‘പെര്‍ഫെക്ട് ഓകെ’; പിണറായി വിജയനെ ഡൊണാള്‍ഡ് ട്രംപിനോട് താരതമ്യം ചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായി താരതമ്യം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. തിങ്കളാഴ്ച സത്യപ്രതിജ്ഞ നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ താരതമ്യം.

അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഫലം പൂര്‍ണ്ണമായി പുറത്ത് വരുന്നതിന് മുമ്പേ തന്നെ ട്രംപ് താന്‍ തെരഞ്ഞെടുപ്പ് വിജയിച്ചെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടും മുഖ്യമന്ത്രി സത്യപ്രതിജ്ഞക്കൊരുങ്ങുന്നു എന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടും ഒരുമിച്ച് ചേര്‍ത്താണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ താരതമ്യം. പെര്‍ഫെക്ട് ഓകെ എന്ന തലക്കെട്ടിലാണ് പ്രതികരണം.

പെർഫക്ട് ഓകെ.

Posted by Rahul Mamkootathil on Friday, 30 April 2021

പുറത്ത് വന്ന എക്‌സിറ്റ് പോളുകളിലെല്ലാം എല്‍ഡിഎഫിനാണ് അധികാരം പ്രവചിക്കുന്നത്. ഇതിന്റെ കൂടി പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്ന ഞായറാഴ്ചയുടെ പിറ്റേ ദിവസം തന്നെ സത്യപ്രതിജ്ഞ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ചില എക്സിറ്റ് പോളുകള്‍ യുഡിഎഫ് അധികാരം പിടിച്ചെടുക്കുമെന്ന സാധ്യതയും തള്ളിക്കളയുന്നില്ല. ഭരണ നേട്ടങ്ങള്‍ പ്രതിഫലിക്കുമെന്ന് ഇടത് കേന്ദ്രങ്ങളും ഭരണവിരുദ്ധ വികാരമാവും വിധിയെഴുതുക എന്ന് യുഡിഎഫ് പാളയങ്ങളും പ്രതീക്ഷിക്കുന്നു.

കൊവിഡ് വ്യാപനം രൂക്ഷമാവുന്നിതിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ കൊവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവായവര്‍ക്കും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും മാത്രമാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശനമുണ്ടാവൂ. ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ആഹ്ലാദ പ്രകടനങ്ങളും വോട്ടെണ്ണല്‍ കേന്ദങ്ങള്‍ക്ക് സമീപത്തുള്ള ആള്‍ക്കൂട്ടവും നിരോധിച്ചിട്ടുണ്ട്.