താഹിറിനെയും നാസറിനെയും ചരല്‍ ഫൈസലിനെയും പുറത്താക്കിയിരുന്നുവെന്ന് എസ്ഡിപിഐ; രാമനാട്ടുകര അപകട മരണത്തില്‍ കൂടുതല്‍ അന്വേഷണം നടന്നേക്കും

കോഴിക്കോട്: രാമനാട്ടുകര അപകടമരണത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിയേക്കും. അപകടത്തില്‍ മരിച്ച ചിലര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നാണ് സൂചന. ഈ സംഘത്തിലെ അംഗങ്ങള്‍ നിരവധി കേസുകളില്‍ പ്രതികളാണെന്ന് ചെര്‍പ്പുളശേരി പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെ 4.45നായിരുന്നു രാമനാട്ടുകരയില്‍ വെച്ച് ബൊലേറോയും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബൊലേറോയില്‍ ഉണ്ടായിരുന്ന ചെര്‍പ്പുളശേരി, പട്ടാമ്പി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്.

ചരല്‍ ഫൈസല്‍ എന്നൊരാള്‍ ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നുവെന്നാണ് വിവരം. ഇയാള്‍ക്കൊപ്പം എസ്‌കോര്‍ട്ട് പോയതായിരുന്നു ഈ സംഘം. നിരവധി കേസുകളില്‍ പ്രതിയാണ് ചരല്‍ ഫൈസല്‍. ഇയാളുടെ നേതൃത്വത്തിലാണ് ഈ സംഘം പ്രവര്‍ത്തിച്ചിരുന്നത്. നിരവധി അടിപിടി കേസുകളില്‍ ഇവര്‍ പ്രതികളാണ് ചെര്‍പ്പുളശേരി പൊലീസ് പറഞ്ഞു.

വീടുകയറി ആക്രമിക്കല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകളില്‍ പ്രതിയായിരുന്നു താഹിര്‍. നാസറിനെതിരെയും കേസ് ഉണ്ട്. ഇരുവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുള്ളതായി പൊലീസ് പറയുന്നു.

താഹിറും നാസറും ചരല്‍ ഫൈസലും എസ്ഡിപിഐയില്‍ പ്രവര്‍ത്തിച്ചിരുന്നു. കേസുകളില്‍ പ്രതികളായതിനെ തുടര്‍ന്ന് ഇവരെ നേരത്തെ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നുവെന്ന് എസ്ഡിപിഐ ജില്ലാ നേതൃത്വം പറഞ്ഞു.

അപടകത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയമുണ്ടെന്ന് താഹിറിന്റെ മാതാപിതാക്കള്‍ പറയുന്നു. കൂടുതല്‍ ആലോചിച്ച ശേഷം പരാതി നല്‍കുമെന്നാണവരുടെ പ്രതികരണം.