‘കാശ് അണ്ണനല്ല, ചേച്ചി കൊടുത്തിട്ടുണ്ട്’, രാഹുല്‍ ഗാന്ധിയുടെ ബില്ലടച്ചില്ലെന്ന ദേശാഭിമാനി വാര്‍ത്ത തള്ളി രാഹുല്‍ മാങ്കൂട്ടത്തില്‍, ‘വിജയനോട് സ്വിമ്മിങ് പൂളില്‍ ചാടിയിട്ട് പസഫിക് സമുദ്രമാണെന്ന് തള്ളാന്‍ പറ’

കൊച്ചി: കൊല്ലത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി താമസിച്ചിരുന്ന ഹോട്ടലിന്റെ വാടക അടച്ചില്ലെന്ന ദേശാഭിമാനി വാര്‍ത്ത തള്ളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ബില്ല് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ അടച്ചിരുന്നെന്നും രേഖകളുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി. ഹോട്ടലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ വീഴ്ച വരുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി ക്വയിലോണ്‍ ബീച്ച് ഹോട്ടല്‍ ഔദ്യോഗികമായി അറിയിച്ചതിന്റെ രേഖയും രാഹുല്‍ പുറത്തുവിട്ടു.

‘രാഹുല്‍ താമസിച്ച ആഢംബര ഹോട്ടലിന്റെ വാടക നല്കിയില്ല’ എന്ന തലക്കെട്ടില്‍ വാടകയിനത്തില്‍ ആറുലക്ഷം രൂപ കോണ്‍ഗ്രസ് ഹോട്ടലിന് നല്‍കാനുണ്ടെന്നായിരുന്നു ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്തയിലുണ്ടായിരുന്നത്. ‘കാശ് അണ്ണന്‍ തരും’ എന്ന പരിഹാസം നിറഞ്ഞ അടിക്കുറിപ്പോടെ വാര്‍ത്ത പി ജയരാജന്‍ അടക്കമുള്ള മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയിരിക്കുന്നത്.

‘സംഭവം അറിഞ്ഞ് ഞാന്‍ കൊല്ലം ഉഇഇ പ്രസിഡന്റ് ശ്രീമതി ബിന്ദു കൃഷ്ണയോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത്, ആ പണം അവര്‍ നേരത്തെ തന്നെ നേരിട്ട് ഹോട്ടലുകാര്‍ക്ക് കൊടുത്തതാണ്. എന്നിട്ട് അതിന്റെ ഡീറ്റെയില്‍സ് എനിക്ക് അയച്ചു തരുകയും ചെയ്തു. അപ്പോള്‍ സത്യത്തില്‍ സഖാക്കളുടെ പ്രശ്‌നം എന്താണ്? ഹോട്ടല്‍ ബില്ല് അല്ല, രാഹുല്‍ ഗാന്ധി കടലില്‍ ചാടിയതാണ് അവരുടെ പ്രശ്‌നം’, രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘കടല്‍ നാടകം എന്നാണ് ഈ വാര്‍ത്തയ്ക്കും അവര്‍ ടൈറ്റില്‍ കൊടുത്തത്. രാഹുല്‍ കടലില്‍ ചാടിയതിന്റെ തിരയിളക്കത്തിലെ ഉലച്ചിലില്‍ നിന്ന് സിപിഐഎം ഇപ്പോഴും മുക്തമായിട്ടില്ല. കടലില്‍ ചാടിയത് രാഹുല്‍ ആണെങ്കിലും, നനഞ്ഞ് തണുത്ത് വിറച്ചത് സഖാക്കള്‍ക്കാണ്. നിങ്ങള്‍ക്കതില്‍ ഇത്ര വിഷമം ഉണ്ടെങ്കില്‍ ആ പ്രകാശ് കാരാട്ടിനോടോ, യച്ചൂരിയോടോ കടലില്‍ ചാടുവാന്‍ പറയുക. അത് നടന്നില്ലെങ്കില്‍ വിജയനോട് വല്ല സ്വിമ്മിംഗ് പൂളിലും ചാടാന്‍ പറയുക, എന്നിട്ടത് പസഫിക് സമുദ്രമാണെന്ന് തള്ളി മറിക്കുക’, രാഹുല്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം:

പി. ജയരാജന്‍ സഖാവെ,

കാശ് അണ്ണനല്ല, ചേച്ചി കൊടുത്തിട്ടുണ്ട്. ഏത് ചേച്ചി ആണെന്നറിയുമോ? ബിന്ദു ചേച്ചി, കൊല്ലം ഡി.സി.സി പ്രസിഡന്റ്.

രാവിലെ മുതല്‍ സഖാക്കള്‍ പ്രചരിപ്പിച്ച ഒരു വാര്‍ത്തയുണ്ട്, ‘രാഹുല്‍ താമസിച്ച ഹോട്ടലിന്റെ വാടക നല്കിയില്ല”. പത്രം ഏതാണെന്ന് അന്വേഷിക്കണ്ട, നേര് നേരത്തെ അറിയിക്കുന്ന പത്രം തന്നെ. ആ പത്രത്തില്‍ കോണ്‍ഗ്രസ്സിനെ പറ്റി സത്യസന്ധമായ ഒരു വാര്‍ത്ത വരണം എന്ന വാശി എനിക്കില്ല. മാത്രമല്ല ദേശാഭിമാനി കോണ്‍ഗ്രസ്സിനെ പറ്റി നല്ലത് എഴുതിയാല്‍ കോണ്‍ഗ്രസ്സ് എന്തോ തെറ്റ് ചെയ്തു എന്ന് വേണം അനുമാനിക്കുവാന്‍.

ആ പത്ര കട്ടിംഗ് കിട്ടിയ പാടെ, യുക്തിയും ബുദ്ധിയും AKG സെന്ററില്‍ പണയം വെച്ച സകല സൈബര്‍ CITU തൊഴിലാളികളും ‘കാശ് അണ്ണന്‍ തരും ‘ എന്ന തലക്കെട്ടില്‍ വെച്ചു കാച്ചി. എന്നാല്‍ പി. ജയരാജനും ആ വ്യാജ വാര്‍ത്ത ഷെയര്‍ ചെയ്തപ്പോഴാണ്, അവരുടെ നേതൃത്വത്തിന്റെയും ബോധരാഹിത്യം മനസ്സിലായത് (പഴയ ബോധം പോയ സംഭവം വെച്ച് പറഞ്ഞതല്ലാ).

സംഭവം അറിഞ്ഞ് ഞാന്‍ കൊല്ലം DCC പ്രസിഡന്റ് ശ്രീമതി ബിന്ദു കൃഷ്ണയോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത്, ആ പണം അവര്‍ നേരത്തെ തന്നെ നേരിട്ട് ഹോട്ടലുകാര്‍ക്ക് കൊടുത്തതാണ്. എന്നിട്ട് അതിന്റെ ഡീറ്റെയില്‍സ് എനിക്ക് അയച്ചു തരുകയും ചെയ്തു.
അപ്പോള്‍ സത്യത്തില്‍ സഖാക്കളുടെ പ്രശ്‌നം എന്താണ്? ഹോട്ടല്‍ ബില്ല് അല്ല, രാഹുല്‍ ഗാന്ധി കടലില്‍ ചാടിയതാണ് അവരുടെ പ്രശ്‌നം.

‘കടല്‍ നാടകം ‘ എന്നാണ് ഈ വാര്‍ത്തയ്ക്കും അവര്‍ ടൈറ്റില്‍ കൊടുത്തത്. രാഹുല്‍ കടലില്‍ ചാടിയതിന്റെ തിരയിളക്കത്തിലെ ഉലച്ചിലില്‍ നിന്ന് CPIM ഇപ്പോഴും മുക്തമായിട്ടില്ല. കടലില്‍ ചാടിയത് രാഹുല്‍ ആണെങ്കിലും, നനഞ്ഞ് തണുത്ത് വിറച്ചത് സഖാക്കള്‍ക്കാണ്. നിങ്ങള്‍ക്കതില്‍ ഇത്ര വിഷമം ഉണ്ടെങ്കില്‍ ആ പ്രകാശ് കാരാട്ടിനോടോ, യച്ചൂരിയോടോ കടലില്‍ ചാടുവാന്‍ പറയുക. അത് നടന്നില്ലെങ്കില്‍ വിജയനോട് വല്ല സ്വിമ്മിംഗ് പൂളിലും ചാടാന്‍ പറയുക, എന്നിട്ടത് പസഫിക് സമുദ്രമാണെന്ന് തള്ളി മറിക്കുക.

മേല്‍പ്പറഞ്ഞ ഒന്നും നടന്നില്ലെങ്കില്‍ പറ്റുന്ന ഒരു കാര്യമുണ്ടായിരുന്നു, ദേശാഭിമാനിയുടെ പുതിയ പത്രാധിര്‍ കോടിയേരിയുടെ മകനുണ്ടല്ലോ, നിങ്ങളുടെ കൂട്ടത്തില്‍ കടലില്‍ കുളിക്കാനറിയുന്ന ‘കൊച്ച് കൊടിയേരി ‘ അയാളിപ്പോള്‍, ബാഗ്ലൂര്‍ ജയിലില്‍ തിരയെണ്ണി കിടക്കുകയല്ലായിരുന്നെങ്കില്‍, അയാളോടെങ്കിലും പറയാമായിരുന്നു കടലില്‍ ചാടുവാന്‍.

ഹോട്ട് ഡോഗ് എന്നാല്‍ ‘ചത്ത പട്ടി ‘ ആണെന്നും, സാള്‍ട്ട് മാംഗോ ട്രീയാണ് ഉപ്പുമാവ് എന്ന് ദേശാഭിമാനി എഴുതുമ്പോള്‍ അത് കണ്ണടച്ച് വിശ്വസിക്കുന്ന സഖാക്കള്‍ ഉള്ളിടത്തോളം കാലം ആ പത്രം നിലനില്ക്കും…