ആരാണ് ഡോ. രാമചന്ദ്ര ഡോം? സിപിഐഎം പിബിയിലെ ആദ്യ ദളിത് മുഖത്തിന്റെ രാഷ്ട്രീയ ജീവിതം

ആറുപതിറ്റാണ്ട് നീളുന്ന സിപിഐഎമ്മിന്റെ ചരിത്രത്തിലാദ്യമായി ഒരു ദളിത് നേതാവ് പോളിറ്റ് ബ്യൂറോയില്‍ എത്തിയിരിക്കുന്നു. അരികുവത്കരിക്കപ്പെട്ടവരുടെ, ചൂഷിതവിഭാഗങ്ങളുടെ ഒപ്പമെന്ന് അവകാശപ്പെടുമ്പോഴും പാര്‍ട്ടിയുടെ ഉന്നത അധികാരസമിതിയായ പിബിയില്‍ ഇതുവരെ ദളിത് പ്രാതിനിധ്യമുണ്ടായിരുന്നില്ല. എതിരാളികള്‍ രാഷ്ട്രീയ ആയുധമാക്കിയിരുന്ന ആ ആരോപണത്തില്‍ സിപിഐഎമ്മിന് ഇനി മറുപടിയുണ്ട്- ഡോ. രാമചന്ദ്ര ഡോം.

ഒരു കാലത്ത് ചെങ്കോട്ടയായിരുന്ന ബംഗാളില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ്, സംസ്ഥാനത്ത് പാര്‍ട്ടിയുടെ പ്രമുഖ ദളിത് മുഖമാണ് 63 കാരനായ ഡോം. സിപിഐഎമ്മിന്റെ ഉയര്‍ച്ച താഴ്ചകളെ കണ്ടനുഭവിച്ച നേതാവ്. രണ്ടര പതിറ്റാണ്ടുകാലത്തെ പാര്‍ലമെന്റേറിയന്‍ അനുഭവ സമ്പത്തിന്റെ ഉടമ. പാർട്ടിക്കുമേല്‍ ഉന്നയിക്കപ്പെടുന്ന സവര്‍ണ്ണ കേന്ദ്രീകൃത നേതൃത്വം എന്ന വിമര്‍ശനത്തെ പ്രതിരോധിക്കേണ്ട വലിയ ഉത്തരവാദിത്വം ഇനി ഡോമിലാണ്.

ബംഗാളിലെ വിര്‍ഭൂം ജില്ലയിലെ ദളിത് ഗ്രാമമായ ചില്ലയില്‍ കര്‍ഷകത്തൊഴിലാളികളായ പിറു പഡ ഡോമിന്റെയും അചല ബാലയുടെയും ഒമ്പതു മക്കളില്‍ മൂന്നാമനായി 1959-ല്‍ ജനനം. ആരോഗ്യസേവനം കര്‍മ്മ മണ്ഡലമാക്കാന്‍ ആഗ്രഹിച്ച അദ്ദേഹം 1983-ല്‍ കൊല്‍ക്കത്ത യൂണിവേഴ്സിറ്റിയില്‍നിന്ന് എംബിബിഎസ് നേടി. പഠനകാലം മുതല്‍ എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും സജീവ പ്രവര്‍ത്തകനായിരുന്നു. ഭീര്‍ഭും ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

1989- ലോക്സഭ തെരഞ്ഞെടുപ്പ്

1989- ലോക്സഭ തെരഞ്ഞെടുപ്പില്‍ പട്ടികവിഭാഗ സംവരണ സീറ്റായ വിര്‍ഭൂം മണ്ഡലത്തില്‍ മത്സരിക്കാന്‍ സിപിഐഎം ഡോമിനോട് ആവശ്യപ്പെട്ടു. അന്ന് ജില്ലാ സെക്രട്ടറിയായിരുന്നു അദ്ദേഹം. ഡോ. രാമചന്ദ്ര ഡോമിന്റെ രാഷ്ടീയ ജീവിതത്തിലെ നിര്‍ണ്ണായകമായ വഴിത്തിരിവായിരുന്നു അത്. പിന്നീട് 1989 മുതല്‍ 2009 വരെ തുടര്‍ച്ചായ ആറു തവണ വിര്‍ഭൂം മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് അദ്ദേഹം വിജയിച്ചു.

2009 ലോക്‌സഭാ തെരഞ്ഞെടുപ്പ്

2008-ല്‍ പാര്‍ട്ടിയിലെ ശക്തനും ബംഗാളിലെ മുതിര്‍ന്ന നേതാവുമായ സോംനാഥ് ചാറ്റര്‍ജിയെ സിപിഐഎം പുറത്താക്കി. യുപിഎ സര്‍ക്കാരിനുള്ള സിപിഐഎം പിന്തുണ പിന്‍വലിക്കുന്ന സാഹചര്യത്തില്‍ സ്പീക്കര്‍ സ്ഥാനം രാജിവെക്കണമെന്ന പാര്‍ട്ടിയുടെ നിര്‍ദ്ദേശം ലംഘിച്ചതായിരുന്നു കാരണം. പിന്നാലെ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതായും ചാറ്റര്‍ജി പ്രഖ്യാപിച്ചു. ഈ നടപടി ബംഗാള്‍ ഘടകവും കേന്ദ്ര നേതൃത്വവും തമ്മില്‍ ഉരച്ചിലുകള്‍ക്ക് ഇടയാക്കി. അസ്വസ്ഥമായ ഈ കാലാവസ്ഥയില്‍ സോംനാഥ് ചാറ്റര്‍ജിയുടെ മണ്ഡലമായ ഭോലേപൂരില്‍ രാമചന്ദ്ര ഡോം സിപിഐഎം സ്ഥാനാര്‍ത്ഥിയായി. 9 തവണ സോംനാഥ് ചാറ്റർജിയെ പാർലമെന്റിലെത്തിച്ച ഭോലേപൂർ അത്തവണ ഡോമിന് ഒരുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നല്‍കി.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പ്

34 വര്‍ഷത്തെ ഭരണത്തിനൊടുവില്‍ ബംഗാളില്‍ സിപിഐഎമ്മിന്റെ ചെങ്കോട്ട തകര്‍ന്നപ്പോള്‍ ഡോ. ഡോമും തോല്‍വിയറിഞ്ഞു. തെരഞ്ഞെടുപ്പില്‍ ത്രിണമൂലിന്റെ യുവ സ്ഥാനാര്‍ത്ഥി അനുപം ഹസ്രയോട് മത്സരിച്ച ഡോമിനെ ഭോലെപൂര്‍ കൈവിട്ടു. 2019-ല്‍ പാര്‍ട്ടി മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടപ്പോഴും സിപിഐഎം സ്ഥാനാര്‍ത്ഥി അദ്ദേഹമായിരുന്നു.

തുടര്‍ച്ചയായ തോല്‍വികള്‍ പാര്‍ട്ടിയെ തളര്‍ത്തിയപ്പോഴും സംഘടന നേതൃത്വത്തില്‍ ശക്തമായ സാന്നിധ്യമായി ഡോം തുടര്‍ന്നു. പാര്‍ട്ടി റാലികള്‍ക്ക് മുന്നില്‍ ചെങ്കോടിയേന്തിയ അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് ഊര്‍ജമായി. കോണ്‍ഗ്രസിനോട്, തൃണമൂലിനോട്, ബിജെപിയോട് പോരാട്ടം ഓരോകാലത്തും കഠിനമായി കൊണ്ടിരുന്നു. സിപിഐഎമ്മിന്റെ പോഷകസംഘടനയായ ദളിത് ശോഷന്‍ മുക്തി മഞ്ചിന്റെ ജനറല്‍ സെക്രട്ടറി കൂടിയായ ഡോം സംസ്ഥാനത്തെ ദളിത് മുന്നേറ്റങ്ങളിലും മുന്നില്‍ നിന്നു. 2018-ല്‍, വിര്‍ഭൂമിലെ നല്‍ഹട്ടിയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച ജാഥ നയിക്കുന്നതിനിടെ തൃണമൂല്‍ അനുയായികളെന്ന് സംശയിക്കുന്ന ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തെത്തുടര്‍ന്ന് പരിക്കേറ്റ ഡോമിന്റെ ചോരകൊണ്ടുചുവന്ന ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായി.

23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രായപരിധി മൂലം ഒഴിയുന്ന ബിമന്‍ ബോസിന്റെ പിന്‍മുറക്കാരനായാണ് രാമചന്ദ്ര ഡോം പിബിയിലെത്തിയത്. ‘ഹിസ്റ്റോറിക്കല്‍’ എന്നു പറയാന്‍ ഒന്നുമില്ലാത്ത, വളരെ സ്വാഭാവികവും സാങ്കേതികവുമായ പാര്‍ട്ടി തെരഞ്ഞെടുപ്പാണ് സിപിഐഎം നേതൃത്വത്തിനത്. എന്നാല്‍ പാര്‍ട്ടിയുടെ ഉന്നത സമിതിയില്‍ ഒരു ദളിതനെത്താന്‍ 58 വര്‍ഷമെടുത്തു എന്ന ഓര്‍മ്മപ്പെടുത്തലിനെ അത്ര പെട്ടെന്ന് കടന്നുപോകാന്‍ സിപിഐഎമ്മിനെ രാഷ്ട്രീയ എതിരാളികള്‍ അനുവദിക്കില്ല. അവഗണിക്കാവുന്ന ചര്‍ച്ചയുമല്ല അത്. ഇക്കാര്യത്തിലെ ‘ചരിത്രപരമായ കാരണങ്ങള്‍’ എന്ന സീതാറാം യെച്ചൂരിയുടെ വിശദീകരണം അവരെ തൃപ്തിപ്പെടുത്തുന്നില്ല.

പാര്‍ട്ടിയുടെ രൂപീകരണം മുതല്‍ തന്നെ നേതൃത്വത്തില്‍ ദളിത് നേതാക്കളുടെ സാന്നിധ്യമുണ്ടായിരുന്നു, പിന്നെയെന്താണ് വിമര്‍ശിക്കാനെന്നാണ് സിപിഐഎമ്മിന്റെ ചോദ്യം. സ്വത്വരാഷ്ട്രീയത്തോടുള്ള എതിര്‍പ്പ് പരസ്യമാക്കിയിരുന്ന സിപിഐഎം പണ്ടേ ജാതി രാഷ്ട്രീയത്തെ അവഗണിച്ച് വര്‍ഗസമരത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇത് മുന്‍നിര്‍ത്തിയാണ് ഇക്കാലം വരെ വിമര്‍ശകരെ പാർട്ടി നേരിട്ടിരുന്നത്. എന്നാല്‍ ഇക്കാലഘട്ടത്തിന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ പഴയ നിലപാട് പുനപരിശോധിക്കാന്‍ നേതൃത്വം തയ്യാറാകുന്നതായി ഇടതുപക്ഷ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

2015-ല്‍ തന്നെ ദളിത് വിഭാഗത്തെ പാര്‍ട്ടിയുടെ നേതൃ സമിതികളില്‍ ഉള്‍പ്പെടുത്തി പാര്‍ട്ടി ഘടന മാറ്റുക എന്ന ലക്ഷ്യവുമായി അന്നത്തെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രത്യേക സമ്മേളനം വിളിച്ചിരുന്നു. വിശാഖപട്ടണം വേദിയായ 21-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അംബേദ്കറുടെ 125-ാം ജന്മവാർഷികത്തില്‍ പിബിയില്‍ ദളിത് പ്രതിനിധിയുണ്ടാകുമെന്ന് നിരീക്ഷിക്കപ്പെട്ടെങ്കിലും അതുണ്ടായില്ല. അത്തവണ ജനറല്‍ സെക്രട്ടറി പദത്തിലെത്തിയ സീതാറാം യെച്ചൂരി കമ്മ്യൂണിസ്റ്റ്-ദളിത് സംഘടകളൊന്നിക്കണമെന്നും ‘ലാല്‍ സലാം, ജയ് ഭീം’ മുദ്രാവാക്യങ്ങള്‍ ഒന്നിച്ചുമുഴങ്ങണമെന്നും ആഹ്വാനം ചെയ്തത് 2017-ലാണ്.

വര്‍ഷങ്ങള്‍ക്കുശേഷം പിബി ആദ്യ ദളിത് നേതാവിന് ഇടമൊരുക്കുമ്പോള്‍ തന്റെ പ്രാതിനിധ്യം മാറിയ രാഷ്ട്രീയത്തിന് പാര്‍ട്ടി നല്‍കുന്ന സന്ദേശമാണെന്നാണ് ഡോമിന്റെ പ്രതികരണം. ബിജെപി-തൃണമൂല്‍ ശക്തികളെ എതിര്‍ക്കാനുള്ള, പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള അവസരമാണിതെന്ന് ഡോ. ഡോം പറയുമ്പോള്‍ സിപിഐഎമ്മിനുള്ളിലെ മാറുന്ന രാഷ്ട്രീയ തന്ത്രങ്ങള്‍ തന്നെയാകും അദ്ദേഹം മനസില്‍ കാണുക.