രാജീവ് ഗാന്ധി വധക്കേസ് പ്രതികള്‍ക്ക് ദീര്‍ഘകാല പരോള്‍ നല്‍കാന്‍ നീക്കം; നിര്‍ണായക തീരുമാനത്തിനൊരുങ്ങി സ്റ്റാലിന്‍ സര്‍ക്കാര്‍

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ നിര്‍ണായക നീക്കത്തിനൊരുങ്ങി ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സര്‍ക്കാര്‍. പ്രതികള്‍ക്ക് ദീര്‍ഘകാല പരോള്‍ നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

കുറ്റവാളികളെ ഉടന്‍ മോചിപ്പിക്കണമെന്ന മുന്‍ എഐഎഡിഎംകെ സര്‍ക്കാരിന്റെ കാലത്തെ ശുപാര്‍ശ പരിഗണിക്കണമെന്് ആവശ്യപ്പെട്ട് സ്റ്റാലിന്‍ അധികാരമേറ്റതിന് പിന്നാലെ കത്ത് നല്‍കിയിരുന്നു. ഇതിന് ശേഷമാണ് പ്രതികള്‍ക്ക് ദീര്‍ഘകാല പരോള്‍ അനുവദിക്കണമെന്ന് ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്. ഗവര്‍ണര്‍ ഇക്കാര്യം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.

തീരുമാനം വൈകുന്നത് മനുഷ്യത്വരഹിതമായ നീക്കമാണെന്നാണ് സ്റ്റാലിന്‍ വ്യക്തമാക്കിയിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടായി പ്രതികള്‍ അനുഭവിക്കുന്നത് സമാനതകളില്ലാത്ത ദുരിതമാണെന്നും പ്രതികളുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നാണ് തമിഴ്‌നാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും സ്റ്റാലിന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ നേരിട്ടെത്തിയും സ്റ്റാലിന്‍ ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും.

മൂന്ന് പതിറ്റാണ്ടായി ജയിലില്‍ കഴിഞ്ഞ പ്രതികൡ വന്ന മാറ്റം പരിഗണിച്ച ശേഷമാണ് ജയില്‍ അധികൃതര്‍ ഇത്തരം നീക്കത്തിന് അംഗീകാരം നല്‍കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പ്രതികളായ പേരറിവാളന്‍, നളിനി, രവിചന്ദ്രന്‍ എന്നിവര്‍ക്ക് പുറമെയുള്ള നാല് പേരും ശ്രീലങ്കന്‍ പൗരന്മാരാണ്. ‘ഇക്കാര്യത്തില്‍ കാലതാമസമെടുക്കുന്നത് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി ഇടപെടലിന് പിന്നാലെ സംസ്ഥാന മന്ത്രിസഭയുടെ തീരുമാനമടങ്ങളിയ ഫയല്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് നല്‍കിയിരുന്നു. ഇത് ആകെ കുഴഞ്ഞുമറിഞ്ഞ ഒരു കേസാണ്. രാഷ്ട്രപതി കേന്ദ്രമന്ത്രിസഭയുടെ അഭിപ്രായം തേടണം. ഭരണഘടനാപരമായ യാതൊന്നും ഇക്കാര്യത്തിലില്ല. നിയമത്തിന്റെ നൂലാമാലകളിലൂടെ വീണ്ടും കടന്നുപോകുന്നതിനേക്കാള്‍ മനുഷ്യത്വപരമായി അവരോട് ആകെ ചെയ്യാനുള്ളത് ദീര്‍ഘകാല പരോള്‍ അനുവദിക്കുക എന്നതാണ്’, മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Also Read: ‘അയിഷ സുല്‍ത്താന ഹാജരാകണം’; അറസ്റ്റ് ചെയ്താല്‍ വിട്ടയക്കണമെന്ന് ഹൈക്കോടതി, കക്ഷി ചേരാനുള്ള പ്രതീഷ് വിശ്വനാഥന്റെ ആവശ്യം തള്ളി

പരോള്‍ അനുവദിച്ചാല്‍ ശ്രീലങ്കന്‍ പൗരന്മാരായ പ്രതികളെ എങ്ങനെ പുനരധിവസിപ്പിക്കും എന്നുള്ളതാണ് സര്‍ക്കാരിന് മുന്നിലുള്ള ചോദ്യം. അഭയാര്‍ത്ഥി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ഇന്ത്യയില്‍ത്തന്നെ തുടരാന്‍ അനുവദിക്കാം എന്നുള്ളതാണ് ഒരു പരിഹാരമാര്‍ഗമായി ചില ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്. അല്ലെങ്കില്‍ സാധാരണ പരോള്‍ അനുവദിച്ച് ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ താമസിപ്പിക്കുകയോ ശ്രീലങ്കന്‍ തമിഴര്‍ക്കുള്ളതുപോലെയുള്ള പെര്‍മിറ്റ് ഏര്‍പ്പെടുത്തുകയോ വേണം.