‘ബിജെപി അക്കൗണ്ട് പൂട്ടിയതും മുന്നേറ്റം തടഞ്ഞതും കോണ്‍ഗ്രസ്’; ബിജെപിയും സിപിഐഎമ്മുമാണ് വോട്ട് കച്ചവടം നടത്തിയതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചതും മുന്നേറ്റം തടഞ്ഞതും കോണ്‍ഗ്രസാണെന്ന് രമേശ് ചെന്നിത്തല. ബിജെപിയുമായി വോട്ട് കച്ചവടം നടത്തിയത് സിപിഐഎമ്മാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ നടന്നത് സിപിഐഎം ബിജെപി ഡീലാണ്. 69 മണ്ഡലങ്ങളില്‍ ബിജെപിയുമായി സിപിഐഎം വോട്ട് കച്ചവടം നടത്തി. മുഖ്യമന്ത്രിയുടെ ആരോപണം വോട്ട് കച്ചവടം മറക്കാനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബിജെപിയുമായി കോണ്‍ഗ്രസ് വോട്ടുകച്ചവടം നടത്തിയെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. വോട്ടെണ്ണല്‍ ദിവസം വരെ യുഡിഎഫിനുണ്ടായിരുന്ന ആത്മവിശ്വാസത്തിന് പിന്നില്‍ ഈ കച്ചവടമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പത്തോളം സീറ്റുകളില്‍ വോട്ട് മറിച്ചതിന്റെ ഭാഗമായി യുഡിഎഫിന് ജയിക്കാനായി. അതില്ലായിരുന്നുവെങ്കില്‍ യുഡിഎഫിന്റെ പതനം ഇതിനേക്കാള്‍ വലുതാകുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍കോട്-2, കണ്ണൂര്‍-5, വയനാട്-2, കോഴിക്കോട്-9, മലപ്പുറം-9,പാലക്കാട്-5, തൃശൂര്‍-6, എറണാകുളം-12, ഇടുക്കി-5, ആലപ്പുഴ-6, കോട്ടയം-9, പത്തനംതിട്ട-5, കൊല്ലം-5, തിരുവനന്തപുരം-10 എന്നീ മണ്ഡലങ്ങളിലാണ് ബിജെപിക്ക് വോട്ടു കുറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.