കൊച്ചി: എന്‍ഡിഎ വൈപ്പിന്‍ മണ്ഡലം കണ്നറുടെ വീട്ടില്‍ മുതിര്‍ന്ന സിപിഐഎം നേതാവ് തോമസ് ആസക് അത്താഴവിരുന്നിന് എത്തിയത് വിവാദമാവുന്നതിനിടെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. കഴിക്കുന്നത് സിപിഐഎം ആണെങ്കിലും വിശപ്പടങ്ങുന്നത് ബിജെപിക്കാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് കാലത്തായിരുന്നു ഐസക് എന്‍ഡിഎ നേതാവ് രഞ്ജിത്ത് രാജ്വിയുടെ വീട്ടില്‍ അത്താഴ വിരുന്നില്‍ പങ്കെടുത്തത്.
‘തെരഞ്ഞെടുപ്പ് കാലത്ത്, വൈപ്പിനിലെ എന്‍ഡിഎ കണ്‍വീനറുടെ വീട്ടില്‍ മുതിര്‍ന്ന സിപിഐഎം നേതാവ് ശ്രീ തോമസ് ഐസക്ക് അത്താഴത്തിനെത്തിയ വാര്‍ത്ത കണ്ടു. ഇത്തരം ‘ഒത്തുകൂടലുകള്‍’ മുന്‍പ് ഡല്‍ഹിയിലുമുണ്ടായിട്ടുണ്ട്, അന്നതിന്റെ ഭാഗമായത് ശ്രീ എബി വാജ്പെയിയും, ശ്രീ എല്‍കെ അദ്വാനിയും, സഖാവ് ജ്യോതി ബസുവും, സഖാവ് ഇഎംസ് നമ്പൂതിരിപ്പാടും, സഖാവ് സി രാജേശ്വര റാവുവുമൊക്കെ ആയിരുന്നു. അത്തരം കൂടിച്ചേരലുകള്‍ കൊണ്ട് BJP യുടെ സ്വീകാര്യത ‘പിന്നോക്ക സമുദായങ്ങളില്‍’ വര്‍ദ്ധിപ്പിച്ചുവെന്ന് ഗോവിന്ദാചാര്യ തന്നെ സാക്ഷിപ്പെടുത്തിയിട്ടുണ്ട്..
കേരളത്തിലും അത്താഴ വിരുന്നുകള്‍ കൂടുകയാണ്… കഴിക്കുന്നത് സിപിഐഎം ആണെങ്കിലും, വിശപ്പ് അടങ്ങുന്നത് ബിജെപിയുടേതാണ്.
ഐസക്ക് സാറെ, ലേശം ചോറ് കൂടി!’, രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
തോമസ് ഐസക്കിനോടൊപ്പം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍ ഉണ്ണികൃഷ്ണനും സിപിഐഎം ഏരിയാകമ്മറ്റി അംഗങ്ങളും പങ്കെടുത്തിരുന്നു. ചില എസ്എന്‍ഡിപി ഭാരവാഹികളും എന്‍ഡിഎ കണ്‍വീനറുടെ വീട്ടിലെത്തിയിരുന്നു. ഇവര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്.
ഹിന്ദു ഐക്യവേദിയുടെ നേതാവുകൂടിയാണ് രഞ്ജിത്ത് രാജ്വി. രഞ്ജിത്തിന്റെ ഭാര്യ കൃഷ്ണകുമാരി എസ്എന്‍ഡിപി യോഗം വനിതാസംഘം സംസ്ഥാന പ്രസിഡന്റാണ്. തോമസ് ഐസക് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വൈപ്പിനില്‍ എത്തിയപ്പോഴായിരുന്നു രഞ്ജിത്തിന്റെ വീട്ടിലും എത്തിയത്. മാര്‍ച്ച് 28ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍ ഉണ്ണികൃഷ്ണന് വനിതാ സംഘം നേതാവ് എന്ന നിലയില്‍ കൃഷ്ണകുമാരിയെ കാണാന്‍ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. തീരുമാനിച്ച ദിവസം ഐസക് വൈപ്പിനില്‍ ഉണ്ടായിരുന്നതിനാല്‍ അദ്ദേഹവും അത്താഴവിരുന്നില്‍ പങ്കെടുക്കുകയായിരുന്നു.
അത്താഴ വിരുന്നിന് പിന്നാലെ എസ്എന്‍ഡിപിയിലെ ഇടത് അനുകൂലികള്‍ ചെറായിയിലെ ഒരു ഹോട്ടലില്‍ യോഗം ചേര്‍ന്നിരുന്നു എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. ഈ യോഗത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും പങ്കെടുത്തിരുന്നെന്നും ഇവര്‍ പറയുന്നു.
എന്നാല്‍, സാമൂഹിക പ്രവര്‍ത്തകയും സാമുദായിക സംഘടനാ നേതാവുമായ ഒരാളുടെ പിന്തുണ സ്വാഭാവികമായി തേടുകമാത്രമാണുണ്ടായതെന്നും കോണ്‍ഗ്രസ് ഇതിനെ വളച്ചൊടിക്കുകയാണെന്നുമാണ് സിപിഐഎം വിശദീകരണം. കൃഷ്ണകുമാരി പിന്നീട് പരസ്യമായി എല്‍ഡിഎഫിന് വേണ്ടി പ്രചരണം നടത്തിയിരുന്നെന്ന് സിപിഐഎം ഏരിയ കമ്മറ്റി അംഗം എപി അനില്‍ ചൂണ്ടിക്കാണിക്കുന്നു.