‘രജനി ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടും’; നീക്കിയത് തലച്ചോറിലേക്കുള്ള രക്തക്കുഴലിലെ തടസമെന്ന് ഡോക്ടര്‍മാര്‍

നടന്‍ രജനീകാന്തിന്റെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. തലച്ചോറിലേക്കുള്ള രക്തക്കുഴലിലുണ്ടായിരുന്ന ബ്ലോക്ക് നീക്കാന്‍ രജനിയെ കരോട്ടിഡ് ആര്‍ട്ടറി റീവാസ്‌കുലേഷന്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്ന് കാവേരി ആശുപത്രി അധികൃതര്‍ അറിയിച്ചു. ശസ്ത്രക്രിയ വിജയമായിരുന്നു. അദ്ദേഹം സുഖം പ്രാപിച്ചുവരികയാണ്. വരും ദിവസങ്ങള്‍ക്കുള്ളില്‍ രജനീകാന്ത് ആശുപത്രി വിടുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

ഇന്നലെയാണ് തല ചുറ്റലുണ്ടായതിനേത്തുടര്‍ന്ന് രജനീകാന്തിനെ ചെന്നൈ ആല്‍വാര്‍പേട്ടിലുള്ള കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനേത്തുടര്‍ന്ന് 70കാരനായ നടന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. ഇതിന് പിന്നാലെ ആരോഗ്യനില മോശമാണെന്ന അഭ്യൂഹങ്ങള്‍ തള്ളി രജനീകാന്തിനോടടുത്ത വൃത്തങ്ങള്‍ രംഗത്തെത്തി. ഡല്‍ഹിയില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര ദാനച്ചടങ്ങില്‍ പങ്കെടുത്ത നടന്‍ കഴിഞ്ഞ ദിവസമാണ് ചെന്നൈയില്‍ തിരിച്ചെത്തിയത്. ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം സ്വീകരിക്കാനായിരുന്നു രാജ്യതലസ്ഥാനത്തേക്കുള്ള രജനിയുടെ യാത്ര.

കാവേരി ഹോസ്പിറ്റല്‍

ദീപാവലി റിലീസായി നവംബര്‍ നാലിനെത്തുന്ന ‘അണ്ണാത്തെ’യാണ് രജനിയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ശിവ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ മലയാളി നടിമാരായ നയന്‍താരയും കീര്‍ത്തി സുരേഷുമാണ് നായികമാര്‍. ഈ വര്‍ഷം തന്നെ രജനി തന്റെ 169-ാമത്തെ ചിത്രത്തിന്റെ ഷൂട്ടിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ‘കണ്ണും കണ്ണും കൊള്ളൈ അടിത്താല്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ദേസിങ് പെരിയസാമിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് റൂമറുകള്‍. ധനുഷിന്റെ സംവിധാനത്തില്‍ സൂപ്പര്‍സ്റ്റാറിന്റെ 170-ാമത് ചിത്രമെത്തുമെന്നും വാര്‍ത്തകളുണ്ട്.