സിപിഐഎമ്മിന്റെ തണലില്‍ സ്ത്രീവിരുദ്ധത ആഘോഷിക്കുന്നു ഇര്‍ഷാദ് അലിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, തരത്തില്‍പോയി കളിക്കെടായെന്ന് നടന്‍. പൊങ്കാല!

സിപിഐഎം പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച് രമ്യാ ഹരിദാസ് എംപി നടത്തിയ പ്രതിഷേധത്തെ പരിഹസിച്ച നടന്‍ ഇര്‍ഷാദ് അലിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രമ്യാ ഹരിദാസ് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനെ കോമഡി രംഗമെന്ന് വിശേഷിപ്പിച്ചായിരുന്നു ഇര്‍ഷാദ് അലിയുടെ പ്രതികരണം. ഇതിന് പിന്നാലെ നടന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വ്യാപകമായി കമന്റുകളിട്ടു.

തുടര്‍ന്ന് ഇര്‍ഷാദ് അലിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി. ‘ഈ കോവിഡ് കാലത്ത് അതിനേക്കാള്‍ ഭീകരമായ ചില മനുഷ്യ വയറസ്സുകളുണ്ട്. എത്ര മാസ്‌ക് ധരിച്ചാലും അത്തരക്കാരുടെ വിഷലിപ്തമായ ഒരു വാക്ക് മതി, അശ്ലീലതയുടെ സമൂഹ വ്യാപനമുണ്ടാകുവാന്‍. അത്തരത്തില്‍ ഒരുത്തനാണ് ഇര്‍ഷാദ് അലി. സിനിമ നടന്‍ എന്നതിനേക്കാള്‍ സ്ത്രീകളെ അധിക്ഷേപിക്കുന്നവന്‍ എന്ന നിലയിലാണ് ഇയാള്‍ക്ക് അറിയപ്പെടുവാന്‍ ആഗ്രഹമെന്ന് തോന്നുന്നു’, രാഹുല്‍ പറഞ്ഞു.

‘സിനിമയിലെ ഡയലോഗിലും, എന്തിനേറെ പറയുന്നു ഒരു ആള്‍ക്കൂട്ട സീനിലോ, സംഘട്ടന സീനിലോ പോലും പൊളിടിക്കല്‍ കറക്ടനസ് വേണമെന്ന് സമൂഹം പറയുന്ന കാലത്താണ്, ഇര്‍ഷാദ് അലി സിപിഐഎമ്മിന്റെ തണലില്‍ വന്നിരുന്ന് പച്ചയായ സ്ത്രീ വിരുദ്ധത പറയുന്നത്. ഒരു വനിതാ പാര്‍ലമെന്റ് മെമ്പറിനെ വഴിയില്‍ തടഞ്ഞ് സിപിഐഎമ്മുകാര്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കിയപ്പോള്‍, അവര്‍ നടുറോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത് കാണുമ്പോള്‍ ഇര്‍ഷാദ് അലിക്ക് അത് ഒരു കോമഡി രംഗമാണത്രെ! ഒരു പാര്‍ലമെന്റ് മെമ്പറിന് അത്തരത്തില്‍ ഒരു അനുഭവം സിപിഐഎമ്മില്‍ നിന്ന് ഉണ്ടാകുമോയെന്ന് ഓര്‍ത്ത് നെറ്റിചുളിക്കേണ്ട കാര്യമില്ല. നിയമസഭയ്ക്ക് അകത്ത് സിപിഐഎം കയ്യേറ്റത്തിന് വിധേയനായ എംവിആര്‍ ചരിത്ര തെളിവാണ്. സൈബറിടത്തില്‍ പോലും അവര്‍ എത്ര ക്രൂരമായാണ് അക്രമിക്കുക എന്ന് ഇര്‍ഷാദ് അലിക്ക് അറിയണമെങ്കില്‍, തന്റെ ഈ ‘റേഷ്യല്‍/ ജന്റര്‍ ജോക്ക് ‘ ഏതെങ്കിലും സിപിഐഎം നേതാവിനെതിരെ ഉപയോഗിക്കു, താങ്കളുടെ പല തലമുറകളുടെ വെര്‍ച്ച്വല്‍ സംഗമം കാണാം!
പിന്നെയും എന്തുകൊണ്ടാണ് ഒരാള്‍ ജീവഭയത്താല്‍ നടുറോഡില്‍ കുത്തിയിരിക്കുന്ന രംഗം കാണുമ്പോള്‍ അയാള്‍ക്ക് ചിരി വരുക? അയാളിലെ മെയില്‍ ഷോവനിസമോ, ഒരു പട്ടികജാതിക്കാരിയായ പെണ്‍കുട്ടിയല്ലേയെന്ന് ‘ സവര്‍ണ്ണ ബോധമോ ‘ ആയിരിക്കാം. എന്തായാലും ഇര്‍ഷാദ് അലിമാരില്‍ നിന്ന് നമുക്ക് സാമൂഹിക അകലം പാലിക്കാം. ഈ വയറസ്സുകളോട് ജാഗ്രത മാത്രം പോരാ, ഭയവും വേണം’, രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ പരോക്ഷ പ്രതികരണവുമായി ഇര്‍ഷാദ് അലിയും രംഗത്തെത്തിയിട്ടുണ്ട്. ‘മോനേ തരക്കാരോട് കളിക്കെടാ ചെല്ല്’ എന്ന് മാത്രമാണ് നടന്റെ പോസ്റ്റ്. ഇതിന് താഴെയും കമന്റുകള്‍ നിറയുകയാണ്.

ആലത്തൂരിലെ ഇടതുപക്ഷ നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന വ്യക്തി തന്നെ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് രമ്യ ഹരിദാസ് അറിയിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളുമായി സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. ഇക്കാര്യം വ്യക്തമാക്കി എംപി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഞായറാഴ്ച ആലത്തൂര്‍ പൊലീസ് സ്റ്റേഷന് സമീപം തൊഴിലാളികളുമായി സംസാരിക്കുന്നതിനിടെ സിപിഐഎം പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിക്കുകയും മോശമായി സംസാരിക്കുകയും ചെയ്‌തെന്ന് രമ്യാ ഹരിദാസ് വ്യക്തമാക്കി. ആലത്തൂര്‍ മണ്ഡലത്തില്‍ കാലുകുത്തിയാല്‍ കൊല്ലുമെന്നടക്കമുള്ള ഭീഷണികളാണ് സിപിഐഎം പ്രവര്‍ത്തകര്‍ നടത്തിയതെന്നും അവര്‍ അറിയിച്ചു.