‘സഹകരിച്ചും തിരുത്തിച്ചും ക്രിയാത്മക പ്രതിപക്ഷമായി ഉണ്ടാകും’; രമേശ് ചെന്നിത്തല

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കാന്‍ തയ്യാറെടുക്കുന്ന രണ്ടാം പിണറായി സര്‍ക്കാരിന് ആശംസകളര്‍പ്പിച്ച് രമേശ് ചെന്നിത്തല. പിണറായി വിജയനെ ഫോണില്‍ വിളിച്ച് ആശംസകള്‍ നേര്‍ന്നെന്നും സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കുന്നില്ലെന്നും ചെന്നിത്തല അറിയിച്ചു. സാധാരണക്കാരോടൊപ്പം ഓണ്‍ലൈനായി ചടങ്ങ് കാണും. സഹകരിച്ചും തിരുത്തേണ്ടവ തിരുത്തിച്ചും ക്രിയാത്മക പ്രതിപക്ഷമായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ രൂപം:

ഇന്ന് സത്യപ്രതിജ്ഞ ചെയ്തു കേരളത്തിന്റെ മുഖ്യമന്ത്രിയായി വീണ്ടും അധികാരമേല്‍ക്കുന്ന പിണറായി വിജയനെ ഫോണില്‍ വിളിച്ച് ആശംസകള്‍ നേര്‍ന്നു.

സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുന്നില്ല. അതേ സമയം കോവിഡ് വ്യാപനം അപകടകരമായ രീതിയില്‍ തുടരുന്നതിനാല്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കുന്നില്ല. കേരളത്തിലെ സാധാരണ ജനങ്ങളോടൊപ്പം ഓണ്‍ലൈനില്‍ ചടങ്ങ് കാണും.

സഹകരിക്കേണ്ട കാര്യങ്ങളില്‍ പൂര്‍ണമനസോടെ സഹകരിച്ചും തിരുത്തേണ്ടവ തിരുത്തിച്ചും ക്രിയാത്മക പ്രതിപക്ഷമായി ഉണ്ടാകും. കോവിഡ് ദുരിതം വിതച്ച ബുദ്ധിമുട്ടുകളെയും സാമ്പത്തിക പ്രതിസന്ധിയേയും മറികടന്ന് ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ പുതിയ സര്‍ക്കാരിന് കഴിയട്ടെ എന്നും ആശംസിക്കുന്നു.