മുന്നില്‍ വന്ന് ചിരിക്കുന്നവരെല്ലാം സ്‌നേഹിതന്മാരല്ലെന്ന് നേതാക്കളുടെ വേദിയില്‍ ചെന്നിത്തലയുടെ ഒളിയമ്പ്; എനിക്കത് നേരത്തെ മനസിലായെന്ന് മുരളീധരന്റെ മറുവെട്ട്

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്റെ സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ നേതാക്കള്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുകഴ്ത്തി സംസാരിക്കുന്നവരും ചിരിച്ച് മുന്നില്‍നില്‍ക്കുന്നവരുമെല്ലാം സുഹൃത്തുക്കളാണെന്ന് സുധാകരന്‍ കരുതരുതെന്നും സ്വന്തം അനുഭവത്തില്‍നിന്നാണ് ഇത് പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.

സിപിഐഎം തനിക്കെതിരെ നടത്തിയ വിമര്‍ശനങ്ങളില്‍ പാര്‍ട്ടിയുടെ പിന്തുണയോ സംരക്ഷണമോ തനിക്ക് ലഭിച്ചില്ല. സുധാകരനെ ബിജെപിക്കാരനായി സിപിഐഎം ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ അതിനെതിരെ പ്രതികരിച്ചു. തനിക്കെതിരെ നേരത്തെ ഇതേ തരത്തിലുള്ള ആരോപണമുണ്ടായപ്പോള്‍ അതിനെ എതിര്‍ക്കാന്‍ പാര്‍ട്ടിയില്‍നിന്നാരും വന്നില്ല. അന്നനുഭവിച്ച വേദന അറിയുന്നതുകൊണ്ടാണ് സുധാകരനുവേണ്ടി പ്രതികരിച്ചത്. പുകഴ്ത്തി സംസാരിക്കുന്നവരും മുന്നില്‍ വന്ന് ചിരിക്കുന്നവരുമെല്ലാം നമ്മുടെ സുഹൃത്തുക്കളാണെന്ന് സുധാകരന്‍ കരുതരുതെന്നും അദ്ദേഹം പറഞ്ഞു.

‘ഓര്‍മ്മവെച്ച കാലം മുതലേ കോണ്‍ഗ്രസില്‍ ജീവിച്ച ഞാന്‍ ബിജെപിക്കാരനാണെന്ന് പറഞ്ഞപ്പോള്‍ നമ്മുടെ പല സ്‌നേഹിതന്മാരും അതിനോടൊപ്പം ചേര്‍ന്ന് എനിക്കെതിരെ പോസ്റ്റുകളിട്ടത് ഞാന്‍ ഓര്‍ക്കുന്നു. ആ മനോവികാരം കൊണ്ടാണ് ഞാന്‍ സുധാകരന് വേണ്ടി സംസാരിച്ചത്. അതായിരിക്കണം നമ്മുടെ വികാരം. കെ സുധാകരനെതിരെ ഒരു അമ്പെയ്താല്‍ അത് എല്ലാവര്‍ക്കും കൊള്ളും എന്ന വിചാരം വേണം. അല്ലാതെ, അത് രമേശ് ചെന്നിത്തലയ്‌ക്കെതിരെ പറഞ്ഞതല്ലേ ഒന്നു താങ്ങിക്കളയാം എന്ന് കരുതിയാല്‍ കോണ്‍ഗ്രസ് രക്ഷപെടില്ല. നമ്മുടെ ശത്രുക്കള്‍ നമ്മള്‍ത്തന്നെയാണ്’, ചെന്നിത്തല വിശദീകരിച്ചു.

Also Read: ‘സെമി കേഡര്‍ സംവിധാനത്തിലേക്ക് കോണ്‍ഗ്രസ് മാറണം’; അന്ന് താന്‍ പറഞ്ഞത് സ്വന്തം പാര്‍ട്ടിക്കാര്‍പ്പോലും വിശ്വസിച്ചില്ലെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ മുല്ലപ്പള്ളി

ചെന്നിത്തലയുടെ വാക്കുകളെ ചിരിയോടെയാണ് വേദിയിലിരുന്ന നേതാക്കള്‍ കേട്ടത്. സുധാകരന്‍ ചെന്നിത്തലയെനോക്കി കൈ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു.

തുടര്‍ന്ന് സംസാരിച്ച കെ മുരളീധരന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടിട്ടുണ്ടെന്ന ചെന്നിത്തലയുടെ പരാമര്‍ശം ഏറ്റെടുത്ത് സംസാരിച്ചു. ‘ചെന്നിത്തലയ്ക്ക് പലതും ഇപ്പോഴാണ് മനസിലായത്. എനിക്ക് നേരത്തെ വ്യക്തമായിരുന്നു. ഞാന്‍ നേരത്തെ ഇതൊക്കെ അനുഭവിച്ചതുകൊണ്ടാണ് പലപ്പോഴും നിസംഗ ഭാവം സ്വീകരിച്ചത്. ഒന്നും വേണ്ടാ എന്ന് പറയുന്നത് കിട്ടിയിട്ടും വലിയ കാര്യമില്ലെന്ന് അറിയാവുന്നതുകൊണ്ടാണ്’, മുരളീധരന്‍ പറഞ്ഞു.

കെ സുധാകരന്‍ തലപ്പത്തെത്തുമ്പോള്‍ പ്രവര്‍ത്തകര്‍ക്ക് ഒരു ആവേശമുണ്ട്. അത് നല്ലതാണ്. താഴേത്തട്ടില്‍ പാര്‍ട്ടിക്ക് കമ്മിറ്റികളില്ല. അത് ശരിയാക്കാതെ മുന്നോട്ട് പോകാനാവില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.