എന്ത് കൊണ്ട് പരാജയപ്പെട്ടു?; അശോക് ചവാന്‍ സമിതിക്ക് മുമ്പില്‍ കാരണങ്ങള്‍ നിരത്തി രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പരാജയത്തിന്റെ കാരണങ്ങള്‍ അശോക് ചവാന്‍ സമിതിക്ക് മുമ്പില്‍ നിരത്തി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡും സംഘടന ദൗര്‍ബല്യവുമാണ് തോല്‍വിയ്ക്കിടയാക്കിയ പ്രധാന കാരണങ്ങളെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പരാജയത്തിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് കാരണം സര്‍ക്കാരിനെതിരായ കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ആയില്ല. അഴിമതികള്‍ തുറന്നുകാട്ടാന്‍ തനിക്ക് കഴിഞ്ഞു. അതിന് മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കി. എന്നാല്‍ അത് സംഘടന ദൗര്‍ബല്യം മൂലം താഴേ തട്ടിലേക്കെത്തിക്കാന്‍ കഴിഞ്ഞില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബൂത്ത് കമ്മറ്റികള്‍ പലതും നിര്‍ജ്ജീവമാണ്. സ്ലിപ് പോലും വീടുകളില്‍ എത്തിക്കാന്‍ ആയില്ല. ഭരണപക്ഷം പാര്‍ട്ടി പ്രവര്‍ത്തകരെ കൊവിഡ് സ്ന്നദ്ധ പ്രവര്‍ത്തകരാക്കി. അമിത് ഷായുടെ പൗരത്വ നിയമ പ്രസ്താവനയെ തുടര്‍ന്ന് കേന്ദ്രത്തില്‍ ഭരണം ഇല്ലാത്ത കോണ്‍ഗ്രസിനേക്കാള്‍ എല്‍ഡിഎഫിന് അനുകൂല ന്യൂനപക്ഷ വികാരം ഉണ്ടായി. മുസ്‌ലിം വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് മറിഞ്ഞുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നേരത്തെ തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് എഐസിസി നേതാവ് താരിഖ് അന്‍വര്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോണ്‍ഗ്രസിന്റെ ജില്ലാ ഘടകങ്ങള്‍ക്കുള്‍പ്പെടെ പ്രധാന പങ്കുണ്ടെന്നായിരുന്നു അതിലെ പ്രധാന വിലയിരുത്തല്‍. അഴിച്ചുപണി താഴെത്തട്ട് മുതല്‍ വേണമെന്ന ശുപാര്‍ശയും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഡിസിസികളടക്കം പുനസംഘടിപ്പിക്കാനുള്ള തീരുമാനം എഐസിസി തീരുമാനിച്ചിരുന്നു.

ഇതിന്റെ തുടര്‍ച്ചയായാണ് തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പരിശോധിക്കുന്നതിനും ജില്ലാ ഘടകകങ്ങളുടെ വീഴ്ച വിലയിരുത്തുന്നതിനും വേണ്ടി അശോക് ചവാന്‍ അധ്യക്ഷനായ സമിതിയെ എഐസിസി നിയോഗിച്ചത്.