ഐ ഗ്രൂപ്പില്‍ വിള്ളലോ? പിറ്റേന്ന് നേരം വെളുത്തപ്പോള്‍ താന്‍ കൈപിടിച്ച് വളര്‍ത്തിയവര്‍ തന്നെ തള്ളിപ്പറഞ്ഞെന്ന് ചെന്നിത്തല; ‘ഹൈക്കമാന്‍ഡിന് മുന്‍വിധികളുണ്ടായിരുന്നില്ല’

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ സ്വന്തം വിശ്വസ്തര്‍ വരെ തന്നെ തള്ളിപ്പറഞ്ഞെന്ന് രമേശ് ചെന്നിത്തല. ഹൈക്കമാന്‍ഡ് അഭിപ്രായം ചോദിക്കുമ്പോള്‍ ആര്‍ക്കും സ്വന്തം അഭിപ്രായം പറയാം. എന്നാല്‍, തന്നോടൊപ്പമാണെന്ന് തലേന്ന് രാത്രിവരെ പറഞ്ഞ ചില എംഎല്‍എമാര്‍ നേരം വെളുത്തപ്പോള്‍ തന്നെ തള്ളിപ്പറഞ്ഞു. അത് തന്നെ ഞെട്ടിച്ചെന്നും ചെന്നിത്തല പറഞ്ഞതായി മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. മാതൃഭൂമിക്ക് നല്‍കിയ ആഭിമുഖത്തില്‍ വിഡി സതീശന്റെ പേരുവന്നതോടുകൂടി ഐ ഗ്രൂപ്പില്‍ വിള്ളല്‍ വീണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ കൈപിടിച്ച് വളര്‍ത്തിയവര്‍ അക്കൂട്ടത്തിലുണ്ട്. ഞാന്‍ കണ്ണടച്ച് വിശ്വസിച്ചവരുണ്ട്. ചില ഘടകകക്ഷികളെപ്പോലും പിണക്കിയിട്ടും സീറ്റ് നല്‍കിയവരുണ്ട്. ഒരു സുപ്രഭാതത്തില്‍ അവരെന്നെ തള്ളിപ്പറഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല’, ചെന്നിത്തല പറഞ്ഞു.

സ്വതന്ത്രമായ നിലപാടെടുക്കാം. പക്ഷേ, അത് തുറന്നുപറയാനുള്ള ആര്‍ജ്ജവവും സത്യസന്ധതയും അവര്‍ കാണിക്കേണ്ടിയിരുന്നു. തന്നോടൊപ്പമാണെന്ന് തന്നെ വിശ്വസിപ്പിക്കുകയും ഹൈക്കമാന്‍ഡിനോട് മറ്റൊരു പേര് പറയുകയും ചെയ്യുന്നത് വിശ്വാസവഞ്ചനയാണെന്നും അദ്ദേഹം തുറന്നടിച്ചു. കെ കരുണാകരനുമായി തനിക്കും ജി കാര്‍ത്തികേയനും എംഐ ഷാനവാസിനുമുണ്ടായിരുന്ന അടുപ്പവും തങ്ങള്‍ വിയോജിപ്പുകള്‍ പ്രകടിപ്പിച്ചിരുന്ന രീതിയും ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

Also Read: ബിജെപിക്ക് തിരിച്ചടി; മുന്‍ മന്ത്രിമാരായ സുനില്‍ ദേശ്മുഖും സഞ്ജയ് ദേശ്മുഖും കോണ്‍ഗ്രസിലേക്ക്

പ്രതിപക്ഷ നേതൃസ്ഥാനത്ത് മാറ്റം വരണമെന്ന് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നുണ്ടോ എന്ന് കഴിയുന്ന വിധത്തിലെല്ലാം തങ്ങള്‍ തിരക്കിയിരുന്നെന്നും ചെന്നിത്തല പറയുന്നു. ഉമ്മന്‍ ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ വീട്ടില്‍പോയിക്കണ്ട് ഇക്കാര്യം ചോദിച്ചു. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വന്നപ്പോഴും ഹൈക്കമാന്‍ഡ് മാറ്റമാഗ്രഹിക്കുന്നുണ്ടോ എന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു. മുന്‍വിധികളൊന്നുമില്ലെന്നായിരുന്നു മറുപടികളെന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഇത്രവലിയ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.