‘കോണ്‍ഗ്രസും യുഡിഎഫും കൂടുതല്‍ കരുത്തോടെ തിരികെ വരും’; ജനാധിപത്യത്തില്‍ തോല്‍വിയും വിജയവും സ്വാഭാവികമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസും യുഡിഎഫും കൂടുതല്‍ കരുത്തോടെ തിരികെ വരുമെന്നും അദ്ദേഹം പറഞ്ഞു.

പരാജയ കാരണങ്ങള്‍ യുഡിഎഫ് യോഗം ചേര്‍ന്ന് വിലയിരുത്തും.എവിടെയാണ് പാളിച്ച ഉണ്ടായതെന്ന് പരിശോധിക്കും. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ അഴിമതിയും കൊളളയും യു.ഡിഎഫ് പുറത്തുകൊണ്ടുവന്നിരുന്നു. അതൊക്കെ ഇല്ലാതായെന്നു ഈ വിജയം കൊണ്ട് കരുതണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സര്‍ക്കാരിന് പലഘട്ടത്തിലും തിരുത്തേണ്ടതായിട്ട് വന്നിട്ടുണ്ട്. സര്‍ക്കാരിന്റെ തെറ്റുകളെ തിരുത്തുക എന്നത് പ്രതിപക്ഷത്തിന്റെ കടമയാണ്.
പ്രതിപക്ഷ ധര്‍മം ഭംഗിയായി നിര്‍വഹിക്കുവാന്‍ യുഡിഎഫിന് സാധിച്ചിട്ടുണ്ട്. ജനാധിപത്യത്തില്‍ തോല്‍വിയും വിജയവും സ്വാഭാവികമാണ് .വിജയിച്ച് നിയമസഭ സാമാജികരായ എല്ലാവരേയും അഭിനന്ദിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അപ്രതീക്ഷിതമായ ഈ പരാജയത്തിന് കാരണമായ വിഷയങ്ങളെ കുറിച്ച് പഠിച്ചശേഷം നടപടികളെടുക്കും. യുഡിഎഫിന് വോട്ടു ചെയ്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. കോണ്‍ഗ്രസും യു ഡി എഫും കൂടുതല്‍ കരുത്തോടെ തിരികെ വരുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.