‘പക്ഷം പിടിച്ച്’ നേതാക്കള്‍; ചെന്നിത്തല ഖാർഗെക്കൊപ്പം, നിലപാട് പരസ്യമാക്കുമെന്ന് സുധാകരന്‍

തിരുവനന്തപുരം: അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പക്ഷം വ്യക്തമാക്കി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. മല്ലിഗാ‍ജുന്‍ ഖാര്‍ഗേക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച രമേശ് ചെന്നിത്തല ഖാർഗെയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങും. പാർട്ടിയുടെ ഔദ്യോഗിക പദവിയൊന്നും വഹിക്കാത്ത സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് മാർഗനിർദേശം ചെന്നിത്തലയ്ക്ക് തടസമാകില്ല. ഒക്ടോബർ 7ന് ഗുജറാത്തിലും, 8ന് മഹാരാഷ്ട്രയിലും 9,10 ദിവസങ്ങളില്‍ ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും നടക്കുന്ന ഖാർഗെയുടെ പ്രചാരണങ്ങളില്‍ രമേശ് ചെന്നിത്തല പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

പാര്‍ട്ടി പ്രവര്‍ത്തന പരിചയവും പാരമ്പര്യവും പരിഗണിച്ചാണ് മല്ലികാർജ്ജുന്‍ ഖാർഗെക്ക് പിന്തുണ നല്‍കുന്നതെന്നും ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു. അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതിന് പാര്‍ട്ടി രംഗത്ത് പ്രവ‍ര്‍ത്തിച്ച മുൻകാല പരിചയം വേണം. അത് കൊണ്ടാണ് ഖാര്‍ഗെയെ പിന്തുണക്കുന്നതെന്നും മഹാഭൂരിപക്ഷം ഡെലിഗേറ്റുകളും ഖാര്‍ഗെയെ പിന്തുണക്കുമെന്നാണ് കരുതുന്നതെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. യുവനേതാക്കൾ ശശി തരൂരിനെ പിന്തുണക്കുന്നുണ്ടെങ്കില്‍ അത് അവരുടെ സ്വാതന്ത്ര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ ഏറ്റവുമധികം നീക്കങ്ങള്‍ നടത്തുന്നത് കേരളത്തില്‍നിന്നുള്ള നേതാക്കളെന്ന ശശി തരൂരിന്റെ ആരോപണത്തോടും ചെന്നിത്തല പ്രതികരിച്ചു. ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള മത്സരമാണിതെന്നും, അതില്‍ കേരളത്തിൽ നിന്ന് പിന്തുണയില്ലെന്ന രീതിയിൽ വിലയിരുത്തേണ്ടതില്ലെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. അതേസമയം, തരൂരിന്റെ ആരോപണത്തിലെ വാസ്തവം തനിക്ക് അറിയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പലരും പലനിലപാട് എടുക്കുന്നത് സ്വഭാവികമാണെന്ന് കെ. സുധാകരന്‍ പറഞ്ഞു. മനസാക്ഷി വോട്ട് എന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്നും മനസിലുള്ള ആ സ്ഥാനാർത്ഥി ആരാണെന്ന് പരസ്യമാക്കുന്നതില്‍ തെറ്റില്ലെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.

ചാനലില്‍ അഭിമുഖത്തിലാണ് തനിക്കെതിരെ സംസാരിക്കുവരില്‍ അധികവും കേരളത്തിലെ നേതാക്കളാണെന്ന് തരൂർ പറഞ്ഞത്. ഇത്രയധികം വിരോധം വേറെയെവിടെനിന്നും കേട്ടിട്ടില്ല. എല്ലാവര്‍ക്കും അവരവരുടെ അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ നേതാക്കളാണോ എതിർപ്പുയർത്തുന്നത് എന്ന ചോദ്യത്തിന് മറുപടിയായി ആയിരുന്നു തരൂരിന്റെ പ്രതികരണം.