‘അലെെന്‍മെന്റ് രേഖകള്‍ കെെമാറുന്നില്ല, കത്തുകള്‍ക്ക് മറുപടിയില്ല’; ഹെെക്കോടതിയില്‍ കെ- റെയിലിനെതിരെ റെയില്‍വേ ബോര്‍ഡ്

കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡി.പി.ആര്‍ സംബന്ധിച്ച് ആവശ്യപ്പെട്ട വിശദാംശങ്ങള്‍ കെ-റെയില്‍ കോര്‍പറേഷന്‍ നല്‍കിയില്ലെന്ന് കേന്ദ്ര റെയില്‍വേ ബോര്‍ഡ്. അലൈന്‍മെന്റ് ആവശ്യമായി വരുന്ന സ്വകാര്യഭൂമി, റെയില്‍വേ ഭൂമി തുടങ്ങിയ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഒന്നിലധികം തവണ കത്തയച്ചിട്ടും വിവരങ്ങള്‍ കെെമാറിയില്ലെന്ന് ബോർഡ് ഹെെക്കോടതിയെ അറിയിച്ചു.

അലൈന്‍മെന്റ്, ഭൂമി ഏറ്റെടുക്കല്‍, അതിലെത്ര സ്വകാര്യഭൂമി, എത്ര റെയില്‍വേ ഭൂമി എന്നീ വിവരങ്ങള്‍ തേടി കെആർഡിസിഎല്ലിന് (കേരള റെയിൽ ഡവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ്) പലതവണ കത്തയച്ചു. ഏറ്റവും ഒടുവില്‍, ഓഗസ്റ്റ് 30 ന് ഇതുമായി ബന്ധപ്പെട്ട് അവസാന കത്തിനും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ രേഖാമൂലം മറുപടി നല്‍കി.

ഡി.പി.ആര്‍ അപൂർവ്വമാണെന്ന റെയില്‍വേ മന്ത്രാലയത്തിന്റെ വിമർശനത്തിന് മറുപടി നല്‍കുമെന്നായിരുന്നു കെ-റെയില്‍ കോര്‍പറേഷന്‍ അറിയിച്ചിരുന്നത്. എന്നാല്‍ അത്തരത്തില്‍ വിശദീകരണവും കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് ലഭിച്ചിട്ടില്ലെന്നും റെയില്‍വേ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, സിൽവർലൈൻ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.

സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡി.പി.ആർ പൂർണ്ണമല്ലെന്ന് കാണിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം ഇതുവരെ അനുമതി നല്‍കിയിരുന്നില്ല. ഈ നിലപാടില്‍ മാറ്റമുണ്ടൊ എന്ന് ഹൈക്കോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു. ഈ ഘട്ടത്തിലാണ് റെയില്‍വേ ബോർഡ് ഹൈക്കോടതിയില്‍ മറുപടി ഫയല്‍ ചെയ്തത്.