അടുത്തത് രജിബ്? ബംഗാളില്‍ ബിജെപിക്ക് അടിക്കടി തിരിച്ചടി; മുകുള്‍ റോയിക്ക് പിന്നാലെ തൃണമൂലിലേക്ക് വമ്പന്‍ നിര

കൊല്‍ക്കത്ത: മുകുള്‍ റോയി ബിജെപി വിട്ട് തൃണമൂലിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ ബംഗാളില്‍ കൂടുതല്‍ നേതാക്കള്‍ പഴയ പാളയത്തിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലെന്ന് റിപ്പോര്‍ട്ടുകള്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലെത്തിയ മുന്‍മന്ത്രി രജിബ് ബാനര്‍ജി തൃണമൂലിലേക്ക് മടങ്ങാനൊരുങ്ങുന്നെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയെന്നോണം രജിബ് തൃണമൂല്‍ നേതാവ് കുനാല്‍ ഘോഷുമായി കൂടിക്കാഴ്ച നടത്തി.

തൃണമൂല്‍ വിട്ടെത്തിയ രജിബിന് ബിജെപി ധോംജുര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ അവസരം നല്‍കിയെങ്കിലും പരാജയപ്പെട്ടിരുന്നു. കുനാല്‍ ഘോഷുമായി നടത്തിയ കൂടിക്കാഴ്ച മര്യാദയുടെ പുറത്ത് മാത്രം നടത്തിയതാണെന്നാണ് രജിബിന്റെ ആദ്യപ്രതികരണം.

‘ഞാന്‍ നോര്‍ത്ത് കൊല്‍ക്കത്തയില്‍ വന്നത് രോഗാവസ്ഥയിലുള്ള ഒരു ബന്ധുവിനെ കാണാനാണ്. അവിടെ അടുത്താണ് എന്റെ മുതിര്‍ന്ന നേതാവും ദീര്‍ഘകാല സുഹൃത്തുമായ കുനാലിന്റെ വീട്. അതുകൊണ്ട് ഞാന്‍ അദ്ദേഹത്തെ വിളിച്ചു, ഞങ്ങള്‍ കണ്ടു. ഒരു മര്യാദയുടെ പുറത്ത് മാത്രം നടത്തിയ സന്ദര്‍ശനമായിരുന്നു അത്. അതില്‍ രാഷ്ട്രീയ തീരുമാനങ്ങളൊന്നുമില്ല’, രജിബ് തന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളില്‍ കുറിച്ചു. താന്‍ ജനുവരിയിലാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും തെരഞ്ഞെടുപ്പിന്റെ തിരക്കുകളിലായിരുന്നെന്നും ഇപ്പോഴാണ് കുറച്ച് സമയം കിട്ടിയതെന്നും അദ്ദേഹം പറയുന്നു.

Also Read: ‘തെറ്റുപറ്റി, ക്ഷമിക്കണം’; ബംഗാളില്‍ ബിജെപിക്ക് വോട്ട് ചെയ്തതില്‍ ക്ഷമ ചോദിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍, ഓട്ടോറിക്ഷയില്‍ മൈക്ക് കെട്ടി മാപ്പപേക്ഷ

രജിബിന്റെ വാദങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അദ്ദേഹം മടക്കയാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുകതന്നെയാണെന്നാണ് തൃണമൂല്‍ വൃത്തങ്ങളില്‍ നിന്നുള്ള സൂചന. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ബിജെപിയെ അദ്ദേഹം കഴിഞ്ഞ ദിവസം വിമര്‍ശിക്കുകയും ചെയ്തിരുന്നു. വലിയ ഭൂരിപക്ഷത്തോടെ ജനങ്ങള്‍ അധികാരത്തിലെത്തിച്ച ഒരു സര്‍ക്കാരിനെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി തകര്‍ക്കാന്‍ ശ്രമിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.

നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എന്നാരോപിച്ചായിരുന്നു ജനുവരിയില്‍ രജിബ് തൃണമൂലില്‍നിന്നും പടിയിറങ്ങിയത്. 2011, 2016 തൃണമൂല്‍ സര്‍ക്കാരുകളില്‍ മന്ത്രിയായിരുന്നു.

അതിനിടെ മുകുള്‍ റോയിയുടെ രാഷ്ട്രീയ തീരുമാനത്തിന്റെ ചുവടുപിടിച്ച് അദ്ദേഹത്തിന്റെ വലംകയ്യായിരുന്ന മുന്‍ തൃണമൂല്‍ എംഎല്‍എയും ഇപ്പോള്‍ ബിജെപി നേതാവുമായ സുനില്‍ സിന്‍ഹയും ബിജെപിയിലെ തന്റെ ഔദ്യോഗിക ചുമതലയൊഴിഞ്ഞു. റോയിയുടെ ഉറ്റ അനുയായിയും അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ‘മുകുള്‍ റോയി ഒരു വലിയ നേതാവാണ്. മൂന്നര വര്‍ഷത്തെ ബിജെപി ജീവനത്തിനൊടുവില്‍ ഇപ്പോള്‍ അദ്ദേഹം തൃണമൂലിലേക്ക് മടങ്ങിയിരിക്കുന്നു. ഇനി അദ്ദേഹം തൃണമൂലിനൊപ്പമാണ്. മുകുള്‍ റോയിയുടെ കൈ പിടിച്ചാണ് ഞാന്‍ കോണ്‍ഗ്രസില്‍നിന്നും തൃണമൂലിലെത്തിയത്. തുടര്‍ന്ന് അദ്ദേഹത്തിനൊപ്പം ബിജെപിയിലും ചേര്‍ന്നു. ഇനി ഭാവിയില്‍ എന്തായിരിക്കുമെന്ന് കണ്ടറിയാം’, സുനില്‍ സിന്‍ഹ പറയുന്നതിങ്ങനെ.

Also Read: മമതക്കെതിരെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കില്ലെന്ന് കോണ്‍ഗ്രസ്, മത്സരിപ്പിക്കണമെന്ന് സിപിഐഎം; ഇനി ബംഗാളില്‍ തൃണമൂല്‍-കോണ്‍ഗ്രസ് സഖ്യമോ?

മുകുള്‍ റോയിയുടെ അടുപ്പക്കാരനും ബിജെപി ബൊംഗാവോണ്‍ വൈസ് പ്രസിഡന്റുമായ തപന്‍ സിന്‍ഹയും പാര്‍ട്ടി ചുമതലയൊഴിഞ്ഞ് രാജിക്കത്ത് നല്‍കിയിട്ടുണ്ട്. ബിജെപിയുടെ ബിശ്വജിത് ദാസ് ബിജെപിയുടെ യോഗത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. ദാസും ബിജെപി വിട്ടേക്കുമെന്നാണ് സൂചനകള്‍.

രജിബ് മാത്രമല്ല, തൃണമൂലില്‍നിന്നും ബിജെപിയിലെത്തിയ നിരവധി നേതാക്കള്‍ തിരിച്ചുപോകാന്‍ തയ്യാറെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിപേന്ദു ബിശ്വ, സോനാലി സിന്‍ഹ അടക്കമുള്ള മുന്‍ തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയിലുള്ള ഔദ്യോഗിക സ്ഥാനങ്ങളൊഴിയാല്‍ താല്‍പര്യം പ്രകടിപ്പിച്ച് രാജിക്കത്ത് നല്‍കിയിട്ടുണ്ടെന്നാണ് വിവരം.