തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്തേക്കുള്ള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വൈകുന്നതില്‍ അസ്വസ്ഥത പരസ്യമാക്കി എംപി രാജ്മോഹന്‍ ഉണ്ണിത്താന്. പാര്‍ട്ടിയില്‍നിന്ന് അകന്ന് വിഭാഗങ്ങളെ തിരിച്ചെത്തിക്കാന്‍ കെല്‍പ്പുള്ള ആളാകണം പ്രതിപക്ഷ നേതാവ്. കോണ്‍ഗ്രസിന്റെ അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് ഗ്രൂപ്പ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാല്‍ അങ്ങേയറ്റം അപകടമാവും. പാര്‍ട്ടിയോട് കൂറുള്ള ഒരു യുവ തലമുറയെ കോണ്‍ഗ്രസിനകത്ത് വാര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ അവസാന മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി മാറുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് മുന്നറിയിപ്പ് നല്കി.
‘സമസ്ത മേഖലകളിലും ഒരു മാറ്റം അനിവാര്യമാണ്. അതെല്ലാവരും ആഗ്രഹിക്കുന്നതാണ്. പക്ഷെ പൂച്ചയ്ക്കാര് മണികെട്ടുമെന്നതാണ് പ്രശ്നം. അത് പറയാന്‍ ആരും ധൈര്യം കാണിക്കുന്നില്ല. കേരളത്തിലെ കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ത്തത് ഗ്രൂപ്പ് രാഷ്ട്രീയമാണ്. പാര്‍ട്ടിയോട് കൂറും പ്രതിബന്ധതയും വിധേയത്വവുമുള്ള ഒരു തലമുറയെ കോണ്‍ഗ്രസിനകത്ത് വാര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ കേരളത്തിലെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി മാറും. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം എല്ലാവര്‍ക്കുമറിയാം. ആ വികാരം ഉള്‍ക്കൊള്ളണം. അതല്ല ഈ പാര്‍ട്ടി ഒരു കാരണവശാലും നന്നാവേണ്ട എന്ന താല്പര്യമുണ്ടെങ്കില് പിന്നെ ആ വഴിക്ക് ചിന്തിക്കാം’, രാജ്മോഹന്‍ ഉണ്ണിത്താന് രൂക്ഷമായി വിമര്‍ശിച്ചു.
എന്താണ് സംഭവിക്കാന്‍ പോവുന്നതെന്നതിനെക്കുറിച്ച് ഒരു മുന്‍ ബോധ്യം നേതാക്കള്‍ക്കുണ്ടായില്ലെങ്കില്‍ ഈ പാര്‍ട്ടി ഇങ്ങനെ തന്നെ പോയാല്‍ എവിടെ ചെന്നവസാനിക്കുമെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് ആരാകണം എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഇതുവരെ അന്തിമ തീരുമാനത്തിലേക്കിയിട്ടില്ല. പ്രഖ്യാപനത്തില്‍ അനിശ്ചിതത്വം തുടരുന്ന പശ്ചാത്തലത്തിലാണ് രാജ്മോഹന്‍ ഉണ്ണിത്താന് അടക്കമുള്ള ചില നേതാക്കള്‍ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തെ പൂര്‍ണമായും അംഗീകരിക്കുന്നെന്നും പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ വികാരമല്ല വിവേകമാണ് വേണ്ടതെന്നും കെ മുരളീധരന് എംപിയും പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം പാര്‍ട്ടിക്ക് അടിത്തറ ഇല്ലാതായതാണെന്നും മുരളീധരന് അഭിപ്രായപ്പെട്ടു. ഹൈക്കമാന്റ് നന്നായി നയിച്ചു. പക്ഷെ അത് വോട്ടാക്കി മാറ്റാന്‍ ഇവിടെ കഴിഞ്ഞില്ല. സ്ഥാനമാനങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വെക്കുന്നത് ശരിയല്ല. തനിക്ക് ഒരു ചുമതലയും വേണ്ട. ഇക്കാര്യം നേതൃത്വത്തോട് അറിയിച്ചു. കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണം. താന്‍ മാറി തരാന്‍ തയ്യാറാണ്. തനിക്ക് തന്റെ കാര്യം മാത്രമേ പറയാനാകൂ എന്നും മുരളീധരന് വ്യക്തമാക്കിയിട്ടുണ്ട്.