കോണ്‍ഗ്രസ് എംപി രാജീവ് സാതവ് അന്തരിച്ചു; നികത്താനാവാത്ത നഷ്ടമെന്ന് രാഹുല്‍ ഗാന്ധി

മുംബൈ: കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സാതവ് കൊവിഡ് ബാധിച്ച് മരിച്ചു. ഏപ്രില്‍ 20ന് കൊവിഡ് സ്ഥിരീകരിച്ച് പൂനയിലെ ജഹാംഗീര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് ആരോഗ്യ നില വഷളായ ഇദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സ തുടരുന്നതിനിടെയായിരുന്നു മരണം.

കൊവിഡ് പോസിറ്റീവായതിന് പിന്നാലെ ഇദ്ദേഹത്തിന് ലക്ഷണങ്ങളില്ലാത്ത സൈറ്റോമെഗ്‌ലൊവൈറസ് സ്ഥിരീകരിച്ചിരുന്നു. ‘രാജീവ് സാതവിന് കൊവിഡ് ഭേദമായിക്കൊണ്ടിരിക്കുകയായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ആരോഗ്യനില പെട്ടെന്ന് വഷളായി. അദ്ദേഹത്തിന് സൈറ്റോമെഗ്‌ലൊവൈറസ് ബാധയേറ്റെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു’, മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ് അറിയിച്ചു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരനായിരുന്നു രാജീവ് സാതവ്. തന്റെ ഉറ്റചങ്ങാതി വിട്ടുപോയതിന്റെ സങ്കടം പങ്കുവെക്കുകയാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. ‘കോണ്‍ഗ്രസിന്റെ ആശയാദര്‍ശങ്ങളുടെ പ്രതിപുരുഷനായ മികച്ച നേതാവായിരുന്നു സാതവ്. ഇത് ഞങ്ങള്‍ക്ക് വലിയ നഷ്ടമാണ്’, രാഹുല്‍ പറഞ്ഞു.

നിരവധി നേതാക്കള്‍ സാതവിന് ആദരാഞ്ജലികളര്‍പ്പിച്ചു.

‘തെരഞ്ഞെടുപ്പിന്റെ റിസള്‍ട്ട് വരുന്നതിന്റെ തലേ ദിവസം വിളിച്ച് ധൈര്യമായിട്ടിരിക്കാന്‍ പറഞ്ഞു. ഓരോ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന് എന്നും അതായിരുന്നു പ്രസിഡന്റ്. ധൈര്യം. ആത്മാര്‍ത്ഥമായിട്ടല്ലാതെ ഒരു വാക്കും ഉപയോഗിക്കാത്ത മനുഷ്യന്‍. ഓട്ടത്തിനിടക്ക് കുഞ്ഞു മോളുടെ നല്ല പ്രായത്തില്‍ അവളോടൊപ്പം സമയം ചിലവഴിക്കാന്‍ കഴിയാതെ പോയതിലെ ഖേദം മാറാത്ത മനുഷ്യന്‍. നമ്മുക്ക് അത് സംഭവിക്കരുതെന്ന് ഓര്‍മ്മപ്പെടുത്തുന്ന കരുതല്‍. ഇപ്പോള്‍ കോവിഡ് കൊണ്ട് പോയി എന്ന് കേള്‍ക്കുമ്പോള്‍ വിശ്വസിക്കനാവുന്നില്ല. കേട്ടത് ശരിയായിരുന്നില്ലെങ്കിലെന്ന് കൊതിച്ച് പോവാ’, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷനും എംഎല്‍എയുമായ ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.