പുതിയ ചുമതല? രമേശ് ചെന്നിത്തലയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കെപിസിസി തലപ്പത്തേക്ക് കെ സുധാകരന്‍ ചുമതലയേറ്റെടുത്തതിന് പിന്നാലെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് രാഹുല്‍ ഗാന്ധി. അടിയന്തിരമായി ഡല്‍ഹിയില്‍ എത്താനാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ചെന്നിത്തല മറ്റന്നാള്‍ ഡല്‍ഹിയിലേക്ക് തിരിക്കുമെന്നാണ് വിവരം.

ചെന്നിത്തലയെ കേന്ദ്രനേതൃത്വം പുതിയ ഉത്തരവാദിത്വം ഏല്‍പിക്കാനാണോ വിളിപ്പിച്ചിരിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കേന്ദ്രനേതൃത്വത്തിലേക്ക് മാറുമെന്ന ടതരത്തില്‍ നേരത്തെ വന്ന വാര്‍ത്തകള്‍ ചെന്നിത്തല തന്നെ നിഷേധിച്ചിരുന്നു.

തന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടി തന്നോടൊപ്പം നിന്നില്ലെന്ന ചെന്നിത്തലയുടെ പ്രസംഗത്തിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍. അതിനാല്‍ തന്നെ ചെന്നിത്തലെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സൂചനയുണ്ട്. പുകഴ്ത്തി സംസാരിക്കുന്നവരും മുമ്പില്‍ വന്ന് ചിരിക്കുന്നവരുമെല്ലാം സ്‌നേഹിതന്മാരാണെന്ന് കരുതരുതെന്നായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം.

Also Read: മുന്നില്‍ വന്ന് ചിരിക്കുന്നവരെല്ലാം സ്‌നേഹിതന്മാരല്ലെന്ന് നേതാക്കളുടെ വേദിയില്‍ ചെന്നിത്തലയുടെ ഒളിയമ്പ്; എനിക്കത് നേരത്തെ മനസിലായെന്ന് മുരളീധരന്റെ മറുവെട്ട്

പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്ന നടപടിയില്‍ താന്‍ അപമാനിതനായെന്ന് വ്യക്തമാക്കി നേരത്തെ ചെന്നിത്തല സോണിയാ ഗാന്ധിക്ക് കത്ത് നല്‍കിയിരുന്നു. പ്രതിപക്ഷ നേതാവ് പദവിയില്‍ നിന്ന് തന്നെ മാറ്റുമെന്ന് നേരത്തെ തന്നെ പറയാമായിരുന്നു. തീരുമാനം നേരത്തെ അറിയിച്ചിരുന്നുവെങ്കില്‍ താന്‍ പിന്മാറുമായിരുന്നു. തെരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ താന്‍ അപമാനിതനായി. സര്‍ക്കാരിനെതിരായ തന്റെ പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തനിക്ക് പിന്തുണ ലഭിച്ചില്ലെന്നും രമേശ് ചെന്നിത്തല കത്തില്‍ വ്യക്തമാക്കിയിരുന്നു.