന ദ്വീപില്‍ ബോധപൂര്‍വ്വം കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കി, ഇന്ന് അവിടുത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 60 ശതമാനമാണ്. ആരോഗ്യ സംവിധാനങ്ങള്‍ ദുര്‍ബലമാണെന്നും, കടല്‍ കടന്നെത്തേണ്ടുന്ന കേരളമാണ് അവരുടെ ആശ്രയമെന്നും ഓര്‍ക്കണം.

Also Read: ലക്ഷദ്വീപില്‍ നടക്കുന്നതെന്ത്? നൂറ് ശതമാനം മുസ്ലിങ്ങളുള്ള ദ്വീപിലെ കേന്ദ്രസര്‍ക്കാര്‍ അജണ്ട അക്കമിട്ട് വിശദീകരിച്ച് വിടി ബല്‍റാം

ഒരു മനുഷ്യനെ കൊണ്ട് സുനാമി സൃഷ്ടിക്കുവാന്‍ കഴിഞ്ഞാല്‍, പ്രഫുല്‍ പട്ടേല്‍ സുനാമി സൃഷ്ടിച്ച് ആ ദ്വീപിനെ മുക്കിക്കൊല്ലുവാനും മടിക്കില്ല, കാരണം മതമാണ് പ്രശ്‌നം.

ആ കൊച്ച് ദ്വീപിനെയും, ആ ദ്വിപിലെ മനുഷ്യരെയും ചേര്‍ത്ത് നിര്‍ത്തി അവര്‍ക്ക് വേണ്ടി നമ്മള്‍ സംസാരിച്ചുകൊണ്ടിരിക്കണം. അല്ലെങ്കില്‍ നാളെ ഒരു പ്രഫുല്‍ പട്ടേല്‍ നമ്മെ തകര്‍ക്കുവാന്‍ വന്നാല്‍ നമുക്ക് വേണ്ടി സംസാരിക്കുവാന്‍ ആരുമില്ലാതെയാകും.