‘മുഖ്യമന്ത്രിയുടെ വാക്കുകള്‍ നിലവാരത്തിന് ചേരാത്തത്’; വാര്‍ത്താ സമ്മേളനം വിവാദങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:വാര്‍ത്ത സമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ നിലവാരത്തിന് ചേരാത്തതാണെന്ന് രമേശ് ചെന്നിത്തല. വാര്‍ത്ത സമ്മേളനം വിവാദങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്ത സമ്മേളനം വിവാദങ്ങള്‍ക്ക് ഉപയോഗിക്കരുത്. ഇത് മരംമുറി വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബ്രണ്ണന്‍ കോളേജിലെ പഠനകാലത്ത് പിണറായി വിജയനെ ചവിട്ടിവീഴ്ത്തുകയും തല്ലിയോടിക്കുകയും ചെയ്തിട്ടുണ്ടെന്ന കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകന്റെ പരാമര്‍ശത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു. ഇത്രയും പൊങ്ങച്ചം പാടുണ്ടോയെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. സുധാകരന്റെ പരാമര്‍ശം സ്വപ്നാടനം മാത്രമാണ്. പിണറായി വിജയനെ ചവിട്ടി വീഴ്ത്തണമെന്ന സ്വപ്നമുണ്ടാകും. സുധാകരന്‍ പറയുന്നത് വസ്തുതാ വിരുദ്ധമായ കാര്യമാണ്. കെ സുധാകരനെ വിദ്യാര്‍ത്ഥികള്‍ അര്‍ദ്ധ നഗ്‌നനാക്കി ബ്രണ്ണന്‍ കോളേജ് ചുറ്റിച്ചിട്ടുണ്ട്. മക്കള്‍ സ്‌കൂള്‍ കുട്ടികളായിരുന്ന സമയത്ത് അവരെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ ആലോചിച്ചിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞത്

പല മോഹങ്ങള്‍ സുധാകരനുണ്ടായിട്ടുണ്ട്. ഒരു ദിവസം അതി രാവിലെ സുധാകരന്റെ ഒരു സുഹൃത്ത് എന്നെ കാണാന്‍ വീട്ടിലെത്തി. എനിക്ക് ആശ്ചര്യമായി. ഇയാള്‍ സാധാരണ ഇങ്ങനെ വരേണ്ട ഒരാളല്ല. വലിയ രാഷ്ട്രീയ ശത്രുവായി നില്‍ക്കുന്നയാളാണ്. കണ്ണൂരിന്റെ ഒരു രീതിയുമുണ്ടല്ലോ. അദ്ദേഹം മരിച്ചുപോയി, പേര് ഞാന്‍ പറയുന്നില്ല. അദ്ദേഹം സുധാകരന്റെ ഫൈനാന്‍സിയര്‍ കൂടിയായിരുന്നു. വളരെ രഹസ്യമാണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം തുടങ്ങി.

‘നിങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ ചിരിക്കുമെന്ന് എനിക്കറിയാം. സുധാകരനും ഞാനും സുഹൃത്തുക്കളൊക്കെ തന്നെ. പക്ഷെ, സുധാകരന്‍ വലിയ പ്ലാനുമായിട്ടാണ് നടക്കുന്നത്. നിങ്ങളുടെ കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള പരിപാടിയുണ്ട്. ഞാന്‍ സുധാകരനോട് പറഞ്ഞിട്ടുണ്ട്, ഇത് പഞ്ചാബൊന്നുമല്ല, വേണ്ടാത്ത കാര്യത്തിന് മെനക്കെടരുതെന്ന്. അങ്ങനെ വന്നാല്‍ ഇവിടെ കത്തും എന്ന്. പക്ഷെ, അവന്റെ രീതിവെച്ച് എനിക്ക് ഒരു വിശ്വാസം വരുന്നില്ല. അതുകൊണ്ടാണ് നിങ്ങളെ അറിയിക്കുന്നത്.’

ഞാനയാളുടെ പേര് വിളിച്ചു. എന്നിട്ട് സംസാരിച്ചു. എനിക്കിതിലിപ്പോള്‍ എന്താണ് ചെയ്യാന്‍ പറ്റുക. ആരോടെങ്കിലും പറയാന്‍ പറ്റുമോ? ‘വരുന്നിടത്ത് കാണാം’ എന്ന് പറഞ്ഞു. ഞാന്‍ ഒരാളോട് പോലും ഇത് പറഞ്ഞില്ല.

എനിക്ക് ഭാര്യയോട് പറയാന്‍ പറ്റുമോ? ഭാര്യയ്ക്ക് മനസമാധാനമുണ്ടാകുമോ? രണ്ട് കുട്ടികളുടേയും കൈ പിടിച്ച് സ്‌കൂളില്‍ പോകുന്ന കാലമാണ്. മകന്‍ തലശ്ശേരി സെന്റ് ജോസഫ്സ് സ്‌കൂളിലും മകള്‍ അവിടുത്തെ കോണ്‍വെന്റിലും. സെന്റ് ജോസഫിലാണ് ഭാര്യ പഠിപ്പിക്കുന്നത്. ബസിറങ്ങി കൈപിടിച്ചാണ് കുട്ടികളെ കൊണ്ടുപോകുന്നത്. ഞാന്‍ ഒരാളോടും പറയാന്‍ പോയില്ല. ഇതെല്ലാം കടന്നുവന്നതാണ്. മോഹങ്ങള്‍ പലതമുണ്ടായിട്ടുണ്ടാകും. ആ മോഹങ്ങള്‍ കൊണ്ടൊന്നും വിചാരിക്കുന്നതുപോലെ വിജയനെ വീഴ്ത്താന്‍ കഴിയില്ല എന്നത് സുധാകരന്റെ അനുഭവമാണ്.

പിന്നെ സുധാകരന്റെ രാഷ്ട്രീയ നിലപാട്. മൂന്ന് വര്‍ഷം മുന്‍പ് അദ്ദേഹം പറഞ്ഞ കാര്യമുണ്ട്. ഇപ്പോ ആ നിലപാടില്‍ നില്‍ക്കുന്നുണ്ടോയെന്ന് എനിക്കറിയില്ല. എന്നാല്‍ അതിന്റേതായ ചില തികട്ടലുകള്‍ ഇപ്പോഴും വന്നിട്ടുണ്ട്. ‘ബിജെപിയുമായി യോജിച്ചുപോകാന്‍ സാധിക്കുമെന്ന് തോന്നിയാല്‍ ഞാന്‍ പോകും. അതില്‍ തര്‍ക്കമെന്താ?’ ഇപ്പോള്‍ പറയുന്നു കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു സിപിഐഎമ്മാണെന്ന്. ഇതല്ലേ സുധാകരന്റെ വാക്ക്. പറയാന്‍ പാടില്ലാത്തത് പല കാര്യങ്ങളും ഞാന്‍ ഇന്ന് പറഞ്ഞു. അതിലെനിക്ക് ദു:ഖമുണ്ട്. പക്ഷെ പറയാതിരിക്കുന്നത് ഇനിയെങ്കിലും ഔചിത്യമല്ല എന്ന് കരുതിയാണ് പറഞ്ഞത്.

കെ സുധാകരന് അങ്ങനെയൊരു സ്വപ്നമോ മോഹമോ ഉണ്ടായിക്കാണും. എന്നെ കിട്ടിയാലൊന്ന് തല്ലാമെന്നും വേണമെങ്കില്‍ ചവിട്ടിവീഴ്ത്താമെന്നും അദ്ദേഹം മനസില്‍ കണ്ടിട്ടുണ്ടാകും. വസ്തുവിരുദ്ധമായ കാര്യങ്ങളാണ് സുധാകരന്‍ പറയുന്നത്.

ഈ പറയുന്ന സംഭവം നടക്കുന്ന കാലത്ത് ഞാന്‍ കെഎസ്എഫിന്റെ സംസ്ഥാന ഭാരവാഹിയാണ്. അന്നേ ദിവസം സംഘടന ക്ലാസ് ബഹിഷ്‌കരണം ആഹ്വാനം ചെയ്തിരുന്നു. അന്നൊരു പരീക്ഷയുണ്ട്. ഞാന്‍ ആ പരീക്ഷ എഴുതേണ്ടയാളാണ്. നേരത്തെ ഇങ്ങനെയൊരു പരീക്ഷ ബഹിഷ്‌കരണം ആഹ്വാനം ചെയ്ത കെഎസ്യു നേതാവ്. അദ്ദേഹവും ഇന്ന് കേരളത്തിലെ പ്രമുഖനായ നേതാവാണ്. പോയി പരീക്ഷ എഴുതിയ സംഭവം അന്നുണ്ടായിരുന്നു. ആ നടപടിയെ വിമര്‍ശിച്ചയാളായതുകൊണ്ട് എന്റെ പരീക്ഷ എഴുതേണ്ട എന്ന് ഞാന്‍ തീരുമാനിച്ചു.

പക്ഷേ പരീക്ഷാ ദിവസം കോളേജില്‍ വരാതിരുന്നതിനാല്‍ അസുഖമായിട്ട് എഴുതിയില്ല എന്നും പറയാം. അതിനാല്‍ ഞാന്‍ അന്നേ ദിവസം കോളേജില്‍ പോയിട്ടും പരീക്ഷയില്‍ നിന്ന് വിട്ടു നിന്നു. പരീക്ഷയ്ക്ക് എതിരായ സമരം നടക്കുന്നുണ്ട്. അന്ന് സമരത്തിന് ആഹ്വാനം ചെയ്ത കെഎസ്എഫും അതിനെ തടഞ്ഞ കെഎസ്യുവും തമ്മില്‍ സംഘര്‍ഷമാണ്. അപ്പോഴാണ് വല്ലാത്ത സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്. അന്ന് സുധാകരന്‍ ആ കൂട്ടത്തിലുണ്ട്. അയാളെ എനിക്ക് അതിനു മുന്‍പ് അറിയില്ല. ഞാന്‍ കോളേജ് വിട്ട സമയമാണത്. പരീക്ഷ എഴുതായി വന്നതാണ്. കോളേജ് വിട്ട ആളെന്ന നിലയ്ക്ക് തിരിച്ചു ചെല്ലുമ്പോള്‍ എനിക്ക് ആ പരിമിതിയുണ്ട്.

എന്റെ മനസില്‍ ഈ സംഘര്‍ഷത്തില്‍ കോളേജ് വിട്ടയാളായ ഞാന്‍ ഇടപെടാന്‍ പാടില്ല എന്നാണ്. പക്ഷേ സംഗതി കൈവിട്ടു പോയി. സംഘര്‍ഷം മൂര്‍ച്ചിച്ഛപ്പോള്‍ ഈ ചെറുപ്പക്കാരന് നേരെ പ്രത്യേക രീതിയിലൊരു ആക്ഷന്‍ ഞാനെടുത്തു. അയാളെ തല്ലിയില്ല, തൊട്ടില്ല പകരം ശക്തമായി കൈ രണ്ടും കൂട്ടിയിടച്ചു. ഒരു സംഘര്‍ഷ സ്ഥലത്ത് വച്ചുണ്ടാവുന്ന ശബ്ദമാണ് എന്നോര്‍ക്കണം. അന്നേരം ഈ വിദ്യാര്‍ത്ഥി നേതാവിന്റെ ഗുരുവും എന്റെ സുഹൃത്തുമായ ബാലന്‍ ഓടിയെത്തി. അയ്യോ വിജയാ ഒന്നും ചെയ്യല്ലേ എന്നു പറഞ്ഞാണ് ബാലന്‍ വന്നത്. അയാളെന്നെ പിടിച്ചു. പിടിച്ചു കൊണ്ടു പോടാ, ആരാ ഇവന്‍? എന്നു ഞാന്‍ ബാലനോട് ചോദിച്ചു. അന്നേരം അവിടെ ഉണ്ടായിരുന്നവര്‍ ഈ ചെറുപ്പക്കാരനെ പിടിച്ചു കൊണ്ടുപോയി.

ഇതാണ് സംഭവിച്ചത്. സുധാകരന്‍ ഇപ്പോള്‍ മനസിലാക്കിക്കോ, അന്ന് അവിടെ അതു നിന്നത് ബ്രണ്ണന്‍ കോളേജ് വിട്ട ശേഷം അവിടെ പരീക്ഷ എഴുതാന്‍ വന്നയാളായിരുന്നു ഞാന്‍ എന്നത് കൊണ്ട് മാത്രമാണ്. ബാക്കിയെല്ലാം അദ്ദേഹത്തിന്റെ മനസിന്റെ കണക്കുകൂട്ടലാണ്. പിന്നെ മറ്റൊരു കാര്യം, ഏതോ ഒരു ഫ്രാന്‍സിസിന്റെ കാര്യം അദ്ദേഹം പറയുന്നുണ്ട്. ഫ്രാന്‍സിസ് കത്തിയും കൊണ്ടാണ് എപ്പോഴും നടക്കുക എന്നാണ് പറയുന്നത്. ഫ്രാന്‍സിസ് വേദിയിലേക്ക് കേറി മൈക്ക് എടുത്ത് എന്റെ തലയ്ക്ക് അടിച്ചു. ഞാന്‍ മാറിയത് കൊണ്ട് രക്ഷപ്പെട്ടു. അപ്പോള്‍ ഇവരെല്ലാം കൂടി വന്ന് എന്നെ അടിച്ചു വീഴ്ത്തി എന്നാണ് കഥ. ഇതും അദ്ദേഹത്തിന്റെ മോഹമാവും. ഞാന്‍ കോളേജ് വിടും വരെ ഫ്രാന്‍സിസ് എന്നൊരാള്‍ അവിടെയില്ല. എന്റെ ശരീരത്തില്‍ തൊടണമെന്ന് ആഗ്രഹിക്കുന്ന പല ആള്‍ക്കാരും അവിടെയുണ്ടായിട്ടുണ്ടാവും. പക്ഷേ ആരും എന്റെ അടുത്തേക്ക് വന്നിട്ടില്ല. നേരത്തെ പൊലീസ് ചെയ്തത് മാത്രമേയുള്ളൂ.

കളരി പഠിച്ചിട്ടല്ല, ഞാന്‍ എന്റെ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ് എല്ലാക്കാലത്തും ഞാന്‍ നിന്നത്. ബ്രണ്ണന്‍ കോളേജില്‍ കെഎസ്യുവിന് മൃഗീയ ആധിപത്യമുള്ള കാലത്താണ് ഞാന്‍ അവിടെ ചെന്നത്. എന്തിനും പോന്ന ഒരു വലിയ നിര അന്നവിടെ ഉണ്ടായിരുന്നു. സുധാകരനേക്കാള്‍ തടിമിടുക്കുള്ളവര്‍ അവിടെയുണ്ടായിരുന്നു. അവരുടെയൊക്കെ മുന്നില്‍ കൂടിയാണ് ഞാന്‍ പ്രവര്‍ത്തിച്ചു വന്നത്. അതിന്റെയൊക്കെ ഒരുപാട് കഥയുണ്ട്. ബ്രണ്ണന്‍ കോളേജില്‍ എന്താണ് നടന്നതെന്ന് അറിയാവുന്ന നിരവധി പേര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. എല്ലാവര്‍ക്കും അറിയാവുന്നതാണ് ഇതൊക്കെ. എങ്ങനെയാണ് ഇത്രയും പൊങ്ങച്ചം പറയാന്‍ പറ്റുന്നത്. എന്ത് ആവശ്യത്തിനാണ് ഇതെല്ലാം പറയുന്നത്?

കെ സുധാകരന്‍ പറഞ്ഞത്

”എസ് എഫ് ഐ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച ദിവസമാണ് പിണറായി ബ്രണ്ണനിലെത്തിയത്. ആ സമരം പൊളിക്കാനായിരുന്നു കെ എസ് യുവിന്റെ പ്ലാന്‍. രണ്ടാം വര്‍ഷ വിദ്യാര്‍ഥികളെ ക്ലാസിലിരുത്തി ക്ലാസെടുക്കുകയായിരുന്നു. ഈ സമയം എ കെ ബാലന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ സംഘടിച്ചു വന്നു. ഞാന്‍ രണ്ടാം നിലയിലെ കോണിപ്പടിയില്‍ നില്‍ക്കുകയായിരുന്നു. ബാലന്‍ ഉള്‍പ്പെടെ എല്ലാവരേയും കെ എസ് യുക്കാര്‍ തല്ലിയോടിച്ചു. പരീക്ഷ ഹാളിലായിരുന്ന പിണറായി വിജയന്‍ സഖാക്കളുടെ സഹായത്തിന് ഓടിയെത്തി. രണ്ടാം നിലയിലേക്ക് ഓടിക്കയറിവന്ന പിണറായി നീയേതാടാ ധാരാ സിങ്ങോ എന്ന് ചോദിച്ചു. ഞാന്‍ കളരി പഠിക്കുന്ന സമയമായിരുന്നു അത്. കോണിപ്പടിക്ക് ഇരുവശവും ഉണ്ടായിരുന്നവര്‍ ആര്‍പ്പു വിളിച്ചു. ഒന്നും ആലോചിച്ചില്ല. ഒറ്റ ചവിട്ട്. വീണുപോയ പിണറായിയെ എന്റെ പിള്ളേര്‍ വളഞ്ഞിട്ടു തല്ലി. പൊലീസ് എത്തിയാണ് പിണറായി വിജയനെ എടുത്തുകൊണ്ടു പോയത്.’

ക്യാമ്പസില്‍ എപ്പോഴും കത്തിയുമായി നടക്കുന്ന ഫ്രാന്‍സിസ് എന്ന കെഎസ്യു പ്രവര്‍ത്തകനേക്കുറിച്ചും സുധാകരന്‍ പറയുന്നുണ്ട്. ”ഒരിക്കല്‍ എസ് എഫ് ഐ പ്രവര്‍ത്തകരെ ഫ്രാന്‍സിസ് മര്‍ദ്ദിച്ചു. പിന്നാലെ പിണറായി വിജയന്റെ നേതൃത്വത്തില്‍ സമരം നടന്നു. ഇതിനിടെ പിണറായി ഫ്രാന്‍സിസിന്റെ അരയിലെ പിച്ചാത്തിയെക്കുറിച്ച് പറഞ്ഞു. പേരാമ്പ്രയില്‍ നിന്ന് വന്ന് വിലസി നടക്കുന്ന ഒരു കെ എസ് യുക്കാരന്റെ അരയിലൊരു പിച്ചാത്തിയുണ്ടുപോലും -പിണറായി പറഞ്ഞു തുടങ്ങിയതും ഫ്രാന്‍സിസ് ചാടിയെഴുന്നേറ്റ്, മുണ്ട് മടത്തിക്കുത്തി സ്റ്റേജിലെത്തിയതും ഒപ്പം മൈക്കെടുത്ത് പിണറായിയെ ഒറ്റയടി. ഒഴിഞ്ഞു മാറിയില്ലായിരുന്നെങ്കില്‍ പിണറായിയുടെ തല പിളര്‍ന്നുപോകുമായിരുന്നു. പിന്നെ ഞങ്ങളെല്ലാവരും കൂടി പിണറായിയെയും സംഘത്തെയും അടിച്ചോടിച്ചു. ഇത്തരം അടിയും തിരിച്ചടിയും അന്ന് പതിവാണ്. ‘