‘ഉമ്മന്‍ ചാണ്ടിയെ നിയമിച്ചു, ഹിന്ദു വോട്ടുകള്‍ നഷ്ടമായി’; സോണിയാ ഗാന്ധിക്കെഴുതിയ കത്തില്‍ രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള മേല്‍നോട്ട സമിതിയുടെ അധ്യക്ഷനായി നിയമിച്ചത് തിരിച്ചടിയായെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തിലാണ് രമേശ് ചെന്നിത്തല ഇങ്ങനെ പറയുന്നത്.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ താന്‍ അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ചെങ്കിലും തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ അധ്യക്ഷനായി കൊണ്ടുവന്നത്. അദ്ദേഹം പോലും ഈ പദവി ആഗ്രഹിച്ചിരുന്നില്ലെന്നും കത്തില്‍ പറയുന്നു.

ഈ നടപടിയിലൂടെ താന്‍ ഒതുക്കപ്പെടുകയും അപമാനിതനാവുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. പക്ഷെ ഒരു പരാതിക്കും ഇടകൊടുക്കാതെ ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുകയാണ് താന്‍ ചെയ്തത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടുകള്‍ നഷ്ടപ്പെടുന്നതിന് ഹൈക്കമാന്‍ഡിന്റെ ഈ നീക്കം കാരണമായെന്നും കത്തിലുണ്ട്.

പ്രതിപക്ഷ നേതാവ് പദവിയില്‍ നിന്ന് തന്നെ മാറ്റുമെന്ന് നേരത്തെ തന്നെ പറയാമായിരുന്നു. തീരുമാനം നേരത്തെ അറിയിച്ചിരുന്നുവെങ്കില്‍ താന്‍ പിന്മാറുമായിരുന്നുവെന്നും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ താന്‍ അപമാനിതനായി. സര്‍ക്കാരിനെതിരായ തന്റെ പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തനിക്ക് പിന്തുണ ലഭിച്ചില്ലെന്നും രമേശ് ചെന്നിത്തല പറയുന്നു.

പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ രമേശ് ചെന്നിത്തലയും ഉണ്ടായിരുന്നു. എ ഗ്രൂപ്പ് രമേശ് ചെന്നിത്തലയെ പിന്തുണച്ചിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡ് വിഡി സതീശനെ പ്രതിപക്ഷ നേതാവായി തീരുമാനിക്കുകയായിരുന്നു.